ഏക സിവില്‍ കോഡ് വിഷയത്തില്‍ ലീഗ്, സിപിഎം, കോണ്‍ഗ്രസ് കക്ഷികളുടെ പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുമെന്ന് സമസ്ത
കോഴിക്കോട്: ഏക സിവില്‍കോഡ് വിഷയത്തില്‍ മുസ്ലിം ലീഗ്,സിപിഎം,കോണ്‍ഗ്രസ് കക്ഷികളുമായി സഹകരിക്കുമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഏക സിവില്‍ കോഡിനെതിരെ സമര പരിപാടിക്ക് തുടക്കമിടുന്നതിന്റെ ഭാഗമായി സമസ്ത സംഘടിപ്പിച്ച സ്പെഷ്യല്‍ കണ്‍വെന്‍ഷനിലാണ് നിലപാട് വ്യക്തമാക്കിയത്.
വിവേക പൂര്‍വം അവകാശങ്ങള്‍ നേടിയെടുക്കാന്‍ പ്രയത്നിക്കുമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഓരോ മതക്കാര്‍ക്കും അവരുടെ താല്പര്യങ്ങള്ക്കനുസരിച്ച് ജീവിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്. എല്ലാ മതക്കാര്‍ക്കും അവരുടെ വിശ്വാസകര്‍മ്മങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള അവകാശങ്ങള്‍ ലഭ്യമാവണം. അതിനു തുരങ്കം വെക്കുന്ന സമീപനം ഒരാളുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. ഏകീകൃത സിവില്‍കോഡ് സംബന്ധിച്ച് സമസ്ത നേതൃത്വം പ്രധാനമന്ത്രിയെ നേരില്‍ കണ്ടു നിവേദനം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
ഏക സിവില്‍ കോഡില്‍ എതിര്‍പ്പറിയിച്ച് സമസ്ത നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ കക്ഷികളേയും സമുദായങ്ങളേയും യോജിപ്പിച്ച് പ്രക്ഷോഭം നടത്താനുള്ള ഒരുക്കത്തിലാണ് സമസ്ത. ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പറ്റിയ എല്ലാ കക്ഷി രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് യോജിച്ച് രംഗത്തിറങ്ങും എന്നും സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."