64 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; ക്യാമ്പുകളില്‍ 264 കുടുംബങ്ങള്‍
64 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; ക്യാമ്പുകളില്‍ 264 കുടുംബങ്ങള്‍
തിരുവനന്തപുരം: കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയില്‍ പരക്കെ നാശം. സംസ്ഥാനത്താകെ 64 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 264 കുടുംബത്തിലെ 1154 പേരാണ് ക്യാമ്പുകളില്‍ ഉള്ളത്. 14 വീട് പൂര്‍ണമായും 398 വീട് ഭാഗികമായും തകര്‍ന്നു. തീരദേശത്ത് കടല്‍ക്ഷോഭം ശക്തമാണ്. അതേ സമയം മഴ വ്യാഴാഴ്ചകൂടി തുടരുമെന്നും തുടര്‍ന്ന് മഴയുടെ തീവ്രത കുറയുമെന്നുമാണ് കാലാവസ്ഥാ വകുപ്പ് പ്രവചനം.
പലയിടത്തും വീടുകള്വെള്ളത്തിലായി. പുഴകളും തോടുകളും പാടങ്ങളും കരകവിഞ്ഞതോടെ വീടുകളും റോഡുകളും നാശത്തിന്റെ വക്കിലാണ്. ആലപ്പുഴയിലും കണ്ണൂരിലും രണ്ടുപേര്‍ മരിച്ചു. തൃശൂരിലും മലപ്പുറം കുണ്ടോട്ടിയിലും വീശിയടിച്ച ചുഴലിക്കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി പോസ്റ്റുകളും മരങ്ങളും നിലം പതിച്ചു. തൃശൂരില്‍ ചാലക്കുടി, മുകുന്ദപുരം താലൂക്കുകളില്‍ മിന്നല്‍ചുഴലി വീശി മൂന്ന് വീട് പൂര്‍ണമായും 56 വീട് ഭാഗികമായും തകര്‍ന്നിട്ടുണ്ട്.
അതേ സമയം വടക്കന്‍ കേരളത്തില്‍ അടുത്ത രണ്ടുമൂന്ന് ദിവസംകൂടി ശക്തമായ മഴ തുടരും. കോട്ടയം പത്തനംതിട്ട ജില്ലകളില്‍ പുഴകര കവിഞ്ഞ് വീടുകള്‍ വെള്ളത്തിലായി. ആലപ്പുഴയില്‍ കിഴക്കന്‍ വെള്ളത്തിന്റെ ശക്തമായ ഒഴുക്കില്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. പമ്പാനദിയിലും മണിമലയാറ്റിലും അച്ചന്‍കോവില്‍ ആറ്റിലും ജലനിരപ്പ് ഉയരുകയാണ്. പുന്നപ്ര തെക്ക് പഞ്ചായത്തിലെ പാര്യക്കാടന്‍ പാടശേഖരം വരമ്പ് തകര്‍ന്ന് വെള്ളത്തിലായി. മലപ്പുറത്ത് ചാലിയാറിലും കടലുണ്ടിപ്പുഴയിലും ജലനിരപ്പുയര്‍ന്നു. ഇടുക്കി മലങ്കര, കുറ്റ്യാടി, കാരാപ്പുഴ, മണിയാര്‍, ഭൂതത്താന്‍കെട്ട്, മൂലത്തറ, പഴശി എന്നീ അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഭാഗികമായി തുറന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."