സവര്‍ക്കറുടെ ചെറുമകന്‍ നല്‍കിയതടക്കം 10 കേസെങ്കിലും രാഹുലിനെതിരെയുണ്ട്; ഹൈക്കോടതി
സവര്‍ക്കറുടെ ചെറുമകന്‍ നല്‍കിയതടക്കം 10 കേസെങ്കിലും രാഹുലിനെതിരെയുണ്ട്; ഹൈക്കോടതി
അഹമ്മദാബാദ്: അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷത്തെ ശിക്ഷ വിധിച്ചത് സ്‌റ്റേ ചെയ്യാതിരിക്കുന്നതില്‍ ഒരു അനീതിയുമില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. വിവിധ കോടതികളിലായി രാഹുലിനെതിരെ പത്തിലധികം കേസുകള്‍ നിലവിലുണ്ട്. രാഷ്ട്രീയത്തില്‍ സംശുദ്ധി വേണം. സവര്‍ക്കെതിരെ കേംബ്രിഡ്ജില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ സവര്‍ക്കറുടെ ചെറുമകന്‍ പൂണെ കോടതിയിലും അപകീര്‍ത്തിക്കേസ് നല്‍കിയിട്ടുണ്ടെന്നും ജസ്റ്റിസ് ഹേമന്ത് പ്രഛക് ചൂണ്ടിക്കാട്ടി.
'ശിക്ഷ സ്റ്റേ ചെയ്യാന്‍ വിസമ്മതിക്കുന്നത് ഒരു തരത്തിലും അപേക്ഷകനോട് അനീതിക്ക് കാരണമാകില്ല, ന്യായമായ കാരണങ്ങളൊന്നുമില്ല. ശിക്ഷാവിധി ന്യായവും ഉചിതവും നിയമപരവുമാണ്. പ്രസ്തുത ഉത്തരവില്‍ ഇടപെടേണ്ട കാര്യമില്ല. അതിനാല്‍ അപേക്ഷ തള്ളുന്നു' ജസ്റ്റിസ് ഹേമന്ത് പ്രഛക് പറഞ്ഞു.
മാര്‍ച്ച് 23ന്, സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എച്ച് എച്ച് വര്‍മ്മയാണ് മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ കിരിത് പന്‍വാല വിധിക്കെതിരെ ജസ്റ്റിസ് ആര്‍പി മൊഗേരയുടെ സൂറത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കി.
'എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന് പൊതുവായി പേര് വന്നത് എങ്ങനെ എങ്ങനെ?' എന്ന രാഹുലിന്റെ പരാമര്‍ശമാണ് കേസിനാധാരമായത്. ബിജെപി എംഎല്‍എയും ഗുജറാത്ത് മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് പരാതി നല്‍കിയത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയിലെ കോലാറില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കവെയായിരുന്നു രാഹുല്‍ ഗാന്ധി ഈ പരാമര്‍ശം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."