അവസാന ഓവര്‍, ഒരു റണ്‍, നാല് വിക്കറ്റ്; ഇന്ത്യക്ക് മുന്നില്‍ വീണ് ബംഗ്ലാദേശ് വനിതകള്‍
അവസാന ഓവര്‍, ഒരു റണ്‍, നാല് വിക്കറ്റ്; ഇന്ത്യക്ക് മുന്നില്‍ വീണ് ബംഗ്ലാദേശ് വനിതകള്‍
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം. ആവേശകരമായ മത്സരത്തില്‍ എട്ട് റണ്‍സിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. കുറഞ്ഞ സ്‌കോറിംഗ് മത്സരത്തില്‍ മിന്നുന്ന പ്രകടനം നടത്തിയ ഇന്ത്യന്‍ ബൗളര്‍മാരാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ഇന്ത്യക്കായി ദീപ്തി ശര്‍മ്മയും ഷെഫാലിയും 3 വിക്കറ്റുകള്‍ നേടിയപ്പോള്‍ മിന്നു മണി 2 വിക്കറ്റും വീഴ്ത്തി.
ധാക്കയില്‍ നടന്ന രണ്ടാം ടി20യില്‍ ടോസ് നേടിയ ഇന്ത്യന്‍ വനിതകള്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സ് മാത്രമാണ് ബോര്‍ഡില്‍ ചേര്‍ക്കാനായത്. 19 റണ്‍സെടുത്ത ഓപ്പണര്‍ ഷെഫാലി വര്‍മായാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സ്മൃതി മന്ധാന (13), യസ്തിക ഭാട്ടിയ (11), ദീപ്തി ശര്‍മ (10), അമന്‍ജോത് കൗര്‍ (14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.
ഹര്‍ലീന്‍ ഡിയോണ്‍ ആറ് റണ്‍സും ജെമിമ റോഡ്രിഗസ് എട്ട് റണ്‍സുമായും മടങ്ങി. അവസാന ബാറ്ററായി ക്രീസിലെത്തിയ മിന്നു മൂന്ന് പന്തില്‍ ഒരു ഫോര്‍ സഹിതം അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു. മിന്നുവിനൊപ്പം പൂജ വസ്ത്രാക്കറും(7) പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി സുല്‍ത്താന ഖാത്തൂണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഫാഹിമ ഖാത്തൂണിന് രണ്ട് വിക്കറ്റ് ലഭിച്ചു. മറുഫ അക്തര്‍, നഹിദ അക്തര്‍, റബീയ ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീതം വീഴ്ത്തി.
ബംഗ്ലാദേശിന്റെ ഓപ്പണര്‍മാരായ ഷമീമ സുല്‍ത്താനയും ഷാതി റാണിയും അഞ്ച് റണ്‍സ് വീതം നേടി പുറത്തായി. തൊട്ടുപിന്നലെ മുര്‍ഷിദ ഖാത്തൂണ്‍ നാല് റണ്‍സിനും റിതു മോനിയും നാല് റണ്‍സിനും പുറത്ത്. പിന്നീട് ഒന്നിച്ച ഷൊര്‍ണ അക്തറും ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 34 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നാലെ ഏഴു റണ്‍സെടുത്ത ഷൊര്‍ണ പുറത്തായി. അധികം വൈകാതെ 55 പന്തില്‍ രണ്ട് ബൗണ്ടറികളുടെ സഹായത്തോടെ 38 റണ്‍സെടുത്ത് ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയും പവലിയനിലേക്ക് മടങ്ങി.
അവസാന ഓവറില്‍ 10 റണ്‍സായിരുന്നു ബംഗ്ലാദേശിന് വേണ്ടിയിരുന്നത്. ഷഫാലി വര്‍മ ബൗള്‍ ചെയ്യാനെത്തി. ഈ ഓവറില്‍ ആകെ നാല് വിക്കറ്റുകളാണ് വീണത്. നഹിദ അക്തര്‍ (6), ഫാഹിമ ഖാത്തൂണ്‍ (0), മറുഫ അക്തര്‍ (0) എന്നിവരെ ഷെഫാലി പുറത്താക്കിയപ്പോള്‍ റബീയ ഖാന്‍ (0) റണ്ണൗട്ടായി. ഇതോടെ ബംഗ്ലാദേശിന്റെ പോരാട്ടം 87 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യയ്ക്കായി ദീപ്തി ശര്‍മ്മയും ഷെഫാലിയും 3 വിക്കറ്റുകള്‍ വീഴ്ത്തി. അതേസമയം മിന്നു മണി രണ്ട് വിക്കറ്റ് വീഴ്ത്തി. ബറെഡി അനുഷയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു. ആദ്യ മത്സരത്തില്‍ ഇന്ത്യ 7 വിക്കറ്റിന് ജയിച്ചിരുന്നു. പരമ്പരയിലെ മൂന്നാം മത്സരം ജൂലൈ 13ന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."