ഒരാള്‍, ഒരു പക്ഷി, ഒരു സ്വപ്‌നം
റഷ്യന്‍ കവി അര്‍സെനി തര്‍കോവ്‌സ്‌കിയുടെ കവിതയും ജീവിതവും
അവധൂതരുടെ വന്‍കരകള്‍/ ഡോ. രോഷ്‌നി സ്വപ്‌ന
ഓര്‍മ എങ്ങനെയാണ് ഇന്ദ്രിയാനുഭവമാകുന്നത്? റഷ്യന്‍ കവിയായ അര്‍സെനി തര്‍കോവ്‌സ്‌കിയുടെ 'കാഴ്ചയായിരുന്നു എന്റെ ശക്തി' എന്ന കവിത വായിക്കുമ്പോള്‍ ഇങ്ങനെ താന്നിപ്പോകുന്നു. വാസ്തവത്തില്‍ ഈ കവിത ഓര്‍മയെക്കുറിച്ചോ, ഐന്ദ്രിയാനുഭവങ്ങളെക്കുറിച്ചോ പ്രത്യക്ഷമായി പറയുന്നില്ലെങ്കിലും മനുഷ്യനെക്കുറിച്ചും മനുഷ്യത്വത്തെക്കുറിച്ചും മനുഷ്യന്റെ അസ്തിത്വത്തെക്കുറിച്ചും പറയാതെ പറയുന്നുണ്ട്.
അര്‍സെനി തര്‍കോവ്‌സ്‌കി റഷ്യന്‍ എംപറര്‍ക്കു കീഴിലെ എലിസാവൈറ്റ് ഗാര്‍ഡില്‍ ഖേര്‍സണ്‍ ഗവര്‍ണറേറ്റില്‍ 1907ലാണു ജനിക്കുന്നത്. ഈ പ്രദേശമിന്ന് ഉക്രൈനിന്റെ ഭാഗമാണ്. ലോകപ്രശസ്ത ചലച്ചിത്രകാരനായ ആന്ദ്രെ തര്‍കോവ്‌സ്‌കിയുടെ പിതാവാണ് അര്‍സെനി തര്‍കോവ്‌സ്‌കി.
1921ല്‍ ചില സുഹൃത്തുകള്‍ക്കൊപ്പം ചേര്‍ന്ന് അര്‍സെനി ഒരു കവിത എഴുതി. ലെനിന്റെ നിലപാടുകളെക്കുറിച്ചായിരുന്നു ആ കവിത. അന്ന് അറസ്റ്റ് ചെയ്യപ്പെട്ട സംഘത്തില്‍നിന്ന് അര്‍സെനി മാത്രമാണ് മോചിതനായത്. 1924 മുതല്‍ മോസ്‌കോയില്‍ തൊഴിലാളികള്‍ക്കു വേണ്ടി പോരാടുന്ന ഒരു പത്രത്തില്‍ അദ്ദേഹം ജോലിനോക്കി. ഒപ്പംതന്നെ മോസ്‌കോയിലെ ഒരു സര്‍വകലാശാലയില്‍നിന്ന് സാഹിത്യവും പഠിച്ചു. അക്കാലത്ത് അസര്‍ബൈജാന്‍, ജോര്‍ജിയന്‍, അര്‍മേനിയന്‍, അറബിക് ഭാഷകളില്‍നിന്ന് ഒട്ടേറെ കവിതകള്‍ വിവര്‍ത്തനവും ചെയ്തു. രണ്ടാംലോക മഹായുദ്ധകാലത്ത് അദ്ദേഹം ബോവയ ട്രെവാഗ എന്ന പത്രത്തില്‍ ജോലിചെയ്തിരുന്നു.
1943 കാലിനു പരുക്കേറ്റ് മുറിച്ചുകളയേണ്ടി വന്നതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ്. ബിഫോര്‍ സ്‌നോ, ടു ഏര്‍ത് ഇറ്റ്‌സ് ഓണ്‍, മെസഞ്ചര്‍, പോയംസ്, വിന്റര്‍ ഡേ, തിരഞ്ഞെടുത്ത കവിതകള്‍, പോയംസ് ഓഫ് ഡിഫറന്റ് ഇയേര്‍സ്, ദി ബ്ലെസ്ഡ് ലൈറ്റ് എന്നിങ്ങനെ പത്തോളം പുസ്തകങ്ങളാണ് അര്‍സെനിയുടേതായിട്ടുള്ളത്.
മനുഷ്യനെ അതിസൂക്ഷ്മമായി നിരീക്ഷിക്കുന്നതിന്റെ അടയാളങ്ങളായാണ് അര്‍സെനിയുടെ കവിതകള്‍ വായിക്കപ്പെട്ടത്.
'എനിക്ക് ഏറെ സന്തോഷമുണ്ട്
ഭൂമിയുടെയും ഉപ്പിന്റെയും ദന്തക്ഷതങ്ങളില്‍
നിന്നെന്നെ ദൂരേക്ക് മാറ്റിനിര്‍ത്തിയതില്‍,
എന്റെ ചുണ്ടുകളില്‍ ആരും പുഞ്ചിരികള്‍
ഒട്ടിച്ചുചേര്‍ത്തിട്ടില്ല എന്നതില്‍'
എന്നെഴുതുമ്പോള്‍ അദ്ദേഹം ലോകമഹായുദ്ധങ്ങളുടെ നിരര്‍ഥകതയെക്കുറിച്ച് ഏറെ ആഴത്തില്‍ ചിന്തിച്ചിരുന്നു എന്നു മനസിലാക്കാം. വലതുകാല്‍ മുറിച്ചുകളഞ്ഞ ശേഷം എഴുതപ്പെട്ട അദ്ദേഹത്തിന്റെ കവിതകളില്‍ നിഴലിച്ചത് സ്വപ്നവും മനുഷ്യനും യാഥാര്‍ഥ്യവും തമ്മിലുള്ള സംഘര്‍ഷങ്ങളാണ്. 'ഇത് ഞാന്‍ കണ്ട സ്വപ്നം, ഇത് ഞാന്‍ കാണുന്ന സ്വപ്നം' എന്ന കവിതയില്‍ അതു കൃത്യമായി പ്രതിഫലിക്കുന്നുണ്ട്.
യുദ്ധകാല കവിതകളുടെ പതിവുഘടനകളില്‍നിന്ന് വിഘടിച്ചു നില്‍ക്കുന്ന കവിതകളാണ് അര്‍സെനിയുടേത്. എങ്കിലും സൂക്ഷ്മമായ രാഷ്ട്രീയം പ്രകടിപ്പിക്കുന്ന ആഖ്യാനങ്ങളായി അവ ഇന്നും സംവദിക്കപ്പെടുന്നു. ആത്യന്തികമായി മനുഷ്യനും നിലനില്‍പ്പും മരണവും ജീവിതവും തന്നെയാണ് അവയുടെ കാതല്‍. പ്രതീക്ഷയുടെ അഗ്‌നിയാണ് അവയില്‍ നിന്നുയരുന്നത്.
അവസാനത്തെ ഇലയുടെയുംമേല്‍
കനലുകള്‍ കോരിയൊഴിച്ച് കഴിഞ്ഞിരിക്കുന്നു.
ആകാശത്തേക്ക് ഉയരുക.
ഈ വനം മുഴുവന്‍ പ്രകോപിതമാണ്,
കഴിഞ്ഞ ഋതുവിലും ഞങ്ങള്‍ ഒരുമിച്ചായിരുന്നു'...
എന്ന നിലനില്‍പ്പിന്റെ അതിസൂക്ഷ്മ സ്പര്‍ശങ്ങള്‍ ഈ കവിതകളില്‍നിന്ന് കേള്‍ക്കാം.
അര്‍സെനിയുടെ കവിതകള്‍
കാഴ്ചയായിരുന്നു എന്റെ ശക്തി
കാഴ്ചയായിരുന്നു എന്റെ ശക്തി,
ഒട്ടും മങ്ങലില്ലാത്ത അദൃശ്യമായ
രണ്ട് മുനകള്‍...
വജ്രസൂനങ്ങള്‍...
എന്റെ കേള്‍വിയതിരുകള്‍ നിറയെ
ചിരപുരാതന ഇടിമുഴക്കങ്ങള്‍
എന്റെ പിതൃഗൃഹത്തിന്റെ
ശ്വാസനിശ്വാസങ്ങള്‍!
ഇരുണ്ട കനത്ത
പേശികളുടെ ശബ്ദം ചാരനിറത്തിലുള്ള
ഒരു കാള നിലമുഴുന്ന ശബ്ദം.
എന്റെ ചുമലുകള്‍ക്കു തൊട്ടുതാഴെ
ചിറകുകള്‍,
സായാഹ്നത്തിന്റെ മങ്ങല്‍!
ഞാന്‍ ഒരു മെഴുകുതിരി.
വിരുന്നില്‍ സ്വയം ഉരുക്കുകയാണ്.
ഞാന്‍ ഉരുകിത്തീരുമ്പോള്‍
ഉദയം വരുമായിരിക്കും.
ആ താളാണ് ഇപ്പോള്‍ ഞാന്‍
നിങ്ങള്‍ക്ക് വായിച്ചു തരുന്നത്.
എങ്ങനെ
അഭിമാനിയായിരിക്കാനാവും?
കരയുന്നതെങ്ങനെ?
ആനന്ദത്തിന്റെ
ഒടുവിലത്തെ
മൂന്നാംപകുതിയില്‍..
ജീവിതത്തെ
എങ്ങനെ ദൂരേക്ക് കളയും?
മറവിയെ എങ്ങനെ
ഏറ്റവുമെളുപ്പത്തില്‍
ആവിഷ്‌കരിക്കാനാവും
താല്‍ക്കാലികമായ
ഒരുകൂരയ്ക്കു കീഴില്‍!
മരണശേഷം!
അല്ലെങ്കില്‍
മരണത്തില്‍ നീറിനീറി...!
ഞാന്‍ നിനക്കുവേണ്ടി ഇന്നലെ
പുലരുംവരെ കാത്തുനിന്നിരുന്നു
ഞാന്‍ നിനക്കു വേണ്ടി ഇന്നലെ
പുലരുംവരെ കാത്തുനിന്നിരുന്നു.
നീ വന്നുചേരില്ല
എന്നവര്‍ ഊഹിച്ചുകാണും.
ഒരവധിദിനം പോലെ തോന്നിച്ച
ആ ദിവസത്തെ കാലാവസ്ഥയെകുറിച്ച്
നിനക്ക് ഓര്‍മയുണ്ടോ?
മേല്‍കുപ്പായം പോലുമില്ലാതെ
ഞാനന്ന് പുറത്തേക്കിറങ്ങി.
ഇന്ന് അവര്‍ വന്ന്
നമുക്കുവേണ്ടി ഒരുസമയം നിശ്ചയിച്ചിരിക്കുന്നു.
അതാണെങ്കില്‍ ഏറെ വൈകിയ സമയവും.
ഒപ്പം മഴച്ചാറലും.
മഴത്തുള്ളികള്‍ തണുത്ത ചില്ലകളിലൂടെ
താഴേക്ക് ഊര്‍ന്നുവീഴുന്നു.
ആശ്വാസത്തിനായി ഒരു വാക്കുപോലുമില്ല
ഉണങ്ങാത്ത കണ്ണുനീര്‍ മാത്രം...
ഇത് ഞാന്‍ കണ്ട സ്വപ്നം,
ഇത് ഞാന്‍ കാണുന്ന സ്വപ്നം
ഇത് ഞാന്‍ കണ്ട സ്വപ്നമാണ്,
ഇത് ഞാന്‍ കാണുന്ന സ്വപ്നവും.
ചിലപ്പോള്‍ ഈ സ്വപ്നം
ഞാന്‍ വീണ്ടും കണ്ടേക്കാം.
എല്ലാം ആവര്‍ത്തിക്കപ്പെട്ടേക്കാം,
എല്ലാം പുനരാവിഷ്‌കരിക്കാന്‍ വേണ്ടി...
ഒരു പകുതി നമ്മളില്‍നിന്ന് നീണ്ടുപോകുന്നു
മറ്റൊരു പകുതി ലോകത്തില്‍നിന്ന്!
തിരമാലകള്‍ തിരമാലകളെ തകര്‍ത്തെറിഞ്ഞു,
കൊണ്ട് തീരത്തേക്ക് കുതിച്ചുകയറുന്നു.
ഓരോരുത്തരും
ഓരോ നക്ഷത്രം
ഒരു പക്ഷി
സ്വപ്‌നം
യാഥാര്‍ഥ്യം
മരണം
ഒന്നിനുമേല്‍ ഒന്നായിവരുന്ന
തിരമാലകള്‍പോലെ.....!
ഒരു തീയതിയുടെ ആവശ്യം ഇനിയില്ല.
ഞാന്‍ ഉണ്ടായിരുന്നു,
ഞാന്‍ ഉണ്ട്,
ഞാന്‍ ഉണ്ടാവും.
ജീവിതം അത്ഭുതങ്ങള്‍ നിറഞ്ഞ
വലിയൊരു അത്ഭുതമാണ്.
അത്രമേല്‍ വിസ്മയിപ്പിക്കുന്നൊന്ന്.
ഞാന്‍ എന്നിലേക്കുതന്നെ സമര്‍പ്പിക്കുന്നു.
എന്റെ കാല്‍മുട്ടുകളില്‍
ഒരനാഥനെന്നപ്പോലെ
കണ്ണാടികള്‍ക്കുമേല്‍
ഒറ്റയ്ക്ക്....
പ്രതിഫലനങ്ങളില്‍
ആവേശിക്കപ്പെട്ട്...
നഗരങ്ങളും സമുദ്രങ്ങളും
വര്‍ണാഭം തീവ്രം.
നിറഞ്ഞ കണ്ണുകളോടെ
ഒരമ്മ കുഞ്ഞിനെ
മടിയിലേക്ക്
ചേര്‍ത്തുപിടിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."