പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ ബംഗാളിൽ വ്യാപക സംഘർഷം; എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ ബംഗാളിൽ വ്യാപക സംഘർഷം; എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
കൊൽക്കത്ത: പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വെസ്റ്റ് ബംഗാളിൽ അക്രമസംഭവങ്ങൾ രൂക്ഷമാകുന്നു. പാർട്ടി പ്രവർത്തകർ ചേരിതിരിഞ്ഞ് നടത്തിയ അക്രമത്തിൽ ഇതുവരെ എട്ടുപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അഞ്ച് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ഒരു സിപിഎം പ്രവർത്തകനും ഒരു ബിജെപി പ്രവർത്തകനും കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബിജെപി, കോൺഗ്രസ്, സിപിഎം, തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംസ്ഥാനത്തുടനീളം സംഘർഷ സാധ്യത നിലനിൽക്കുകയാണ്. കൂച്ച്ബീഹാറിൽ പോളിംഗ് ബൂത്തിൽ ആക്രമണമുണ്ടായി. അക്രമികൾ ബാലറ്റ് പേപ്പറുകൾക്ക് തീയിട്ടു. അക്രമസംഭവത്തെ തുടർന്ന് ബൂത്തിലെ തെരഞ്ഞെടുപ്പ് തടസപ്പെട്ടു.
റെജിനഗർ, തുഫംഗഞ്ച്, ഖാർഗ്രാം എന്നിവിടങ്ങളിലായി മൂന്ന് പേർ കൊല്ലപ്പെട്ടെന്നും 2 പേർക്ക് വെടിയേറ്റെന്നും തൃണമൂൽ കോൺഗ്രസ് ആദ്യം ട്വീറ്റ് ചെയ്തു. പിന്നീടാണ് മരണ സംഖ്യ ഉയർന്നത്. മുർഷിദാബാദിലെ ബെൽദംഗയിലാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ വെടിയേറ്റ് മരിച്ചത്. കൂച്ച്‌ബിഹാറിലെ തുഫാൻഗുഞ്ചിൽ കുത്തേറ്റാണ് മറ്റൊരു പ്രവർത്തകൻ മരിച്ചത്. വെള്ളിയാഴ്ച ഖാർഗ്രാമിൽ ഒരാൾ കുത്തേറ്റ് കൊല്ലപ്പെട്ടു. റെജിനഗറിൽ പെട്രോൾ ബോംബ് സ്‌ഫോടനത്തിലാണ് മറ്റൊരാൾ കൊല്ലപ്പെട്ടത്.
അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ വിവിധ അക്രമസംഭവങ്ങളിൽ സംസ്ഥാനത്ത് ഇതുവരെ 27 പേരാണ് കൊല്ലപ്പെട്ടത്. ക്രമസമാധാന പാലനത്തിന് ഹൈക്കോടതി നിർദേശ പ്രകാരം 882 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."