യു.എസ് ഡ്രോൺ ഇടപാടും റാഫേൽ അഴിമതിയും
അഡ്വ.ജി.സുഗുണൻ
പ്രതിരോധ-വിദേശ മന്ത്രാലയങ്ങളെ അറിയിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസുമായി ഏകപക്ഷീയമായി ഒപ്പിട്ട കരാറായിരുന്നു റാഫേലിലേത്. സമാന ദുരൂഹതയും അഴിമതി ആരോപണവുമാണ് അമേരിക്കയുമായുള്ള ഡ്രോൺ ഇടപാടിലും ഉണ്ടായിരിക്കുന്നത്. റാഫേൽ അഴിമതി സംബന്ധിച്ച് രാജ്യം ഇപ്പോഴും ചർച്ചചെയ്യുന്നുണ്ട്. ഈ വിഷയം കോടതിയുടെ പരിഗണനയിലുമാണ്. 31 പ്രിഡേറ്റർ ഡ്രോണുകൾ യു.എസിൽനിന്ന് വാങ്ങാനുള്ള നീക്കത്തിൽപ്രധാനമന്ത്രിക്കെതിരേയാണ് ആരോപണം ഉയർന്നിരിക്കുന്നത്. കൂടിയ വിലയിലും നിലവാരം കുറഞ്ഞതുമായഡ്രോണുകളായിരിക്കും ഇന്ത്യക്ക് ലഭിക്കുക എന്നാണ് പ്രധാന ആരോപണം.
'മേക്ക് ഇൻ ഇന്ത്യ' എന്ന ആശയം പരിഗണിക്കാതെയാണ് യു.എസിൽനിന്ന് ഡ്രോൺ വാങ്ങുന്നതിനുള്ള ഈ ഇടപാട്. കൂടാതെ, എ.ഐ സാങ്കേതിക വിദ്യയുള്ള ഡ്രോണുകളുടെ കാലത്ത് ഈ സൗകര്യം ഇല്ലാത്ത ഡ്രോണിന്, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അമിത വിലയാണ് ഇന്ത്യ നൽകേണ്ടിവരുന്നതെന്ന് പ്രതിരോധവിദഗ്ധർ ചൂണ്ടികാട്ടുന്നു. ജനറൽ ആറ്റോമിക്‌സ്
നിർമിക്കുന്ന 31 എം.ക്യൂ-9 ബി പ്രഡേറ്റർ ഡ്രോണുകൾക്കായി 25,200കോടി രൂപ മുടക്കേണ്ടിവരുമെന്നാണ് ഏകദേശ ധാരണ.
ഡ്രോണുകളുടെ വില സംബന്ധിച്ച് വ്യക്തമായ വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല. കരാർ സംബന്ധിച്ച് ചർച്ച നടത്തി വില തീരുമാനിക്കുന്ന വിഷയത്തിൽ അമേരിക്കയുടെ നിലപാട് പുറത്തുവരാത്ത സാഹചര്യത്തിൽ അന്തിമ ഇടപാടിൽ വില ഇനിയും ഉയരുമെന്നാണ് വിവരം. അമിത വിലയ്ക്ക് ഫ്രാൻസിൽനിന്ന് റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങിയതിന് തുല്യമായ കരാറാണ് ഒരുങ്ങുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു. മോദി ഭരണത്തിൽ മറ്റൊരു കുംഭകോണമാണ് അരങ്ങേറുന്നതെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു.
എം.ക്യൂ 9ബി ഡ്രോൺ മികച്ച സാങ്കേതിക നിലവാരം പുലർത്തുന്നതല്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കം പുത്തൻ സാങ്കേതിക വിദ്യകൾ അടങ്ങിയ ഡ്രോണുകളെക്കാൾ മനുഷ്യ വിഭവശേഷി കൂടിയതാണ് ഇവ. ഇന്ത്യ വാങ്ങുന്ന ഒരു ഡ്രോണിന് 110 ദശലക്ഷം ഡോളർ (ഏകദേശം 812 കോടി രൂപ) ആണ് ചെലവാക്കേണ്ടത്. ഡിഫൻസ് റിസർച്ച് ഓർഗനൈസേഷന് ഇതിന്റെ പത്ത് മുതൽ 20% തുകക്ക് ഡ്രോൺ നിർമിക്കാൻ സാധിക്കുമെന്ന് പ്രതിരോധ വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു.
നിരവധി രാജ്യങ്ങൾ എം.ക്യൂ-9 പ്രഡേറ്റർ ഡ്രോണുകളോ സമാനമായ പതിപ്പുകളോ ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ വാങ്ങിട്ടുണ്ട്. ഒരു ഡ്രോണിന് 56.5 ദശലക്ഷം ഡോളറിനാണ് യു.എസ് വ്യോമസേനക്ക് ലഭിക്കുന്നത്. 2016-ൽ ബ്രിട്ടിഷ് വ്യോമസേനക്ക് എം.ക്യൂ 9 ബി ഡ്രോൺ ലഭിച്ചത് 12.5 ദശലക്ഷം ഡോളറിനാണ്. ഒരു ഡ്രോണിന് 17 ദശലക്ഷം ഡോളറിനാണ് ജർമനി വാങ്ങിയതെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പ്രതിരോധ ഇടപാട് സമിതിയും സൈന്യവും നൽകിയ മുന്നറിയിപ്പ് അവഗണിച്ചാണ് മോദി സർക്കാർ കരാർ ഒപ്പിട്ടിരിക്കുന്നതെന്ന ആക്ഷേപമുണ്ട്. 2023 ഏപ്രിലിൽ പ്രഡേറ്റർ ഡ്രോണുകളുടെ ആവശ്യകത 18 ആണെന്ന് സൈന്യം കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ നാവികസേനക്കായി 15 സി ഗാർഡിയൻ ഡ്രോണുകളും കര-വ്യോമ സേനക്കായി 8 വീതം സ്‌കൈ ഗാർഡിയൻ ഡ്രോണുകളും വാങ്ങുന്നതിനാണ് കരാർ ധാരണയായിരിക്കുന്നത്. ഡ്രോൺ ഇടപാടിൽ നിരവധി ചോദ്യങ്ങൾ ഉയർന്നെങ്കിലും പ്രതിരോധ മന്ത്രാലയമോ വകുപ്പ് മന്ത്രിയോ കരാർ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് സന്ദർശനത്തിനിടയാണ് അവിടെനിന്ന് ഡ്രോൺ വാങ്ങാനുള്ള തീരുമാനമുണ്ടായത്. വിപണി വിലയെക്കാൾ നാലിരട്ടി തുകയ്ക്കാണ് കരാർ. വ്യോമ, നാവിക സേനകൾക്കായി സ്വകാര്യ കമ്പനിയായ ജനറൽ എറ്റോമിക്‌സിൽ നിന്നാണ് ഡ്രോണുകൾ വാങ്ങാൻ ധാരണയായതെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര ആരോപിച്ചു.
രാജ്യത്തെ സുരക്ഷാകാര്യ മന്ത്രിസമിതിയുടെ അംഗീകാരം ഇല്ലാത്ത യു.എസുമായുള്ള ഡ്രോൺ ഇടപാടിൽ നിരവധി ദുരൂഹതകളുണ്ട്. രാജ്യരക്ഷയുടെ മേഖലയിൽ പോലും ഈ അഴിമതി ക്രമാതീതമായി വർധിക്കുന്നത് ഗുരുതര സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. ആരോപണം ഉയർന്ന സാഹചര്യത്തിൽ, കേന്ദ്രസർക്കാർ അമേരിക്കയുമായിട്ടുള്ള ഈ പ്രിഡേറ്റർ ഇടപാട് ഉടൻതന്നെ പുനഃപരിശോധനക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു.
Content Highlights:Today's Article About defence
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."