അട്ടിമറി എന്ന ബി.ജെ.പിയുടെ രാഷ്ട്രീയ അശ്ലീലം
മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയ അട്ടിമറി സംഭവിച്ചിരിക്കുന്നു. 2022ൽ ശിവസേനയെ പിളർത്തി സർക്കാർ രൂപവത്കരിച്ച ബി.ജെ.പി, ഇത്തവണ എൻ.സി.പിയെയാണ് പിളർത്തിയിരിക്കുന്നത്. എൻ.സി.പി അധ്യക്ഷൻ ശരത് പവാറിന്റെ അനന്തരവൻ അജിത് പവാറിനൊപ്പം എട്ടു എം.എൽ.എമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. അജിത് പവാർ ഉപമുഖ്യമന്ത്രിയായി. കൂറുമാറിയവരിൽ ശരത് പവാറിന്റെ വിശ്വസ്തരായ, പാർട്ടിയിലെ മുതിർന്ന നേതാക്കളുമുണ്ട്. ശരത് പവാറിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ സഖ്യത്തിനായുള്ള പ്രവർത്തനങ്ങൾ സജീവമായിരിക്കെയാണ് പവാറിനെ നിരായുധനാക്കി പാർട്ടിയിലെ വലിയൊരു വിഭാഗം എം.എൽ.എമാർ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. അധികാരം പിടിക്കാൻ എതിരാളികളെ പിളർത്തുന്ന ബി.ജെ.പി നയത്തിന്റെ രാഷ്ട്രീയ അശ്ലീലതയെക്കുറിച്ച് ചർച്ച ചെയ്യുന്നതിൽ അർഥമില്ല.
ജനവിധിക്ക് വിരുദ്ധമായി മധ്യപ്രദേശിലും കർണാടകയിലും ഗോവയിലും പുതുച്ചേരിയിലുമെല്ലാം ബി.ജെ.പി അധികാരം പിടിച്ചത് ഒട്ടും രാഷ്ട്രീയ മര്യാദകൾ പാലിക്കാതെയാണ്. 2014ൽ കേന്ദ്രത്തിൽ അധികാരത്തിലെത്തിയതിനു പിന്നാലെ അരുണാചൽ പ്രദേശിൽനിന്ന് ആരംഭിച്ച അട്ടിമറിയാണ് മഹാരാഷ്ട്രയിലെ രണ്ടാമത്തെ അട്ടിമറിയിലെത്തി നിൽക്കുന്നത്. ഇതിനുവേണ്ടി കേന്ദ്രത്തിലെ അധികാര സ്വാധീനവും ഗവർണർമാരുടെ പിന്തുണയും പണവുമെല്ലാം ബി.ജെ.പിക്കുണ്ട്. കൂറുമാറ്റ നിരോധന നിയമം പോലുള്ള നിയമങ്ങളോ ജുഡീഷ്യൽ ഇടപെടലുകളോ അവരെ ബാധിക്കാറില്ല. കൂറുമാറ്റങ്ങൾ വ്യാപകമായി നടക്കുമ്പോൾ രണ്ടു ചോദ്യങ്ങൾ ബാക്കിയാണ്. ഇവരെ തെരഞ്ഞെടുത്ത ജനങ്ങളുടെ അഭിലാഷത്തിന് എന്തു സംഭവിക്കുന്നുവെന്നതാണ് പ്രധാനപ്പെട്ട ഒന്ന്. രാജ്യത്തെ കൂറുമാറ്റ നിരോധന നിയമത്തിന് എന്തു സംഭവിക്കുന്നുവെന്നതാണ് രണ്ടാമത്തേത്.
ബി.ജെ.പി അട്ടിമറി നടത്തിയ സംസ്ഥാനങ്ങളിലൊന്നും കൂറുമാറ്റ നിരോധന നിയമം ഗുണം ചെയ്തില്ലെന്നത് ഈ നിയമത്തിന്റെ സാധുതതന്നെ ചോദ്യം ചെയ്യുന്നതാണ്. 1985ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ കൊണ്ടുവന്ന കൂറുമാറ്റ നിരോധന നിയമം സംബന്ധിച്ച 52ാം ഭരണഘടനാ ഭേദഗതി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും സുപ്രധാന നിയമ ഭേദഗതിയായാണ് കണക്കാക്കിയിരുന്നത്. പാർട്ടി മാറുന്നതിൽനിന്ന് നിയമസഭാംഗങ്ങളെ നിരുത്സാഹപ്പെടുത്തി സർക്കാരുകൾക്ക് സ്ഥിരത നൽകുക എന്നതാണ് കൂറുമാറ്റ നിരോധന നിയമത്തിന്റെ ലക്ഷ്യം. ഒരു രാഷ്ട്രീയ പാർട്ടിയുടെ ടിക്കറ്റിൽ തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങൾ ആ പാർട്ടിയുടെ അംഗത്വം സ്വമേധയാ ഉപേക്ഷിക്കുകയോ അല്ലെങ്കിൽ പാർട്ടിയുടെ തീരുമാനത്തിന് വിരുദ്ധമായി നിയമസഭയിൽ വോട്ട് ചെയ്യുകയോ ചെയ്താൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കാം.
ഒരു പാർട്ടിയുടെ മൊത്തം എം.എൽ.എമാരുടെ മൂന്നിൽ രണ്ട് എങ്കിലും അംഗങ്ങളുടെ പിൻബലമുണ്ടെങ്കിൽ കൂറുമാറ്റ നിരോധന നിയമത്തിന്റെ ഭീഷണിയില്ലാതെ മറ്റൊരു പാർട്ടിയിൽ ചേരുകയോ പ്രത്യേക രാഷ്ട്രീയ പാർട്ടി സംവിധാനമായി മാറുകയോ ചെയ്യാം. നിയമം ഒരു വശത്തുണ്ടെങ്കിലും ബി.ജെ.പി നടത്തിയ കൂറുമാറ്റങ്ങളിലൊന്നിലും അയോഗ്യതയുണ്ടായില്ല.
2014ൽ അരുണാചൽ പ്രദേശിൽ 60 അംഗ നിയമസഭയിൽ 44 സീറ്റിൽ വിജയിച്ച കോൺഗ്രസിന് സ്വസ്ഥമായി ഭരിക്കാനായില്ല. രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ ബി.ജെ.പി പിന്തുണയുള്ള സർക്കാരായി അധികാരത്തിൽ. ഗോവയിലെ നാൽപതംഗ നിയമസഭയിൽ 2017ൽ പതിനേഴ് സീറ്റ് നേടിയാണ് കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. എന്നാൽ ഭരിച്ചത് പതിമൂന്ന് സീറ്റ് നേടിയ ബി.ജെ.പിയാണ്.
മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനെ അട്ടിമറിച്ച് ബി.ജെ.പി അധികാരം പിടിച്ചത് ജ്യോതിരാദിത്യ സിന്ധ്യയെയും 22 ഓളം കോൺഗ്രസ് എം.എൽ.മാരെയും വിലക്കെടുത്താണ്. പുതുച്ചേരിയിലെ കോൺഗ്രസ് ഭരണം അട്ടിമറിച്ചത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ രണ്ടുമാസം മാത്രം ബാക്കിയുള്ളപ്പോഴാണ്.
36 എം.എൽ.എമാരുടെ പിന്തുണയുണ്ടെങ്കിൽ അജിത് പവാറിന് അയോഗ്യതാ ഭീഷണി ഒഴിവാക്കാം. തനിക്കൊപ്പം 40 എം.എൽ.എമാരുണ്ട് എന്നാണ് അജിത് പവാറിന്റെ വാദം. മഹാരാഷ്ട്ര നിയമസഭയിൽ 53 സീറ്റുകളാണ് എൻ.സി.പിക്ക്. 36 എം.എൽ.എമാർ പിന്തുണ നൽകി ഒപ്പിട്ട കത്ത് അജിതിന്റെ കൈയിലുണ്ടെന്നാണ് ബി.ജെ.പി പറയുന്നത്.
എന്താണ് ഈ അട്ടിമറിയിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത് എന്നതാണ് പ്രധാനം. അത് മഹാരാഷ്ട്ര ഭരണം ഉറപ്പിക്കുകയെന്നതല്ല, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും ഭീഷണിയായി നിൽക്കുന്ന പ്രതിപക്ഷ സഖ്യവുമാണ്. പ്രതിപക്ഷ സഖ്യത്തിന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം നേതൃത്വം നൽകുന്നത് ശരത് പവാറാണ്. സഖ്യത്തിനായുള്ള പൊതുമിനിമം പരിപാടി രൂപവത്കരിക്കുന്ന ചുമതലയും പവാറിനാണുള്ളത്. പവാറിനെ നിസ്സഹായനാക്കുന്നതിലൂടെ മഹാരാഷ്ട്രയിൽ പ്രതിപക്ഷ സഖ്യം ഇല്ലാതാവും. 48 ലോക്‌സഭാ സീറ്റുകളാണ് മഹാരാഷ്ട്രയിലുള്ളത്. ബി.ജെ.പിക്ക് ഇത് നിർണായകവുമാണ്. എൻ.സി.പിയും ശിവസേനയും ബി.ജെ.പിയും ചേർന്നാൽ മഹാരാഷ്ട്ര പിടിക്കാൻ പ്രയാസമുണ്ടാകില്ല. ദുർബലമായിപ്പോകുന്ന കോൺഗ്രസിനെ പിന്നെ അവിടെ പേടിക്കേണ്ട കാര്യവുമില്ല. 40 സീറ്റുകളുള്ള ബിഹാറിലാണ് ബി.ജെ.പിയുടെ അടുത്ത കണ്ണ്. ബിഹാർ സർക്കാരിനെക്കൂടി അട്ടിമറിച്ചാൽ ബി.ജെ.പി കൂടുതൽ സുരക്ഷിതമാകും.
അതുകൊണ്ടുതന്നെ വൃത്തികെട്ട ഇൗ രാഷ്ട്രീയ അട്ടിമറികൾ ഇനിയും പ്രതീക്ഷിക്കാം.
ബി.ജെ.പിയുടെ അഴിമതി വിരുദ്ധ വായ്ത്താരി എത്രമാത്രം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് മഹാരാഷ്ട്ര അട്ടിമറി. കൂറുമാറി എത്തിയ ഒൻപത് എൻ.സി.പി നേതാക്കളിൽ മൂന്ന് പേർ കള്ളപ്പണം വെളുപ്പിക്കൽ അടക്കമുള്ള കേസുകളിൽ ഇ.ഡി അന്വേഷണം നേരിടുന്നവരാണ്. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറാണ് ഇതിൽ പ്രധാനി. ഛഗൻ ഭുജ്ബൽ, ഹസൻ മുഷ്‌റിഫ്, അതിദി തത്കറെ എന്നിവരാണ് മറ്റു മൂന്നുപേർ.
എൻ.സി.പിയുടെ ലോക്‌സഭാംഗം സുനിൽ തത്കറെയുടെ മകളാണ് അതിദി. സ്വന്തം പേരിൽ കേസില്ലെങ്കിലും പിതാവ് സുനിൽ തത്കറെ ഇ.ഡി അന്വേഷണം നേരിടുന്നുണ്ട്. എൻ.സി.പി നേതാക്കളുടെ അഴിമതിയെക്കുറിച്ച് മോദി പ്രസംഗിച്ചിട്ട് ദിവസങ്ങളേ ആയുള്ളൂ. അവരെല്ലാം ബി.ജെ.പി സർക്കാരിനൊപ്പമാക്കിയിരിക്കുന്നു. ഇനി അന്വേഷണങ്ങളുണ്ടാകില്ല; അറസ്റ്റുമുണ്ടാകില്ല. കുറ്റാന്വേഷണവും പ്രോസിക്യൂഷനുമെല്ലാം രാഷ്ട്രീയവത്കരിക്കപ്പെട്ട കാലത്ത് കൂറുമാറ്റങ്ങളെ തടയുക പ്രയാസമാണ്. എല്ലാത്തിനും അറുതി വന്നേ മതിയാവൂ.
Content Highlights:editorial in july 3 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."