ഗോവൻ നിയമം: ബഹുഭാര്യാത്വം ഹിന്ദുക്കൾക്ക് മാത്രം
കെ.എ.സലിം
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ആദിവാസി ഗോത്രങ്ങളിലും മാത്രമല്ല, ഗോവയിലും രാജ്യത്തെ മറ്റു പ്രദേശങ്ങളിൽനിന്ന് വ്യത്യസ്തമായ സിവിൽ നിയമങ്ങളുണ്ട്. ഗോവ കുടുംബ നിയമപ്രകാരം ഭാര്യ 25 വയസിനുള്ളിൽപ്രസവിക്കാതിരിക്കുകയോ ആൺകുഞ്ഞിന് ജന്മം നൽകാതിരിക്കുകയോ ചെയ്താൽ ഹിന്ദു പുരുഷൻമാർക്ക് ബഹുഭാര്യാത്വത്തിന് അവകാശമുണ്ട്. മുസ് ലിംകൾ അടക്കം മറ്റു സമുദായത്തിലെ പുരുഷൻമാർക്ക് ബഹുഭാര്യാത്വത്തിന് അവകാശമില്ല. മുത്തലാഖും വാക്കാലുള്ള വിവാഹമോചനവും അനുവദനീയമല്ല. ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്നത് മാത്രമാണ് ഹിന്ദു പുരുഷൻമാർക്ക് വിവാഹമോചനം അനുവദിക്കാനുള്ള ഒരേ ഒരു കാരണമായി കണക്കാക്കുന്നത്.
വിവാഹത്തിന് മുമ്പും ശേഷവുമുള്ള ഇണകളുടെ എല്ലാ ആസ്തികളിലും ഭാര്യക്കും ഭർത്താവിനും തുല്യ അവകാശമായി കണക്കാക്കപ്പെടും.
വിവാഹമോചനം നടന്നാലും സ്വത്തുക്കൾ തുല്യമായി വീതംവച്ചിരിക്കണം. വിവാഹത്തിനു മുമ്പ് സ്വത്ത് വീതംവയ്ക്കുന്നതിൽ എന്തെങ്കിലും കരാറുണ്ടെങ്കിൽ അത് നിയമവിധേയമാണ്. വിവാഹത്തിനു മുമ്പുള്ള സ്വത്തുക്കൾ ഓരോരുത്തർക്കും സ്വന്തം സ്വത്തായി നിലനിർത്തണമെങ്കിലും ഇത്തരത്തിലൊരു കരാർ നിർബന്ധമാണ്. വിവാഹിതർക്ക് പങ്കാളിയുടെ സമ്മതമില്ലാതെ സ്വത്ത് വിൽക്കാൻ കഴിയില്ല. പൈതൃക സ്വത്ത് മക്കൾക്കിടയിൽ തുല്യമായി വീതിച്ചിരിക്കണം. മാതാപിതാക്കളുടെ പാരമ്പര്യ സ്വത്തിന്റെ പാതിയിലെങ്കിലും മക്കൾക്ക് അവകാശമുണ്ടാകും. റോമൻ കത്തോലിക്കർക്ക് സിവിൽ രജിസ്ട്രാറിൽനിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നേടിയശേഷം ചർച്ചിൽവച്ച് അവരുടെ വിവാഹം നടത്താം.
ഗോവ സിവിൽകോഡ് പ്രധാനമായും 1867ലെ പോർച്ചുഗീസ് സിവിൽകോഡിനെ അടിസ്ഥാനമാക്കിയാണ് രൂപംകൊണ്ടത്. 1870ൽ ഗോവയിൽ നടപ്പാക്കി. എന്നാൽ 1880ൽ ഇതിൽ ഭേദഗതി വരുത്തി. സ്ത്രീകൾക്ക് കൂടുതൽ അവകാശങ്ങൾ നൽകി 1910ലെ വിവാഹവും വിവാഹമോചനവും സംബന്ധിച്ച ഭേദഗതികൾ വരുത്തി. 1946ലെ കാനോനിക്കൽ വിവാഹങ്ങളെക്കുറിച്ചുള്ള പോർച്ചുഗീസ് ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ഭേദഗതിയുണ്ടായി. 1961ൽ ഗോവയെ ഇന്ത്യൻ യൂനിയനിൽ ലയിപ്പിച്ചതിനുശേഷവും പഴയ സിവിൽകോഡ് നിലനിർത്തുകയാണ് ചെയ്തത്. അതായത്, ബഹുഭാര്യാത്വം പോലുള്ളവ മുസ്‌ലിം വ്യക്തിനിയമത്തിലോ ആദിവാസികൾക്കിടയിലോ ഉള്ളതല്ല എന്നർഥം. പരിഷ്‌കൃതമെന്ന് കരുതുന്ന ഗോവൻ ഹിന്ദു സമൂഹത്തിൽ ഇപ്പോഴും അത് നിയമപ്രകാരം അംഗീകരിച്ചതാണ്.
ഏക സിവിൽകോഡ് നടപ്പാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ 2023 ഫെബ്രുവരിയിൽ, മിസോ നാഷണൽ ഫ്രണ്ട് ഭരിക്കുന്ന മിസോറം സർക്കാർ ഏക സിവിൽകോഡിനെതിരേ ഏകകണ്ഠമായി പ്രമേയം പാസാക്കി.
മിസോകൾ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങളുടെ മതപരമോ സാമൂഹികമോ ആയ ആചാരങ്ങൾ, ആചാര നിയമങ്ങൾ, സംസ്‌കാരങ്ങൾ, പാരമ്പര്യങ്ങൾ എന്നിവ അവസാനിപ്പിക്കാനുള്ള നീക്കമാണ് ഇതെന്നും ഏക സിവിൽകോഡ് രാജ്യത്തെ ശിഥിലമാക്കുമെന്നും ചൂണ്ടിക്കാട്ടിയത് ആഭ്യന്തര മന്ത്രി ലാൽചാംലിയാനയാണ്.
ഭരണഘടനയുടെ 371ാം വകുപ്പ് പ്രകാരം മിസോറമിന് ആചാരപരവും മതപരവുമായ നിയമങ്ങൾ പ്രത്യേകം സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. എങ്കിലും അവിടുത്തെ ജനങ്ങൾക്ക് ഇക്കാര്യത്തിൽ ആശങ്കയുണ്ട്. സ്വന്തമായി ആചാരാനുഷ്ഠാനങ്ങളുള്ള ലുഷേയ്, റാൾട്ടെ, ഹമർ, പൈഹ്‌തെ, പാവി എന്നിങ്ങനെ അഞ്ചു പ്രധാന ഗോത്ര വിഭാഗങ്ങളുണ്ട് മിസോറമിൽ. കൂടാതെ, അനവധി ചെറു ഗോത്രങ്ങളുമുണ്ട്.
സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യ അവകാശങ്ങളാണ് മിസോ ഗോത്ര വിഭാഗങ്ങളിലുള്ളത്. പരമ്പരാഗത രീതിയിൽ വധുവില നിശ്ചയിച്ചുള്ള വിവാഹ ചടങ്ങുകളാണ് സാധാരണം. എന്നാൽ ഇതൊന്നുമില്ലാതെ വിവാഹ ജീവിതം ആരംഭിക്കാം. 'ലുഹ്ഖുങ്' എന്നാണ് ഈ രീതിയുടെ പേര്. വധു മാതാപിതാക്കളുടെ ഏക മകളാണെങ്കിൽ വരൻ ഭാര്യയുടെ വീട്ടിൽ താമസിക്കണം. ഭാര്യയുടെ മാതാപിതാക്കളെ പരിപാലിക്കാൻ മരുമകന്റെ ബാധ്യതയുമാണ്. പുരുഷന് വിവാഹമോചനം നടത്താനും പ്രയാസമില്ല. പെട്ടെന്നുതന്നെ വിവാഹത്തിൽനിന്ന് പുറത്തുകടക്കാം.
സ്ത്രീയുടെ സ്വകാര്യ സ്വത്തിൽ അവർക്കു പാരമ്പര്യമായി കിട്ടിയത് മാത്രമല്ല, സ്വന്തമായി വാങ്ങിയതും സ്ത്രീധനമായി ലഭിച്ചതും ഉൾപ്പെടുന്നു. വിവാഹബന്ധം വേർപെടുത്തിയാൽ വിവാഹത്തിനുശേഷം സമ്പാദിച്ച മൊത്തം തുകയുടെ പകുതി ഭാര്യക്ക് പങ്കുവയ്ക്കണം. ഇതേ വ്യവസ്ഥ സ്ത്രീക്കുമുണ്ട്. മിസോറമിലെ വിവിധ സമുദായങ്ങളിൽ ചെറിയ ഭേദഗതികളോടെ സമാന വ്യക്തിനിയമങ്ങൾ നിലനിൽക്കുന്നു. മേഘാലയയിലും അസമിലുമായി നീണ്ടുകിടക്കുന്ന ഖാസി ഗോത്രവിഭാഗത്തിൽ സ്ത്രീകൾക്കാണ് പ്രാധാന്യം.
സ്വത്തുക്കളുടെ കൈവശാവകാശവും സ്ത്രീകൾക്കാണ്. വിവാഹത്തിലൂടെയല്ലാതെ കുട്ടികളുണ്ടായാലും കുട്ടികളുടെ അവകാശങ്ങൾ ചോദ്യം ചെയ്യപ്പെടില്ല. എങ്കിലും അവിഹിതം വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കുന്നുണ്ട്.
ഏക ഭാര്യാത്വമാണ് ഖാസി വിഭാഗത്തിൽ അംഗീകരിക്കപ്പെട്ടതെങ്കിലും പുരുഷൻമാർക്ക് രണ്ടാമതൊരു വിവാഹം കഴിച്ച് അവരെ രണ്ടാം ഭാര്യയായി നിലനിർത്താം. എന്നാൽ, ആദ്യ ഭാര്യക്കായിരിക്കും പുരുഷനുമേൽ കൂടുതൽ അധികാരമുള്ളത്. സ്വന്തം സമുദായത്തിനുള്ളിൽ നിന്നുള്ള വിവാഹങ്ങൾ ഖാസികൾ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മാത്രമല്ല, അത് പാരമ്പര്യ സ്വത്തിലുള്ള അവകാശം ഇല്ലാതാക്കുകയും ചെയ്യും. ഖാസികൾക്കിടയിലെ ക്രിസ്ത്യൻ വിഭാഗങ്ങൾ യൂറോപ്യൻ രീതിയിലുള്ള വിവാഹാചാരമാണ് പിന്തുടരുന്നത്. വിവാഹമോചനം നേടിയ സ്ത്രീക്ക് കൂടുതൽ സ്വത്തവകാശം നൽകുന്ന രീതി പല ഗോത്രങ്ങളിലുമുണ്ട്.
ഭർത്താവിന്റെ അവിഹിത ബന്ധത്തിൽ വിവാഹമോചനം നേടേണ്ടിവന്നാൽ അവൾക്ക് ഭർത്താവിന്റെ മുഴുവൻ സ്വത്തും ലഭിക്കാൻ വ്യവസ്ഥയുള്ള ഗോത്രങ്ങളുണ്ട്.
ഏക സിവിൽകോഡ് നടപ്പാക്കാനുള്ള ചർച്ചകൾ നടക്കുമ്പോഴെല്ലാം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദിവാസികളിൽനിന്ന് ചെറുത്തുനിൽപ്പ് ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് അവരുടെ ആചാരപരമായ ഈ സവിശേഷതകളിൽ ഉത്തരമുണ്ട്. വടക്കുകിഴക്കൻ പ്രദേശങ്ങളിലെ ഗോത്രങ്ങളുടെ സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലങ്ങൾ ഓരോ ഗോത്രത്തിനും ഏറെ സവിശേഷമാണ്. രാജ്യത്ത് ഒരു പൊതു നിയമംകൊണ്ട് അതിനെ ഇല്ലാതാക്കാൻ കഴിയില്ല.
(തുടരും)
Content Highlights:today's article about goa's ucc
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."