ഭുജ് മുതല്‍ ഭുജുവരെ
ഷാഫി കോട്ടയില്‍
ഗുജറാത്തിലെ ഭുജ് റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങുമ്പോള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ഹോട്ടല്‍ എവിടെയാകുമെന്ന ചിന്തയിലായിരുന്നു. സ്റ്റേഷനില്‍നിന്നു പുറത്തിറങ്ങി ആദ്യംകണ്ട റിക്ഷക്കാരനോട് ഹോട്ടലിന്റെ പേരുപറയേണ്ട താമസം അയാള്‍ റിക്ഷയില്‍ കയറിയിരിക്കാന്‍ പറഞ്ഞു. ഞങ്ങള്‍ പന്ത്രണ്ടു പേരുണ്ടെന്നു പറഞ്ഞപ്പോള്‍ രണ്ടു ഓട്ടോറിക്ഷകള്‍കൂടി വിളിച്ചുതന്നു. പിന്നെ പത്തു മിനുട്ടിനകം ഹോട്ടലില്‍.
രാവിലെ പുറത്തിറങ്ങുമ്പോള്‍ ഹോട്ടല്‍ മാനേജര്‍ ചോദിച്ചു. പ്രഭാത നടത്തത്തിനാണോ? ആണെങ്കില്‍ ആ വഴി നടന്നോളൂ. ഐനാമഹലും പ്രാഗ് മഹലും കണ്ടു മടങ്ങാം. അദ്ദേഹം ചൂണ്ടിയ വഴിയിലൂടെ നടന്നു. തലയെടുപ്പുള്ള ഇരുനില കെട്ടിടത്തിനു മുന്നിലെത്തി. തൊട്ടടുത്ത് അത്രതന്നെ തലയെടുപ്പുള്ള പഴക്കം ചെന്ന മറ്റൊരു കെട്ടിടവും! ഇതില്‍ ഏതാണ് ഐനാമഹല്‍? ഏതാണ് പ്രാഗ് മഹല്‍? ഏറെ പഴക്കംചെന്ന കെട്ടിടത്തിലേക്കു വിരല്‍ചൂണ്ടി വഴിപോക്കന്‍ പറഞ്ഞു: അതാണ് ഐനാമഹല്‍. മറ്റേത് പ്രാഗ് മഹലും.
ഐനാ മഹൽ
2001ലെ ഗുജറാത്ത് ഭൂകമ്പത്തില്‍ സാരമായ കേടുപാടുപറ്റി നിലംപൊത്താറായ അവസ്ഥയിലാണ് ഐനാമഹല്‍. 1750ല്‍ കച്ചിലെ രാജാവായിരുന്ന റാവു ലഖ്പത്ജിയാണ് ഐനാമഹല്‍ പണിയിച്ചത്. ഇന്തോ- യൂറോപ്യന്‍ ശൈലിയില്‍ നിര്‍മിച്ച കെട്ടിടത്തിന്റെ രൂപകല്‍പന കരകൗശല വിദഗ്ധന്‍ രാംസിങ്് മലാമിന്റേതും. യൂറോപ്യന്‍ ടൈലുകളും ഗ്ലാസുകളും കണ്ണാടികളും കൊണ്ട് അലങ്കരിച്ചുണ്ടാക്കിയ കെട്ടിടം മനോഹരമാണ്. അകത്തു ധാരാളം കണ്ണാടികള്‍ ഉള്ളതിനാലാകണം ആ കെട്ടിടത്തിന് ഹാള്‍ ഓഫ് മിറേഴ്‌സ് എന്ന പേരു വച്ചത്. കെട്ടിടത്തിന്റെ അധികം പരുക്കില്ലാത്ത ഒരുഭാഗം ഇപ്പോള്‍ മ്യൂസിയമാണ്.
പ്രേക്ഷകഹാളും വിശ്രമഹാളും നേരത്തെ സൂചിപ്പിച്ച കണ്ണാടിമുറിയുമാണ് ഒന്നാം നിലയില്‍. രണ്ടാം നിലയില്‍ ആന്റി ചംബര്‍, ദര്‍ബാര്‍ ഹാള്‍, മാര്യേജ് ഹാള്‍ എന്നിവയും. കച്ച് രാജ്യത്തെ നാണയങ്ങള്‍, കച്ച് രാജ്യം ഇന്ത്യയില്‍ ലയിച്ചതിന്റെ കരാര്‍, രാജകുടുംബത്തിന്റെ സ്വകാര്യവസ്തു വകകള്‍, വെനീഷന്‍ ഗ്ലാസുകള്‍, പ്രശസ്ത പെയിന്റിങ്ങുകള്‍, മുഗള്‍ രാജാക്കന്മാരുടെ വിജ്ഞാപനങ്ങള്‍ തുടങ്ങി നിരവധി കാഴ്ചകളുണ്ട് മ്യൂസിയത്തില്‍. ഒരു ഓട്ടപ്രദക്ഷിണം നടത്തി വേഗം തൊട്ടടുത്തുള്ള പ്രാഗ് മഹലിലേക്കു കയറി.
പ്രാഗ് മഹല്‍
ഇറ്റാലിയന്‍-ഗോഥിക് ശൈലിയില്‍ പണിത പ്രാഗ് മഹലിന് അത്ര പഴക്കമില്ല. 1865ല്‍ പണിതുടങ്ങുകയും 1879 ല്‍ പൂര്‍ത്തിയാക്കുകയും ചെയ്ത ഈ കൊട്ടാരവും വളരെ ആകര്‍ഷകമാണ്. ഒറ്റനോട്ടത്തില്‍ ഇറ്റലിയിലെ വല്ല തെരുവിലുമാണോ നമ്മള്‍ ചെന്നുനില്‍ക്കുന്നത് എന്നു തോന്നിപ്പോകും. അത്രമേല്‍ രൂപഭംഗിയും തലയെടുപ്പുമുണ്ട് കെട്ടിടത്തിന്. കച്ചിലെ രാജാവായിരുന്ന റാവു പ്രാഗ് മാല്‍ജി രണ്ടാമന്‍ പണിയിച്ച പ്രാഗ് മഹല്‍ കേണല്‍ ഹെൻറി സെയിന്റ് വില്‍ക്കിന്‍സാണ് രൂപകല്‍പന ചെയ്തത്. ഇറ്റലിയിലെ തച്ചന്മാരായിരുന്നു കെട്ടിടത്തിന്റെ മുഖ്യ ശില്‍പികള്‍.
കച്ച് രാജവംശത്തിന്റെ പ്രതാപവും പ്രൗഢിയും വിളിച്ചോതുന്ന ദര്‍ബാര്‍ ഹാളിലും മറ്റു മുറികളിലും കയറിയിറങ്ങി മുന്നോട്ടുനടന്നു. രാജകുടുംബാംഗങ്ങള്‍ ഉപയോഗിച്ചിരുന്ന പാത്രങ്ങള്‍, ആഭരണങ്ങള്‍, മരത്തിന്റെ ചില ഫോസിലുകള്‍ അങ്ങനെ വൈവിധ്യമാര്‍ന്ന കാഴ്ചകളാണ് അകത്തുള്ളത്.
രണ്ടു മുട്ടനാടുകള്‍ ഒരു വണ്ടി കെട്ടിവലിക്കുന്നതും കണ്ടു. ആടുകളുടെ സ്ഥാനത്ത് പ്രതിമകളാണെങ്കിലും വാഹനം അന്നത്തേതുതന്നെ. പണ്ട് ആ ആടുവണ്ടിയും രാജകുടുംബാംഗങ്ങള്‍ യാത്രയ്ക്ക് ഉപയോഗിച്ചിട്ടുണ്ടാകണം. കൊട്ടാരത്തോടു ചേര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ ക്ലോക്ക്ടവര്‍ കൃത്യസമയം കാണിച്ച് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ മണിക്കൂറിലും വലിയ മണിമുഴക്കി നഗരവാസികള്‍ക്ക് സമയം അറിയിച്ചുകൊടുക്കുകയും ചെയ്യുന്നു. രണ്ടു നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും സമയനിഷ്ഠ പാലിക്കുന്നതില്‍ ആ കിഴവന്‍ ക്ലോക്ക് ഇപ്പോഴും ജാഗരൂകനാണെന്നറിയുമ്പോഴാണ് നമ്മള്‍ ശരിക്കും അത്ഭുതപ്പെടുക.
സ്വാമി നാരായണ ടെംപിളും കച്ച് മ്യൂസിയവും
ഭുജിലെ രണ്ടാം ദിവസത്തെ കാഴ്ചകളും പ്രഭാത നടത്തത്തോടെയാണ് തുടങ്ങിയത്. സ്വാമി നാരായണ ക്ഷേത്രം ലക്ഷ്യമാക്കിയായിരുന്നു നടത്തം. വഴി ചോദിക്കുമ്പോ ഴെല്ലാം നേരെ നടന്നോളൂ, ക്ഷേത്രഗോപുരം റോഡരികില്‍ തലയുയര്‍ത്തി നില്‍ക്കു ന്നതുകാണാം എന്നൊക്കെയായിരുന്നു മറുപടി. ക്ഷേത്രഗോപുരം അല്‍പം അകലെനിന്ന് കണ്ടു. ഗോപുരം കടന്ന് അകത്തുകയറി പൂന്തോട്ടത്തിലെ പടികള്‍ കയറി ക്ഷേത്രത്തിലെത്തിയപ്പോള്‍ പ്രഭാത ഭജനയ്ക്കു തറയില്‍ ചമ്രംപടിഞ്ഞിരിക്കുന്ന ഭക്തരെയാണ് ആദ്യം കണ്ടത്. പിന്നെ മച്ചിലും തൂണുകളിലും ചുമരുകളിലും വെള്ളമാര്‍ബിളില്‍ കൊത്തിയെടുത്ത മനോഹര ശില്‍പങ്ങളിലേക്കും കണ്ണുകള്‍ നീങ്ങി. രാധയുടെയും കൃഷ്ണന്റെയും പ്രേമോത്സുക കഥകളാണ് ശില്‍പകലകളില്‍ ഏറെയും.
ഹോട്ടലിലെ കുളിയും ചായകുടിയും കഴിഞ്ഞ് ഒമ്പതു മണിക്കുമുമ്പേ പുറത്തിറങ്ങി. ടാക്‌സി സ്റ്റാന്‍ഡിലെത്തി ജീപ്പ് തരപ്പെടുത്തി. 58 കിലോമീറ്റര്‍ അകലെയുള്ള മാണ്ഡവിയിലേക്കായിരുന്നു അടുത്ത യാത്ര. ജീപ്പ് ചുറ്റിത്തിരിഞ്ഞ് കച്ച് മ്യൂസിയത്തിനു മുന്നിലെത്തിയപ്പോള്‍ തീരുമാനം മാറി. മാണ്ഡവിയിലെ കാഴ്ചകള്‍ കണ്ടു തിരിച്ചെത്തിയിട്ട് കച്ച് മ്യൂസിയവും ഭുജിലെ ബാക്കി കാഴ്ചകളും കാണാമെന്നായിരുന്നു തീരുമാനം. പക്ഷേ, മാണ്ഡവിയില്‍നിന്ന് തിരിച്ചെത്തുമ്പോഴേക്കും കച്ച് മ്യൂസിയം അടച്ചുപോകുമോ? പിന്നെ അധികം ചിന്തിച്ചില്ല, എല്ലാവരും ജീപ്പില്‍ നിന്നിറങ്ങി കച്ച് മ്യൂസിയത്തിലേക്ക്.
കച്ച് ഗോത്രജനവിഭാഗങ്ങളുടെ ജീവിതവും സംസ്‌കാരവും വിളിച്ചോതുന്ന പ്രദര്‍ശന വസ്തുക്കളാണ് മ്യൂസിയം നിറയെ. കച്ച് ഭാഷയിലെ ആദിമലിപികള്‍, 1948 വരെ കച്ചില്‍ ഉപയോഗത്തിലുണ്ടായിരുന്ന കറന്‍സികള്‍, നാണയങ്ങള്‍ എന്നിവയൊക്കെ അക്കൂട്ടത്തിലുണ്ട്. 1877ല്‍ സ്ഥാപിച്ച കച്ച് മ്യൂസിയം അത്ര വലുതല്ലെങ്കിലും വിഷയ പ്രാധാന്യം കൊണ്ടും പ്രദര്‍ശന വസ്തുക്കളുടെ തനിമകൊണ്ടും ശ്രദ്ധേയമാണ്.
വിജയ് വിലാസ് പാലസ്
അടുത്ത യാത്ര മാണ്ഡവിയിലേക്കാണ്. സൂര്യകാന്തിപ്പൂക്കള്‍ നിറഞ്ഞാടുന്ന വയലരികിലൂടെ കുറച്ചുദൂരം ചെന്നപ്പോഴേക്കും ചൂടിനു തീക്ഷ്ണത കൂടി. ഉച്ചയോടടുത്ത നേരം മാണ്ഡവിയിലെത്തി. അറബിക്കടലോരത്തെ കൊച്ചു വനമധ്യത്തില്‍ രജപുത്ര വാസ്തുവിദ്യയില്‍ നിര്‍മിച്ച വിജയ് വിലാസ് പാലസിന് മുന്നിലായിരുന്നു ജീപ്പ് നിന്നത്. കച്ചിലെ ജഡേജ രാജവംശത്തിലെ ആദ്യ രാജാവായിരുന്നു റാവുബെന്‍ഗാര്‍ജി ഒന്നാമന്‍. അദ്ദേഹം 1580ല്‍ സ്ഥാപിച്ചതാണ് മാണ്ഡവി നഗരം. മറ്റൊരു രാജാവായിരുന്ന വിജയരാജിന്റെ വേനല്‍ക്കാല വസതിയാണ് വിജയ വിലാസ് പാലസ്. മാണ്ഡവിയിലെ പ്രധാന കാഴ്ചയും ഇതുതന്നെ.
1920ല്‍ പണിതുടങ്ങുകയും 1929ല്‍ പൂര്‍ത്തികരിക്കുകയും ചെയ്ത പാലസ് ചെറുതെങ്കിലും മനോഹരമാണ്. കൊട്ടാരത്തിലെ മനോഹരമായ താഴികക്കുടങ്ങളും വര്‍ണ ഗ്ലാസുകളോടുകൂടിയ ജനലുകളും കൊത്തുപണികളുള്ള ജാലികകളും ഒക്കെ ആരുടെയും മനം കവരുന്നതാണ്.
വിജയ്‌വിലാസ് പാലസില്‍നിന്ന് നാലു കിലോമീറ്റര്‍ അകലെയാണ് മാണ്ഡവി ബീച്ച്. കടലോരത്ത് നിരയായി നില്‍ക്കുന്ന വിന്‍ഡ് മില്ലുകളാണ് ബീച്ചിലെ മുഖ്യ ആകര്‍ഷണം. 1983ല്‍ ഏഷ്യയിലെ ആദ്യത്തെ വിന്‍ഡ്മില്‍ പ്രൊജക്ട് തുടങ്ങിയത് മാണ്ഡവി ബീച്ചിലാണ്. ഉറച്ച മണല്‍ത്തിട്ട ഉള്ളതിനാല്‍ ബൈക്കുസവാരിയും കാര്‍സവാരിയും ഒട്ടകസവാരിയുമെല്ലാം ഇവിടെ തകൃതിയായി നടക്കുന്നുണ്ട്. നട്ടുച്ച നേരത്തും മാണ്ഡവി ബീച്ചി ല്‍ ടൂറിസ്റ്റുകളെ കാണാം.
ഛത്തര്‍ഡി അഥവാ ഛത്രികള്‍
മാണ്ഡവിയില്‍ നിന്ന് ഭുജിലേക്ക് മടങ്ങുമ്പോഴാണ് ഛത്തര്‍ഡിയില്‍ ഇറങ്ങിയത്. ശ്മശാനമൂകതകൊണ്ടും കെട്ടിടനിര്‍മിതികളുടെ ആകര്‍ഷണം കൊണ്ടും ശ്രദ്ധേയമായ ടൂറിസ്റ്റ് കേന്ദ്രമാണിത്. കച്ച് രാജക്കന്മാരുടെയും കുടുംബാംഗങ്ങളുടെയും മൃതശരീരങ്ങള്‍ അടക്കം ചെയ്ത സ്ഥലമാണത്. ഓരോ ശവകുടീരത്തിലും നിവര്‍ത്തിവച്ച കുടപോലുള്ള മേല്‍ക്കൂരയോടു കൂടിയ കെട്ടിടം സവിശേഷ കാഴ്ചയാണ്. ഛത്രികള്‍ എന്നു വിളിക്കാനുള്ള കാരണവും അതുതന്നെ. ഛത്രി എന്നാല്‍ കുട എന്നര്‍ഥം!
2001 ലെ കച്ച് ഭൂകമ്പത്തില്‍ ഒട്ടേറെ ഛത്രികള്‍ തകര്‍ന്നടിഞ്ഞു പോയെങ്കിലും ശേഷിച്ചവ പഴയപോലെത്തന്നെ തലയുയര്‍ത്തി നില്‍ക്കുന്നു. അതില്‍ റാം സിങ്മലാം രൂപകല്‍പന ചെയ്ത റാവുലക്പത്ജിയുടെ ഛത്രിയാണ് ഏറ്റവും വലുത്. ബഹുഭുജാകൃതിയില്‍ ബാല്‍ക്കണികളോടുകൂടി നിര്‍മിച്ച ആ ഛത്രിയില്‍ രണ്ടു പ്രവേശന കവാടങ്ങളും രണ്ടു ഗാലറികളുമുണ്ട്. റാവു ലക്പത്ജിയുടെ ശവസംസ്‌കാരവേളയില്‍ അദ്ദേഹത്തിന്റെ 15 ഭാര്യമാര്‍ ചിതയില്‍ ചാടി ആത്മാഹുതി ചെയ്ത സംഭവവും അവിടെ സ്ഥാപിച്ച ഒരു പ്രദര്‍ശന ബോര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കച്ചിലെ ജഡേജ രാജാക്കന്മാരുടെ ഭരണകാലം 1147 മുതല്‍ 1948 വരെ ആണെങ്കിലും ഛത്രികളുടെ നിര്‍മിതി 1770 മുതലാണ് തുടങ്ങിയത്.
ഭുജിയ ദുന്‍ഗര്‍
സൂര്യന്‍ അസ്തമയദിക്കില്‍ എത്തിനില്‍ക്കുമ്പോഴാണ് ഭുജിയ ദുന്‍ഗറിന്റെ താഴ്‌വരയില്‍ ജീപ്പെത്തിയത്. മലനിരകളാല്‍ ചുറ്റപ്പെട്ട ഭുജ് നഗരത്തിന്റെ കിഴക്കു ഭാഗത്താണ് ഭുജിയ ദുന്‍ഗര്‍ എന്ന മല. ഭുജാങ് എന്ന ഉഗ്രസര്‍പ്പത്തിന്റെ വാസവും ആ മലയിലാണ്. സര്‍പ്പകഥ നേരോ, കളവോ എന്നറിയില്ല, മലമുകളില്‍ ഒരു സര്‍പ്പക്ഷേത്രം ഇപ്പോഴുമുണ്ട്. വര്‍ഷത്തിലൊരിക്കല്‍ പൂജയും വഴിപാടുകളും നടക്കുന്നുമുണ്ട്. പതിനെട്ടാം നൂറ്റാണ്ടില്‍ കച്ച് ഭരിച്ചിരുന്ന റാവുഗോജ്ഡി പണിയിച്ച ഭുജിയ ഫോര്‍ട്ടും ആ മലമുകളിലാണ്.
മല കയറുന്നെങ്കില്‍ വേഗം പോയി വന്നോളൂ... ഡ്രൈവര്‍ ഭീര്‍ സിങ്് ഓര്‍മപ്പെടുത്തിയതും ഞങ്ങള്‍ ചവിട്ടുവഴിയിലൂടെ മല കയറിത്തുടങ്ങി. കിതപ്പൊന്നു കൂടിയപ്പോള്‍ പിന്തിരിഞ്ഞു നോക്കി. ഭുജ് നഗരത്തിലെ മിന്നിത്തെളിയുന്ന വൈദ്യുത വിളക്കുകള്‍ പകര്‍ന്ന മനോഹാരിത അവിടെത്തന്നെ പിടിച്ചുനിര്‍ത്തി. സന്ധ്യ കഴിഞ്ഞ് ഇരുട്ടുവീണു തുടങ്ങിയപ്പോഴാണ് മലയിറങ്ങി താഴ്‌വരയില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."