വില്യാപ്പള്ളി ഇബ്രാഹിം മുസ്‌ലിയാര്‍: വിട വാങ്ങിയത് കര്‍മശാസ്ത്ര കുലപതി
വില്യാപ്പള്ളി ഇബ്രാഹിം മുസ്‌ലിയാര്‍: വിട വാങ്ങിയത് കര്‍മശാസ്ത്ര കുലപതി
കോഴിക്കോട്: ആരെയും അത്ഭുതപ്പെടുത്തുന്ന വാക്ചാതുരിയോടെ ഇസ്ലാമിക വിജ്ഞാന സദസ്സുകളില്‍ അറിവിന്റെ കുളിര്‍ മഴ പെയ്യിച്ച പണ്ഡിത പ്രതിഭയായിരുന്നു വില്യാപ്പള്ളി ഇബ്രാഹിം മുസ്‌ലിയാര്‍. കോഴിക്കോട് ജില്ലയുടെ വടക്കേയറ്റത്തെ വില്ല്യാപ്പള്ളി മലാറക്കല്‍ എന്ന കൊച്ചുഗ്രാമത്തില്‍ നിന്നും കേരളത്തിലെ അറിയപ്പെടുന്ന പണ്ഡിതനും വാഗ്മിയുമായി അദ്ദേഹം വളര്‍ന്നു. മൂന്ന് പതിറ്റാണ്ട് കാലം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറ അംഗമായിരുന്ന അദ്ദേഹം ഇസ്‌ലാമിക കര്‍മശാസ്ത്ര മേഖലയില്‍ അഗ്രഗണ്യനായിരുന്നു. അറിവിന്റെ സാഗരമായ അദ്ദേഹം സ്പര്‍ശിക്കാത്ത കര്‍മശാസ്ത്ര മേഖലകളില്ല.
ഇസ്‌ലാമിക കര്‍മശാസ്ത്രത്തിലെ സംശയങ്ങള്‍ ദൂരീകരിച്ച് സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും മഹല്ലുകള്‍ തോറും അദ്ദേഹം ക്ലാസെടുത്തു. സങ്കീര്‍ണമായ മസ്അലകള്‍ ഗ്രാമീണ ഭാഷാ ശൈലിയിലൂടെയും തമാശകളിലൂടെയും സദസ്സിന്റെ ഹൃദയങ്ങളിലേക്ക് അദ്ദേഹം പകര്‍ന്നു നല്‍കി. അദ്ദേഹത്തിന്റെ പ്രഭാഷണ സദസ്സുകള്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ ബാഹുല്യം കൊണ്ട് ശ്രദ്ധേയമായിരുന്നു.
രോഗശയ്യയിലാകുന്നതിന് മുമ്പു വരെ സ്ഥിരമായി നടത്തിയിരുന്ന കര്‍മശാസ്ത്ര ക്ലാസുകള്‍ മുടക്കമില്ലാതെ തുടര്‍ന്നു കൊണ്ടിരുന്നു. ആദ്യകാലങ്ങളിലൊക്കെ തുടര്‍ച്ചയായി നാല്‍പത് ദിവസം വരെ കര്‍മശാസ്ത്രത്തിലെ മസ്അലകള്‍ പറയുന്ന പ്രഭാഷണങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്.
വില്യാപ്പള്ളിയിലെ പ്രഗത്ഭ പണ്ഡിതരുടെ കീഴിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക മതപഠനം. വടക്കന്‍ കേരളത്തിലെ പ്രധാന ദര്‍സുകളില്‍ നിന്ന് ഇസ്ലാമിക വിജ്ഞാനത്തിന്റെ ആഴവും പരപ്പും അദ്ദേഹം സ്വായത്തമാക്കി. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബി കോളജിലെ പഠനത്തിന് ശേഷമാണ് അദ്ദേഹം നാടറിയുന്ന പണ്ഡിതനായി മാറിയത്.
വില്യാപ്പള്ളിയിലെ പറമ്പത്ത് കുഞ്ഞിമ്മൂസ്സ ഹാജിയുടെ സഹായത്തോടെയായിരുന്നു അദ്ദേഹം ജാമിഅ നൂരിയ്യയില്‍ പഠനത്തിന് പോയത്. മഹാ പണ്ഡിതരുടെ ശിക്ഷണത്തിലുള്ള ആ കോളജ് കാലം മറക്കാന്‍ കഴിയാത്തതും ജീവിതത്തില്‍ ഏറെ സ്വാധീനം ഉണ്ടാക്കിയതാണെന്നും അദ്ദേഹം എന്നും പറയാറുണ്ട്.
ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ജാമിഅയിലെ പ്രധാന ഉസ്താദുമാരായിരുന്നു. കോളജില്‍ പഠിക്കുന്ന കാലത്ത് തന്നെ ഉസ്താദുമാര്‍ പ്രഭാഷണ പരിപാടികളില്‍ പകരക്കാരനായി ഇബ്രാഹിം മുസ്‌ലിയാരെ അയച്ചിരുന്നു.
ജാമിഅ നൂരിയ്യയില്‍ നിന്ന് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ കരങ്ങളില്‍ നിന്നാണ് ഫൈസി ബിരുദം ഏറ്റുവാങ്ങിയത്. സമുദായത്തിന്റെ നായകരും പണ്ഡിത ശ്രേഷ്ഠരുമായിരുന്ന പി.എം.എസ്.എ പൂക്കോയ തങ്ങള്‍, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ല്യാര്‍, ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ബാഫഖി തങ്ങളില്‍ നിന്ന് സനദ് വാങ്ങിയത് ഏറെ അഭിമാനത്തോടെയാണ് അദ്ദേഹം ഓര്‍മിക്കാറുള്ളത്.
മലാറക്കല്‍ സ്രാമ്പി മലാറക്കല്‍ ജുമാ മസ്ജിദായി മാറിയതോടെ അദ്ദേഹം ഖാസിയായി അവരോധിതനായി. 1969 മുതലാണ് കേരളത്തിലെ വിവിധ ഹജ്ജ്, ഉംറ ഗ്രൂപ്പുകളുടെ ചീഫ് അമീറായി സേവനം ആരംഭിച്ചത്. കണ്ണിയത്ത് അഹമ്മദ് മുസ് ലിയാര്‍, ശംസുല്‍ ഉലമ, കാളമ്പാടി ഉസ്താദ്, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോയക്കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ക്കൊപ്പം സമസ്തയുടെ വേദികളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ വലിയ ഭാഗ്യമായാണ് അദ്ദേഹം കരുതിയിരുന്നത്.
പ്രഭാഷണ വേദികളില്‍ നിന്ന് വേദികളിലേക്ക് പ്രയാണം തുടരുമ്പോഴും സ്വന്തം നാട്ടുകാര്‍ക്ക് വിജ്ഞാനം പകര്‍ന്ന് കൊടുക്കുന്നതിലും അദ്ദേഹം ശ്രദ്ധാലുവായി. ഇസ്ലാമിക കര്‍മ ശാസ്ത്ര പഠനത്തിന്റെ അഭാവം കാരണം വിശ്വാസികള്‍ പ്രതിദിനം അനുഷ്ഠിച്ചു വരുന്ന കര്‍മങ്ങള്‍ നിഷ്ഫലമായി പോകുന്ന അവസ്ഥ ഉണ്ടാകാതെ സൂക്ഷിക്കണമെന്നും ഫിഖ്ഹ് പഠനം വിശ്വാസികള്‍ക്കെല്ലാവര്‍ക്കും അനിവാര്യമാണെന്നും അദ്ദേഹം എപ്പോഴും ഓര്‍മിപ്പിക്കുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."