മാധ്യമ പ്രവര്‍ത്തകനെ ബസില്‍ കയറി മര്‍ദിച്ച സംഭവം: പ്രതികള്‍ പിടിയില്‍
മഞ്ചേരി: മാധ്യമ പ്രവര്‍ത്തകനെ ബസില്‍ കയറി മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ മഞ്ചേരി പൊലിസ് പിടിയിലായി. പുല്‍പ്പറ്റ സ്വദേശികളായ ചാത്തന് പറമ്പില്‍ ഹബീബ്(30), ചാത്തന്‍പറമ്പില്‍ സുഹൈല്‍ (27) എന്നിവരാണ് പിടിയിലായത്. ദേശാഭിമാനി ദിനപത്രം മഞ്ചേരി ലേഖകനും അരീക്കോട് മൂര്‍ക്കനാട് സ്വദേശിയുമായ മുത്തുമടക്കല് ടി.വി സുരേഷിനെയാണ് പ്രതികള്‍ ഉള്‍പ്പെട്ട സംഘം ബസില്‍ കയറി മര്‍ദിച്ചിരുന്നത്. ഇക്കഴിഞ്ഞ 12ന് മഞ്ചേരി കാരാപറമ്പ് വച്ചാണ് മര്‍ദിച്ചത്. തലേദിവസം ബസ് തൊഴിലാളികളും പ്രദേശത്തെ ഒരു ലോറിയിലെ തൊഴിലാളികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മര്‍ദനം നടത്തിയത്. മാധ്യമപ്രവര്ത്തകന് ഉള്‍പ്പെടെ നിരവധി പേര് സഞ്ചരിച്ചിരുന്ന ബസ് കാരാപ്പറമ്പില്‍ എത്തിയപ്പോള്‍ പത്തു പേരടങ്ങുന്ന സംഘം ഡ്രൈവറെ ആക്രമിക്കാന്‍ ഒരുങ്ങുകയായിരുന്നു. അതു തടയാന്‍ ചെന്നതോടെയാണ് മാധ്യമപ്രവര്‍ത്തകനു മര്‍ദനം ഏറ്റത്. പിടിയിലായ പ്രതികള്‍ സഹോദരങ്ങളാണ്. മറ്റു പ്രതികളെ കുറിച്ച് പൊലിസിനു വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ മഞ്ചേരി കോടതി മുമ്പാകെ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു. മഞ്ചേരി സി.ഐ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ കൈലാസ്നാഥാണ് പ്രതികളെ അറസ്റ്റുചെയ്തത്. എ.എസ്.ഐ നസ്റുദ്ദീന്‍, ക്രൈം സ്ക്വോഡ് അംഗങ്ങളായ പി. സഞ്ജീവ്, ഉണ്ണികൃഷ്ണന് മാരാത്ത്, ശ്രീകുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."