കരുതിയിരിക്കണം ജന്തുജന്യ പകർച്ചവ്യാധികൾ
ഡോ. എം.മുഹമ്മദ് ആസിഫ്
മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള രോഗങ്ങളെയും അവയുടെ നിയന്ത്രണത്തെയും പ്രതിരോധത്തെയും പറ്റിയുള്ള ഓർമപ്പെടുത്തലുമായി ഇന്ന് ലോക ജന്തുജന്യരോഗ ദിനമായി ആചരിക്കുകയാണ്. 'ജന്തുജന്യരോഗങ്ങൾ പ്രതിരോധിക്കാൻ ഏകാരോഗ്യസമീപനം' എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ പ്രധാനപ്രമേയം. മനുഷ്യരാശിക്ക് ഇന്നും വെല്ലുവിളിയുയർത്തുന്ന ജന്തുജന്യരോഗങ്ങളിൽ പ്രധാനമായ പേവിഷബാധയെ പ്രതിരോധിക്കാൻ വിഖ്യാത ശാസ്ത്രജ്ഞനായിരുന്ന ലൂയി പാസ്ചർ നൂറ്റിമുപ്പത്തിയെട്ട് വർഷങ്ങൾക്ക് മുൻപ്, ഒരു ജൂലൈ ആറാം തീയതി നടത്തിയ പ്രഥമവും വിജയകരവുമായ റാബീസ് പ്രതിരോധ വാക്സിൻ പരീക്ഷണത്തിന്റെ ഓർമപുതുക്കൽ കൂടിയാണ് ഈ ദിനം. കൊവിഡിനെ അതിജീവിക്കാനുള്ള മനുഷ്യരാശിയുടെ വർഷങ്ങൾ നീണ്ട പോരാട്ടം വിജയത്തോടടുക്കുന്ന ഘട്ടത്തിലാണ് ഇത്തവണ ജന്തുജന്യരോഗദിനം ആചരിക്കപ്പെടുന്നത്. കൂടാതെ, സംസ്ഥാനത്ത് ശക്തമായ മഴ പൊയ്തുകൊണ്ടിരിക്കുകയുമാണ്
പുതിയ രോഗങ്ങളില്‍ ഭൂരിഭാഗവും ജന്തുജന്യം
മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പടരുന്ന ജന്തുജന്യരോഗങ്ങളുടെ എണ്ണവും തീവ്രതയുമെല്ലാം നാൾക്കുനാൾ ഉയരുന്ന കാലമാണിത്. വസൂരിയും പോളിയോയും ഒഴിച്ച് പ്ലേഗ്, സ്വൈൻ ഇൻഫ്ലുവൻസ, ഏവിയൻ ഇൻഫ്ലുവൻസ, സാർസ് കൊറോണ, മെർസ് കൊറോണ, എബോള, കോംഗോ ഹെമറേജിക് ഫീവർ, മാർബർഗ്, നിപ, സിക്ക തുടങ്ങിയ മഹാമാരികൾ എല്ലാം ജന്തുജന്യരോഗങ്ങളാണ്. മനുഷ്യരെ ബാധിക്കുന്നതായി കണ്ടെത്തിയ പുതുതായി ആവിർഭവിച്ച രോഗങ്ങളില്‍ 75 ശതമാനവും ജന്തുജന്യരോഗങ്ങളാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നു.
ലോകത്തിന്റെ വിവിധയിടങ്ങളിൽ ഓരോ വർഷവും ഉത്ഭവിക്കപ്പെടുന്ന അഞ്ച് പുതിയ രോഗങ്ങളിൽ മൂന്നും മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗങ്ങളാണെന്ന് ലോക മൃഗാരോഗ്യ സംഘടനയും നിരീക്ഷിക്കുന്നു. ലോകാരോഗ്യസംഘടനയുടെ മറ്റൊരു റിപ്പോര്‍ട്ടില്‍ മനുഷ്യാരോഗ്യത്തെ അപകടപ്പെടുത്തുന്ന സാംക്രമികരോഗങ്ങളില്‍ 60 ശതമാനവും ജന്തുക്കളില്‍ നിന്നോ ജന്തുജന്യ ഉല്‍പ്പന്നങ്ങളില്‍ നിന്നോ പ്രത്യക്ഷമായോ പരോക്ഷമായോ പകരാവുന്ന രോഗങ്ങളാണെന്ന് വ്യക്തമാക്കുന്നു. സുവോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടൻ നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ മനുഷ്യരിലെ സാംക്രമിക രോഗങ്ങളിൽ 60 ശതമാനവും ജന്തുജന്യമാണെന്നും അതിൽത്തന്നെ 71 ശതമാനം വന്യജീവികളിൽ നിന്നാണെന്നും വെളിപ്പെടുത്തിയിരുന്നു.
രോഗങ്ങൾ മനുഷ്യരെ തേടിയെത്തുന്ന വഴി
ജന്തുജന്യരോഗങ്ങൾ തുടർക്കഥയാവുന്ന ഈ കാലഘട്ടത്തിൽ മഹാമാരികള്‍ക്ക് കാരണമായ രോഗാണുക്കൾ ജന്തുക്കളിൽനിന്ന് മനുഷ്യരിലേക്കെത്തിയതിൻ്റെ വഴികള്‍ അന്വേഷിച്ചാല്‍ പരിസ്ഥിതി നശീകരണത്തിൻ്റെയും വന്യജീവികളുടെ ആവാസവ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റത്തിന്റെയും ആവാസവ്യവസ്ഥ നശിപ്പിച്ചതിൻ്റെയുമെല്ലാം യാഥാര്‍ഥ്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. ഭാവിയിൽ ഭീഷണിയായേക്കാവുന്ന ജന്തുജന്യരോഗങ്ങളുടെ ഫലപ്രദ പ്രതിരോധത്തിനായുള്ള വഴികൾ തേടേണ്ടതും ഈ അന്വേഷണത്തിൽ നിന്നാണ്. മലേഷ്യയിൽ 1999- ൽ നിപ വൈറസ് ആദ്യമായി എങ്ങനെ മനുഷ്യരിലേക്കെത്തി എന്ന ചോദ്യത്തിന് ഉത്തരം തേടിയ ശാസ്ത്രപഠനങ്ങൾ വനനശീകരണം, കാലാവസ്ഥാവ്യതിയാനം എന്നീ രണ്ട് ഉത്തരങ്ങളിലാണ് ഒടുവിലെത്തിയത്.
നിപ വൈറസ് രോഗം കണ്ടെത്തിയതിന് തൊട്ടുമുന്‍പുള്ള വര്‍ഷങ്ങളില്‍ കൃഷിക്കും പള്‍പ്പിനും വേണ്ടി വന്‍തോതിലായിരുന്നു മലേഷ്യയില്‍ വനനശീകരണം നടന്നത്. വനം കൈയേറ്റവും നശീകരണവും വനങ്ങളിലെ മഹാമരങ്ങളിൽ ചേക്കേറി ജീവിച്ചിരുന്ന പഴംതീനി വവ്വാലുകളുടെ ആവാസവ്യവസ്ഥയെ ബാധിച്ചു എന്നാണ് മലേഷ്യയിലെ നിപ ബാധയെ തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍ കണ്ടെത്തിയത്. ആവാസ വ്യവസ്ഥ നഷ്ടമായ വവ്വാലുകൾ തീരപ്രദേശങ്ങളോട് ചേര്‍ന്ന വനങ്ങളില്‍ നിന്നും പുതിയ വാസസ്ഥാനങ്ങൾ തേടി നാട്ടിന്‍പുറങ്ങളിലെ പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങളോട് ചേര്‍ന്ന വനങ്ങളിലേക്ക് കൂട്ടത്തോടെ പലായനം ചെയ്യുകയുണ്ടായി. ഒരേ ചുറ്റുപാടിൽ നേരിട്ടും അല്ലാതെയും സമ്പർക്കമുണ്ടായതോടെ വവ്വാലുകളിൽ സ്വാഭാവികമായി കാണപ്പെടുന്ന നിപ വൈറസുകൾ വളർത്തുപന്നികളിലേക്കെത്തുകയും പിന്നീട് മനുഷ്യരിലേക്ക് പകരുകയുമുണ്ടായി.
2002-ൽ ആദ്യമായി ചൈനയിൽ കണ്ടെത്തിയ സാര്‍സ് കൊറോണ വൈറസ് വവ്വാലുകളില്‍ നിന്ന് ഒരിനം വെരുകുകളിലേക്കും വെരുകിനെ പിടികൂടി വിപണനം നടത്തുകയും ആഹാരമാക്കുകയും ചെയ്ത മനുഷ്യരിലേക്കുമായിരുന്നു പകർന്നത്. 2012 - ല്‍ ആദ്യമായി സഉൗദി അറേബ്യയില്‍ കണ്ടെത്തിയ മെര്‍സ് കൊറോണ രോഗം എത്തിയതാകട്ടെ ഈജിപ്ഷ്യന്‍ വവ്വാലുകളില്‍ നിന്ന് ഒട്ടകങ്ങളിലേക്കും, ഒട്ടകങ്ങളില്‍ നിന്ന് മനുഷ്യരിലേക്കുമായിരുന്നു. വനനശീകരണത്തിന്റെയും വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിലേക്ക് കടന്നുകയറി നശിപ്പിച്ചതിൻ്റെയും ഫലമായി ജന്തുജന്യമഹാമാരികൾ പൊട്ടിപുറപ്പെട്ടതിന്റെ ഉദാഹരണങ്ങൾ നമ്മുടെ നാട്ടിലുമുണ്ട്.
പശ്ചിമഘട്ട വനമേഖലയില്‍ ഉണ്ടായ മനുഷ്യ ഇടപെടലുകളാണ് 1957- ല്‍ കര്‍ണാടകയിലെ ഷിമോഗയിലെ ക്യാസനൂര്‍ വനമേഖലയില്‍ കുരങ്ങുപനി / ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് (കെ.എഫ്.ഡി.) പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കിയത്. 1957 മുതല്‍ 2006 വരെ കര്‍ണാടകയിൽ മാത്രം ഒതുങ്ങിനിന്ന കുരങ്ങുപനി പിന്നീട് പശ്ചിമഘട്ടമേഖലയിലെ വിവിധ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കാന്‍ തുടങ്ങി. ഓരോ ജന്തുജന്യരോഗാണുവിന്റെയും ആവിർഭാവ, വ്യാപന ചരിത്രത്തിലേക്ക് ആഴ്ന്നിറങ്ങിയാൽ ഇത്തരം അനേകം ഉദാഹരണങ്ങളും തെളിവുകളും ഇനിയുമുണ്ട്. മഹാമാരികളുടെ ഉത്ഭവവും ജീവികളുടെ ആവാസവ്യവസ്ഥയുടെ നശീകരണവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന ഈ വസ്തുതകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.
പ്രതിരോധിക്കാൻ ഏകാരോഗ്യസമീപനം
മനുഷ്യൻ്റെ അറിവുകൾക്ക് ഇന്നേവരെ തീർത്തും അപരിചിതമായ അനേകലക്ഷം രോഗാണുക്കള്‍ വന്യജീവികളിലും പക്ഷികളിലും സ്വാഭാവികമായ രീതിയിൽ വസിക്കുന്നുണ്ട്. 1.67 ദശലക്ഷം രോഗാണുക്കൾ ഇങ്ങനെ മറഞ്ഞിരിക്കുന്നുണ്ടെന്നാണ് എക്കോ ഹെല്‍ത്ത് അലയന്‍സ് എന്ന സംഘടന നിരീക്ഷിക്കുന്നത്.ഓരോ ജീവക്കും പ്രകൃതി സ്വാഭാവികമായി അനുവദിച്ച ആവാസവ്യവസ്ഥക്ക് മാറ്റം വരുത്തുകയും അവയുടെ ആവാസവ്യവസ്ഥയിലേക്ക് അന്യായമായി കടന്നുകയറുകയും അവയെ വേട്ടയാടുകയും ആഹാരമാക്കുകയുമെല്ലാം ചെയ്യുന്നത് വഴി അതുവരെ ജീവികളില്‍ മാത്രം അഭയം പ്രാപിച്ചിരുന്ന വൈറസുകള്‍ ഉൾപ്പെടെയുള്ള രോഗാണുക്കൾക്ക് ജൈവ അതിരുകൾ മറികടന്ന് മനുഷ്യശരീരത്തിലേക്ക് കടന്നുകയറാനുള്ള എളുപ്പ വഴി ഒരുക്കിക്കൊടുക്കുകയാണ് മനുഷ്യന്‍ ചെയ്യുന്നത്.
ജീവജാലങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റവും പരിസ്ഥിതിനശീകരണവും വന്യജീവി വാണിജ്യവുമെല്ലാം മഹാമാരികളിലേക്കുള്ള എടുത്തുചാട്ടം കൂടിയായിരിക്കും എന്ന അതീവ ഗൗരവമുള്ള വസ്തുത നാം ഉൾക്കൊള്ളുകയും അത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ടതുമുണ്ട്.
ജന്തുജന്യരോഗങ്ങള്‍ ഉയര്‍ത്തുന്ന ആരോഗ്യ വെല്ലുവിളികള്‍ ഫലപ്രദമായി പ്രതിരോധിക്കാനും പൊതുജനാരോഗ്യം സുരക്ഷിതമാക്കാനും നമ്മുടെ ആരോഗ്യ സമീപനങ്ങളില്‍ നയപരമായ ഒരു മാറ്റം അനിവാര്യമാണ്. മനുഷ്യരില്‍ മാത്രം ഒരുങ്ങി നില്‍ക്കുന്ന പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൊണ്ടോ മരുന്നുപയോഗം കൊണ്ടോ ജന്തുജന്യരോഗനിയന്ത്രണം സാധ്യമല്ല. ചുറ്റും അധിവസിക്കുന്ന ജീവജാലങ്ങളുടെയും അവയുടെ ആവാസവ്യവസ്ഥയുടെയും ആരോഗ്യം സംരക്ഷിക്കേണ്ടത് ജന്തുജന്യരോഗനിയന്ത്രണത്തിന് അനിവാര്യമാണ്.
മനുഷ്യരുടെ ആരോഗ്യസുരക്ഷിതത്വം എന്നത് പ്രകൃതിയുടെയും മറ്റു ജീവജാലകങ്ങളുടെയും ആരോഗ്യവുമായി ഇഴപിരിക്കാനാവാത്ത വിധം ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് വണ്‍ ഹെല്‍ത്ത് അഥവാ ഏകാരോഗ്യം എന്ന ആശയത്തിൻ്റെ സത്ത, ലോക ജന്തുജന്യരോഗദിനം മുന്നോട്ട് വെക്കുന്ന സന്ദേശവും അത് തന്നെ.
(ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാനസമിതി അംഗമാണ് ലേഖകൻ)
Content Highlights: Today's Article About Fevers
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."