യാത്ര കാട്ടിലേക്കാണോ…കളറാക്കണ്ട, പെര്‍ഫ്യൂമും വേണ്ട; ഇക്കാര്യങ്ങള്‍ കൂടി അറിയണം
യാത്ര കാട്ടിലേക്കാണോ…കളറാക്കണ്ട, പെര്‍ഫ്യൂമും വേണ്ട; ഇക്കാര്യങ്ങള്‍ കൂടി അറിയണം
കാടുകളിലേക്കുള്ള യാത്രകള്‍ ആസ്വദിക്കാത്തവര്‍ കാണില്ല. കാടിന്റെ വന്യതയിലൂടെ കാണാത്ത കാഴ്ചകളും തേടിയുള്ള യാത്രകള്‍ നല്കുക മറ്റൊരിടത്തു നിന്നും ലഭിക്കാത്ത അനുഭവങ്ങളാണ്. ട്രക്കിങ്ങും ക്യാംപിങ്ങും കാടിനുള്ളിലെ കുളിയും കളികളും ഒക്കെയായി ആസ്വദിക്കുവാന്‍ പറ്റിയവയാണ് ആ യാത്രകള്‍
ആന മുതല്‍ അണ്ണാല്‍ വരെയുള്ള കാട്ടിലേക്ക് യാത്രയ്ക്കിറങ്ങുവാന്‍ ആഗ്രഹമില്ലാത്തവര്‍ കാണില്ല. എന്നാല്‍ വീട്ടില്‍ നിന്നും നേരേ ഇറങ്ങി അങ്ങനയെങ്ങ് എളുപ്പത്തില്‍ കാട്ടില്‍കയറാം എന്നു കരുതിയാല്‍ തെറ്റി.
കാട്ടിലേക്കുള്ള ഓരോ യാത്രകളും ഓരോ പാഠങ്ങളാണ് സഞ്ചാരികള്‍ക്കു നല്‍കുന്നത്. അതുകൊണ്ടു തന്നെ ആവശ്യത്തിന് അറിഞ്ഞ്, പഠിക്കുവാനും ഉള്‍ക്കൊള്ളുവാനുമുള്ള ഒരു മനസ്സോടെ വേണം കാടുകളിലേക്ക് കയറാന്‍. ശ്രദ്ധിച്ചും ശരിയായ മുന്‍കരുതലുകളെടുത്തും ഒക്കെ പോയാല്‍ മാത്രമേ യാത്ര സുഖമായി അവസാനിക്കുകയുള്ളൂ.
കാട്ടിലേക്കുള്ള യാത്രയില്‍ വന്യമൃഗങ്ങളെ അടുത്തു കാണുവാന്‍ കിട്ടുന്നത് മിക്കപ്പോഴും ഒരു ഭാഗ്യം തന്നെയാണ്. എന്നാല്‍ കാട്ടിലേക്ക് കയറിച്ചെല്ലുന്നതിനു മുന്‍പ് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഒരുപാടുണ്ട്…
മുന്‍കൂട്ടി തീരുമാനിക്കാം
കാട്ടിലേക്കൊരു യാത്ര പുറപ്പെടുന്നതിനു ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് യാത്ര മുന്‍കൂട്ടി പ്ലാന്‍ ചെയ്യാനാണ്. എവിടെയാണ് പോകുന്നതെന്നും എന്താണ് കാണുവാനുള്ളതെന്നും കാട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ ആ പ്രത്യേക സ്ഥലത്ത് എന്തൊക്കെ അറിഞ്ഞിരിക്കണമെന്നും ആദ്യം തന്നെ ശ്രദ്ധിക്കണം. അതിനുവേണ്ട മുന്‍കരുതലുകള്‍ ഒരുക്കി മാത്രമേ യാത്ര പ്ലാന്‍ ചെയ്യാവൂ.
ചെലവ് കുറയ്ക്കുവാന്‍ ഇങ്ങനെ
മിക്കപ്പോഴും കാട്ടിലേക്കുള്ള യാത്രകളുടെ പ്രധാന ബുദ്ധിമുട്ട് ചിലവ് തന്നെയാണ്. മുന്‍കൂട്ടി യാത്ര പ്ലാന്‍ ചെയ്ത് റൂമും മറ്റും ബുക്ക് ചെയ്ത് പോയാല്‍ ചിലവ് ഒരു പരിധി വരെയെങ്കിലും പിടിച്ച് നിര്‍ത്താം. പരിചയക്കാര്‍ ഒരുമിച്ച് പോകുന്ന യാത്രയാണെങ്കില്‍ താമസത്തിനായി ഡോര്‍മിട്രി ബുക്ക് ചെയ്യാം.
ഇനി യാത്രയിലേക്ക്
ഇത്രയും പ്ലാന്‍ തെറ്റാടെ നടന്നാല്‍ യാത്ര തുടങ്ങാം. കാട്ടിലേക്കാണ് യാത്രയെന്ന് ഓര്‍മ്മിച്ചു വേണം ഓരോ ചുവടും മുന്നോട്ട് വയ്ക്കുവാന്‍. കാടിനുള്ളില യാത്രയില്‍ ബഹളങ്ങളും കൂവലും വര്‍ത്തമാനവും ഒക്കെ കുറച്ച് ശാന്തരായി വേണം പോകുവാന്‍.
കാഴ്ചകളനുസരിച്ച് സ്ഥലങ്ങള്‍
കാണേണ്ട കാഴ്ചകളനുസരിച്ചാണ് കാടിന്റെ ഏത് ഭാഗത്തേയ്ക്ക് പോകണം എന്നു തീരുമാനിക്കേണ്ടത്. ചില പ്രത്യേക മൃഗങ്ങളെ ദിവസത്തിന്റെ പ്രത്യേക സമയത്ത് മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളൂ. അതിരാവിലെ മാത്രം പുറത്തിറങ്ങുന്ന മൃഗങ്ങളെ കാണുവാന്‍ വൈകിട്ട് എത്തിയിട്ട് കാര്യമുണ്ടാവില്ല. അതുകൊണ്ട് എന്താണ് യാത്രയില്‍ കാണേണ്ടത് എന്നു തീരുമാനിച്ച് അതിനനുസരിച്ച് വേണം സ്ഥലം തിരഞ്ഞെടുക്കുവാന്‍. ഇത് കൂടാതെ ജീവികള്‍ മാളത്തിന് അല്ലെങ്കില്‍ അവയുടെ ആവാസ വ്യവസ്ഥയില്‍ നിന്നും പുറത്തിറങ്ങുന്ന സമയം നോക്കി പോവുക.
കാടിനുള്ളില്‍ വേണം നിശബ്ദത
പുറമേ നടക്കുന്നതു പോലെ ബഹളങ്ങളുമായി കാടിനുള്ളിലേക്ക് കയറാതിരിക്കുക. ബഹളം വയ്ക്കാതെ നടക്കാന്‍ പറ്റാത്തവര്‍ കാടിനുള്ളിലേക്ക് പോവാതിരിക്കുക. മനുഷ്യരുടെ ലോകമല്ല കാട്. അത് അവിടെ വസിക്കുന്നവരുടേതാണ് എന്ന ബോധ്യത്തോടെ, നമ്മള്‍ അവിടെ നടത്തുന്നത് ജീവികളുടെ ആവാസ വ്യവസ്ഥയിലേക്കുള്ള കടന്നു കയറ്റമാണ് എന്ന് മനസ്സിലാക്കി വിവേക പൂര്‍വ്വം പോകാം. മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തു തന്നെ സൂക്ഷിക്കുക. ഫോട്ടോ എടുക്കുമ്പോള്‍ സുരക്ഷിതമായ അകലം പാലിക്കുക, കാമറ ഫഌഷ് ജീവികള്‍ക്ക് പ്രയാസം ഉണ്ടാക്കരുത്.
കാടിനു ചേര്‍ന്ന നിറങ്ങളണിയാം
ഓറഞ്ച് ഫ്‌ലൂറസെന്റ് മുതലായ നിറങ്ങള്‍ കാടിനുള്ളില്‍ ഉപയോഗിക്കാതിരിക്കുക. കാടിനോട് ചേര്‍ന്ന പച്ച നിറം വേണം ഉപയോഗിക്കുവാന്‍. ചുവപ്പ്, റോസ് മുതലായ മൃഗങ്ങളെ പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങള്‍ ഒഴിവാക്കാം. കുത്തിക്കയറുന്ന തരത്തിലുള്ള ലോഷനുകളും പെര്‍ഫ്യൂമുകളും കഴിവതും കാട്ടിലേക്കുള്ള യാത്രയില്‍ വേണ്ടന്നു വയ്ക്കാം. കാമറ കാട്ടില്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ കളര്‍ റിഫ്‌ലക്ട് ചെയ്യാത്ത തരത്തിലുള്ളത് വേണം ഉപയോഗിക്കാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."