വരവേൽക്കാനാകുമോ കെടുതികളില്ലാത്ത കാലവർഷം?
ഇടവപ്പാതിക്ക് പകരം മിഥുനപ്പാതി കഴിഞ്ഞതോടെയാണ് കേരളത്തിൽ മഴ കനത്തത്. ഇത്തവണ മഴ കനക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഈ സീസണിൽ ഇതാദ്യമായി റെഡ് അലർട്ടുകൾ കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. ഇന്നലെയും രണ്ടു ജില്ലകളിൽ റെഡ് അലർട്ടുണ്ടായിരുന്നു. തോരാമഴ ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും വെള്ളിയാഴ്ചക്ക് ശേഷം മാനം തെളിയുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്.
മഴക്കെടുതികൾ സംസ്ഥാനത്ത് എല്ലാ വർഷവും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. തീവ്ര കാലാവസ്ഥാ സാഹചര്യത്തിൽ ഇത് എല്ലായിടത്തും പതിവാണ്. എന്നാൽ മുൻകരുതലുകൾ കൊണ്ട് കെടുതികൾ കുറയ്ക്കാനാകും. ആധുനിക കാലത്ത്, ശാസ്ത്രവും സാങ്കേതിക സംവിധാനങ്ങളും ഏറെ പുരോഗമിച്ച സാഹചര്യത്തിൽ കെടുതികൾ തടയാൻ ഇവയുടെയെല്ലാം സഹായം തേടാവുന്നതാണ്. അത്തരത്തിലുള്ള ഉയർന്ന ചിന്ത ഉണരേണ്ട സമയം സംസ്ഥാനത്ത് അതിക്രമിച്ചിട്ടുണ്ട്. രണ്ടു ദിവസത്തെ മഴയിൽ മാത്രം കാലവർഷക്കെടുതി വർധിച്ചു. നഷ്ടങ്ങൾ റവന്യൂ വകുപ്പ് തിട്ടപ്പെടുത്തിവരുന്നതേയുള്ളൂ.
ഞായറാഴ്ച പതിയെ ശക്തിപ്പെട്ട് തുടങ്ങിയ മഴ ഇന്നലെ വരെ വൻ നാശനഷ്ടങ്ങളാണ് വരുത്തിയത്. കഴിഞ്ഞ ദിവസം അഞ്ച് പേർ മുങ്ങി മരിച്ചു. ഇന്നലെ ഒരാളെ ഒഴുക്കിൽപ്പെട്ട് കാണാതായി. കഴിഞ്ഞ ദിവസം കാസർകോട് മരം വീണ് കുട്ടി മരിച്ചതിനു പിന്നാലെ ഇന്നലെ പലയിടത്തായി നിരവധി മരങ്ങൾ കടപുഴകി. ദുരന്ത ലഘൂകരണത്തിന്റെ ഭാഗമായി ചെയ്യാവുന്ന നിരവധി പ്രവർത്തനങ്ങളുണ്ട്. ഇവയെല്ലാം ദുരന്തങ്ങൾ കുറയ്ക്കാൻ സഹായിക്കും.
വികസിത രാജ്യങ്ങളിൽ മാത്രമല്ല കേരളത്തിലും ഇത്തരം സംസ്‌കാരം കൊണ്ടുവരണം. ദുരന്ത പ്രതികരണത്തെ കുറിച്ചോ ദുരന്ത ലഘൂകരണത്തെ കുറിച്ചോ പുതിയ തലമുറ സ്‌കൂളുകളിൽ പഠിച്ചു കാണില്ല. അതിനാൽ മഴ മുന്നറിയിപ്പും മറ്റും പൂർണ അർഥത്തിൽ അവർക്ക് ഉൾക്കൊള്ളാനാകില്ല. പലരും നേരത്തെ മുന്നറിയിപ്പ് നൽകിയാൽ വിശ്വസിക്കില്ല. അനുഭവത്തിൽ വരുമ്പോൾ മാത്രമാണ് അതേ കുറിച്ച് ആലോചിക്കുന്നത്. കഴിഞ്ഞ പ്രളയ കാലത്ത് നിരവധിപേർ വീടുവിട്ടിറങ്ങാൻ തയാറായിരുന്നില്ല. ഇത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. പിന്നീട് ഇവരെ രക്ഷപ്പെടുത്താൻ ഹെലികോപ്ടർ വേണ്ടിവന്നു.
നമുക്കു ചുറ്റും നടക്കുന്ന മാറ്റം പോലും ആർക്കും അറിയാത്ത അവസ്ഥയുണ്ട്. ഇതിന്റെ പ്രശ്‌നം വേണ്ടത്ര ദുരന്ത പ്രതികരണ അറിവുകൾ ലഭിച്ചിട്ടില്ല എന്നതും അല്ലെങ്കിൽ അറിയാനും പഠിക്കാനും തയാറായിട്ടില്ല എന്നതുമാണ്. കാരണം കേരളം കാലാവസ്ഥാ പരമായി സേഫ് സോണിലായിരുന്നു ഇത്രനാളും എന്നതാണ്. ഇപ്പോഴുള്ളതിനേക്കാൾ വലിയ മഴക്കാലം നമ്മളെത്ര കണ്ടതാ എന്ന മട്ടിലാണ് മലയാളികൾ ഓരോ മഴക്കാലത്തെയും സമീപിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം ദുരന്തം വന്നെത്തുന്നത് പെട്ടെന്നാണ്.
ഒന്നും ചെയ്യാൻ സമയമുണ്ടാകില്ല. പ്രളയം കഴിഞ്ഞ് നാലു വർഷമായിട്ടും ഈ മനോഭാവത്തിൽ നിന്ന് മലയാളി മാറിയിട്ടില്ല. മലയാളിയെ മാറ്റാൻ സർക്കാരും ബന്ധപ്പെട്ട ഏജൻസികളും തയാറായിട്ടുണ്ടോ എന്ന് ചോദിക്കുന്നതാകും ഉചിതം.
പ്രകൃതിയുടെ വെല്ലുവിളികളെ അതിജീവിക്കാൻ വരുന്ന തലമുറയെ പ്രാപ്തരാക്കേണ്ടതുണ്ട്. അതിന് സ്‌കൂളുകളിൽ നിന്നു തന്നെ ഇത്തരം വിഷയങ്ങളിൽ അവർക്ക് അറിവ് നൽകണം. പ്രായോഗിക പരിചയങ്ങൾക്ക് പ്രാധാന്യമുള്ള പാഠ്യപദ്ധതിയാണ് നമുക്കാവശ്യം. കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നമ്മുടെ പാഠ്യപദ്ധതിയിൽ ഇതെല്ലാം ഉൾപ്പെടുത്തേണ്ടതില്ലേ എന്ന് സർക്കാർ സജീവമായി ചിന്തിക്കണം.
സാധാരണക്കാരുടെ കാര്യമല്ല ഐ.എ.എസുകാരായ ജില്ലാ കലക്ടർമാർക്ക് പോലും കാലാവസ്ഥാ മുന്നറിയിപ്പുകളെ വിശകലനം ചെയ്ത് തീരുമാനമെടുക്കാൻ കഴിയാറില്ല. സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിക്കാൻ രാവിലത്തെ ആകാശം കാണണമെന്ന സ്ഥിതിവിശേഷം ഇപ്പോഴും നിലനിൽക്കുന്നു. വിദ്യാഭ്യാസ മന്ത്രി തന്നെ കലക്ടർമാരോട് ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തു. ജില്ലാ കലക്ടർമാരാണ് റവന്യൂ, ദുരന്ത നിവാരണ വകുപ്പുകളുടെ തലപ്പത്തുള്ളവർ. അവർക്ക് തന്നെ ആശയക്കുഴപ്പമാണെങ്കിൽ പൊതുജനങ്ങൾക്ക് എത്രത്തോളമുണ്ടാകും. എന്നാൽ, ജില്ലാ കലക്ടർ പുലർച്ചെയിലെ റഡാർ ചിത്രം നോക്കി മനസിലാക്കി ആലപ്പുഴയിൽ ഇന്നലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയത് ഒരുപക്ഷേ സംസ്ഥാനത്തെ ആദ്യ സംഭവമായേക്കും. മണിക്കൂറുകൾക്ക് മുൻപ് മഴ പ്രവചിക്കാൻ റഡാറിനു കഴിയും.
ഇന്നലെ രാവിലെ കനത്ത മഴയായിരുന്നു. ഇത്തരം സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയത് അഭിനന്ദനം അർഹിക്കുന്ന നടപടിയാണ്. മഴക്കാലത്തിനു മുൻപേ റോഡരികിലെ തണൽമരങ്ങളും മറ്റും വെട്ടിമാറ്റുക എന്നത് മഴക്കാല പൂർവ നടപടികളുടെ ഭാഗമായി നിർബന്ധമായും ചെയ്യേണ്ട ജോലിയാണ്. ശക്തമായ വേരുകളില്ലാത്ത തണൽമരങ്ങൾ മഴക്കാലത്ത് ഭാരം കൂടി കടപുഴകി വീഴുന്നത് ഒഴിവാക്കാൻ ശിഖിരങ്ങൾ വെട്ടി ഭാരം കുറയ്ക്കണം. സ്‌കൂളുകളിലും പൊതു സ്ഥലത്തും റോഡിലും മരങ്ങളെ കാലവർഷത്തെയും കാറ്റിനെയും അതിജീവിക്കാനുള്ള രീതിയിലേക്ക് മാറ്റാൻ കഴിയേണ്ടതുണ്ട്. മണിക്കൂറിൽ 45 കി.മി വരെ വേഗത്തിലുള്ള കാറ്റാണ് കാലവർഷത്തോട് അനുബന്ധിച്ചുണ്ടാകുന്നത്.
മഴ കനക്കുമ്പോൾ അനാവശ്യ യാത്രകൾ ഒഴിവാക്കുകയാണ് പൊതുജനം ചെയ്യേണ്ട പ്രധാന കാര്യം. കഴിവതും വീട്ടിൽ കഴിയുക. വിനോദ സഞ്ചാരം പൂർണമായി നിർത്തിവയ്ക്കുക. മലയോര മേഖലയിൽ പോകരുത്. ഉരുൾപൊട്ടൽ ഭീഷണി തീരുന്നതു വരെ ആ മേഖലയിൽ രാത്രി യാത്ര അരുത് തുടങ്ങിയവ പൊതു ജാഗ്രതാ നിർദേശങ്ങളാണ്. പക്ഷേ മഴയെ ആസ്വദിക്കാൻ ഹൈറേഞ്ചിലേക്ക് പോകാനാണ് മലയാളി ആഗ്രഹിക്കുന്നത്. സ്വന്തം സുരക്ഷയ്ക്ക് വിലയും കൽപിക്കാത്ത തീരുമാനം. പുഴയിലും നീർച്ചാലുകളിലും തോട്ടിലും കുളിക്കുക തുടങ്ങിയവയും മഴക്കാലത്ത് പാടില്ല. മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേകിച്ചും. പ്രകൃതിയെയും അതിന്റെ സ്വാഭാവത്തെയും പൂർണമായി മനസിലാക്കാതെ ഇതൊക്കെ ചെയ്യുമ്പോഴാണ് അപകടം സംഭവിക്കുന്നത്. കടലിനെ പരിചയമില്ലാത്തവർ കടലിൽ ഇറങ്ങിയാൽ അപകട സാധ്യത കൂടുതലാണ്. അതുപോലെയാണ് മലയോര ടൂറിസത്തിന് ഇറങ്ങുന്നവരും.
നീന്തലറിയാതെ പുഴയിൽ കുളിക്കാൻ ഇറങ്ങിയും കുളത്തിൽ നീന്തിപഠിച്ചവർ കടലിലും ഡാമിലും കുത്തൊഴുക്കുള്ളിടങ്ങളും മുങ്ങിമരിച്ചതുമായ നിരവധി വാർത്ത വായിക്കാനാകും. സ്വ ജീവന് വില നൽകാതെയുള്ള ഇത്തരം സാഹസികത ആരും പ്രോത്സാഹിപ്പിക്കരുത്. സുരക്ഷാ മുന്നൊരുക്കങ്ങൾ പാലിക്കാതെ ഒരു സാഹസത്തിനും മുതിരുകയും അരുത്. ഓരോ ജീവനും വിലപ്പെട്ടതാണ്. അപ്രതീക്ഷിത ദുരന്തത്തെ നേരിടാതെ തരമില്ല, ഒഴിവാക്കാവുന്ന ദുരന്തം കൈനീട്ടി വാങ്ങരുത്. ഇത്തരം കാര്യങ്ങളെ കുറിച്ച് ബോധവൽക്കരണവും പരിശീലനവും വേണം. എങ്കിൽ കെടുതികളില്ലാത്ത കാലവർഷത്തെ നമുക്ക് വരവേൽക്കാനാകും.
Content Highlights:Editorial About Monsoon
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."