ഒഡീഷയില്‍ പശു ഭീകരരുടെ ആക്രമണം; രണ്ട് മുസ് ലിം യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, താടി മുറിച്ചു, അടിവസ്ത്രത്തില്‍ മുളകു പൊടി വിതറി
ഒഡീഷയില്‍ പശു ഭീകരരുടെ ആക്രമണം; രണ്ട് മുസ് ലിം യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, താടി മുറിച്ചു, അടിവസ്ത്രത്തില്‍ മുളകു പൊടി വിതറി
ഭുവനേശ്വര്‍: രാജ്യത്ത് വീണ്ടും പശു ഭീകരരുടെ ആക്രമണം. ഒഡിഷയിലെ ഭുവനേശ്വറിലാണ് സംഭവം. പശുഗുണ്ടകള്‍ രണ്ട് മുസ്‌ലിം യുവാക്കളെ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. ജയ് ശ്രീറാം വിളിച്ച് യുവാക്കളെ സംഘം ചേര്‍ന്ന് ആക്രമിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കന്നുകാലി വ്യാപാരികളായ ഇര്‍ഷാദ് അഹമ്മദ്, മുഹമ്മദ് അബുസാര്‍ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. യുവാക്കളെ കൊണ്ട് നിര്‍ബന്ധപൂര്‍വം ജയ്ശ്രീറാം വിളിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ വസതിക്ക് സമീപമായിരുന്നു സംഭവം.
വാഹനത്തിന് നേരെയെത്തിയ ആള്‍ക്കൂട്ടം ആദ്യം വാഹനത്തിലുള്ളത് എന്താണെന്ന് ചോദിക്കുകയും പിന്നാലെ ആക്രമിക്കുകയുമായിരുന്നെന്ന് ഇര്‍ഷാദ് പറഞ്ഞു.
'ആദ്യം അവര്‍ ഞങ്ങളുടെ വാഹനത്തിലുള്ളത് എന്താണെന്ന് ചോദിച്ചു. അത് പറഞ്ഞ് മുഴുവനാക്കും മുമ്പേ ആക്രമിക്കാന്‍ തുടങ്ങി. ഏകദേശം 500 പേരോളം അടങ്ങിയ സംഘമായിരുന്നു ആക്രമിച്ചത്. കൈകാലുകള്‍ കെട്ടിയിട്ടായിരുന്നു മര്‍ദനം. നിര്‍ബന്ധിച്ച് ഞങ്ങളുടെ താടി വടിപ്പിക്കാനും ശ്രമിച്ചു. ജയ്ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചു. ആദ്യം ഒഴിഞ്ഞുമാറാന്‍ നോക്കിയെങ്കിലും പിന്നീട് മര്‍ദനം ശക്തമായതോടെ ഞങ്ങള്‍ അവര്‍ക്ക് വഴങ്ങി' ഇര്‍ഷാദ് പറഞ്ഞു.
പാകിസ്താനില്‍നിന്ന് വന്ന് ഹിന്ദുക്കളുടെ പുണ്യമൃഗത്തെ കൊല്ലുകയാണ് മുസ്‌ലിംകളെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന് അബുസാര്‍ പറഞ്ഞു. പ്രതികള്‍ തങ്ങളുടെ അടിവസ്ത്രത്തിനുള്ളില്‍ മുളക് പൊടി വിതറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലിസ് സ്ഥലത്തെത്തിയെങ്കിലും ആദ്യം അക്രമികള്‍ പൊലിസിന് നേരെ തിരിയുകയായിരുന്നുവെന്നും പിന്നീട് ചിലരെ പൊലിസ് അറസ്റ്റ് ചെയ്‌തെന്നുമാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."