കൈക്കൂലി കേസ്: അറസ്റ്റിലായ ഡോക്ടറുടെ സ്വത്തുവിവരം ഇ.ഡി അന്വേഷിക്കും, ഷെറി ഐസക്കിനെതിരെ നേരത്തെയും പരാതി
കൈക്കൂലി കേസ്: അറസ്റ്റിലായ ഡോക്ടറുടെ സ്വത്തുവിവരം ഇ.ഡി അന്വേഷിക്കും, ഷെറി ഐസക്കിനെതിരെ നേരത്തെയും പരാതി
തൃശൂർ: തൃശൂരിൽ കൈക്കൂലി വാങ്ങിയയതിനെ തുടർന്ന് പിടിയിലായ ഡോക്ടർ ഷെറി ഐസക്കിന്റെ സ്വത്തുവിവരം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിക്കും. കൈക്കുലി കേസിൽ വിജിലൻസ് സ്പെഷ്യൽ സെല്ലും കേസ് അന്വേഷിക്കും. അതേസമയം, ഷെറി ഐസക്കിനെ സംബന്ധിച്ച് നേരത്തെയും പരാതി ഉയർന്നതായി വിവരങ്ങൾ പുറത്തുവരുന്നു.
ഇന്നലെയാണ് മൂവായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ ഗവ. മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗം ഡോക്ടർ ഷെറി ഐസക്ക് വിജിലൻസിന്‍റെ പിടിയിലാകുന്നത്. തുടർന്ന് ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന വടക്കാഞ്ചേരി ഓട്ടുപാറയിലുള്ള ക്ലിനിക്കിൽ നടത്തിയ പരിശോധനയിൽ 15 ലക്ഷത്തോളം രൂപ ക്കാടെത്തിയിരുന്നു. വിജിലൻസ് കണ്ടെത്തിയ പണം ഇ.ഡി കൈമാറും. അഞ്ച് ലക്ഷത്തിലധികം രൂപ പിടികൂടിയാൽ വിവരം ഇ.ഡിയെ അറിയിക്കണമെന്നാണ് ചട്ടം. ഇതിന്റെ അടിസ്ഥാനത്തിലാണ് പണം കൈമാറുന്നതും ഇ.ഡി കേസ് അന്വേഷിക്കുന്നതും.
തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ശസ്ത്രക്രിയ നടത്തുന്നതിനാണ് പരാതിക്കാരനോട് മൂവായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഇയാൾ നേരത്തെയും ഇത്തരത്തിൽ നിരവധി പേരിൽ നിന്നും പണം വാങ്ങിയിരുന്നതായാണ് വിവരങ്ങൾ പുറത്തുവരുന്നത്. ഇയാൾക്കെതിരെ പരാതി ഉയർന്നിട്ടും പരാതി അന്വേഷിച്ചിട്ടും ഡിഎംഇ നടപടി എടുത്തില്ല.
മാർച്ച് 9 നാണ് ഡോക്ടർ 3500 രൂപ കൈക്കൂലി വാങ്ങിയെന്ന് ചാലക്കുടി സ്വദേശി വെളിപ്പെടുത്തിയത്. ഒരു മാസത്തിനുള്ളിൽ ആരോഗ്യ വകുപ്പ് അന്വേഷണം പൂർത്തിയായിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന റിപ്പോർട്ടാണ് മെഡിക്കൽ കോളേജ് നൽകിയത്. എന്നിട്ടും ഡോക്ടർക്കെതിരെ നടപടി ഉണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."