പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമന ഉത്തരവ്; 15 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കണം
പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമന ഉത്തരവ്
കണ്ണൂര്‍: ഡോ. പ്രിയാ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാല മലയാളം പഠനവകുപ്പില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമന ഉത്തരവ് നല്‍കി. വെള്ളിയാഴ്ച്ചയാണ് നിയമന ഉത്തരവ് ലഭിച്ചത്. പ്രിയയ്ക്ക് യോഗ്യതയുണ്ടെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിന്റെയും നിയമതടസമില്ലെന്നു അഡ്വക്കറ്റ് ജനറലും സര്‍വകലാശാലാ സ്റ്റാന്‍ഡിങ് കൗണ്‍സലും നല്‍കിയ നിയമോപദേശങ്ങളുടെയും അടിസ്ഥാനത്തിലാണു നിയമന ഉത്തരവു നല്‍കിയത്. 15 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കണമെന്നാണ് ഉത്തരവ്.
അതേസമയം കണ്ണൂര്‍ സര്‍വകാശാലാ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീം കോടതിയെ സമീപിക്കും. ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് യുജിസിക്ക് ലഭിച്ച നിയമോപദേശം. ഗവേഷണ കാലവും എന്‍എസ്എസ് പ്രവര്‍ത്തന കാലവും അധ്യാപന കാലയളവായി കണക്കാക്കി ആണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രിയ വര്‍ഗീസിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. ഇത് 2018 ലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട യുജിസി ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസക്തമാക്കും എന്നാണ് നിയമോപദേശം.റെഗുലേഷനില്‍ പറയുന്ന അധ്യാപക പരിചയമില്ലാത്ത ഉദ്യോഗാര്‍ത്ഥികളും ഈ ഉത്തരവ് ചൂണ്ടിക്കാട്ടി നിയമപ്പോരാട്ടം നടത്താനുള്ള സാധ്യതയും യുജിസിയും കാണുന്നു. ഈ സാഹചര്യത്തിലാണ് അപ്പീല്‍ പോകാന്‍ യുജിസി തീരുമാനം
സ്വജനപക്ഷപാതം ആരോപിച്ച് 2022 ഓഗസ്റ്റ് 17നാണു പ്രിയയുടെ നിയമനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചത്. ഈ ഉത്തരവ് ഇതുവരെ ഗവര്‍ണര്‍ റദ്ദാക്കിയിട്ടില്ല. കണ്ണൂര്‍ വിസി, ഇന്റര്‍വ്യൂ ബോര്‍ഡിലെയും സിന്‍ഡിക്കറ്റിലെയും അംഗങ്ങള്‍ എന്നിവര്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് അയയ്ക്കാനും ഗവര്‍ണര്‍ ഉത്തരവിട്ടിരുന്നു.
പ്രിയയ്ക്കു നിശ്ചിത യോഗ്യതയില്ലെന്നും നിയമനം പുനഃപരിശോധിക്കണം എന്നുമായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചത്. ഈ വിധി ഡിവിഷന്‍ ബെഞ്ച് പിന്നാലെ മരവിപ്പിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."