ജുഡീഷ്യറിയിൽ വിശ്വാസം ഉറപ്പിക്കുന്ന വിധി
ഇ.ഡി ഡയരക്ടർ പദവിയിൽ സഞ്ജയ് കുമാർ മിശ്രയ്ക്ക് മൂന്നാമതും കാലാവധി നീട്ടിനൽകിയ കേന്ദ്രസർക്കാരിന്റെ നടപടി അസാധുവാക്കിയതിലൂടെ ഉന്നത ജുഡീഷ്യറിക്കു മേലുള്ള രാജ്യത്തിന്റെ വിശ്വാസം ഒരിക്കൽക്കൂടി ഉറപ്പിച്ചിരിക്കുകയാണ് സുപ്രിംകോടതി. കോടതി ഉത്തരവുപോലും മറികടന്നാണ് മിശ്രയുടെ കാലാവധി, കേന്ദ്രസർക്കാർ നീട്ടിനൽകിയിരുന്നത്. ഇ.ഡി ഡയരക്ടറായി മിശ്രതന്നെ വേണമെന്ന് എന്താണ് വാശിയെന്നും ആ പദവി വഹിക്കാൻ യോഗ്യരായവർ രാജ്യത്ത് വേറെ ഇല്ലേയെന്നും കേസ് വാദത്തിന്റെ ഘട്ടത്തിൽ സുപ്രിംകോടതി കേന്ദ്രസർക്കാരിനോട് ചോദിച്ചതാണ്. മിശ്രയെ ഇ.ഡി ഡയരക്ടറായി നിലനിർത്താൻ ബന്ധപ്പെട്ട നിയമങ്ങളത്രയും സർക്കാർ വളച്ചൊടിച്ചിട്ടുണ്ട്.
2018 നവംബറിലാണ് മിശ്ര ഇ.ഡി ഡയരക്ടറായി നിയമിതനായത്. 2020 നവംബറിൽ കാലാവധി അവസാനിച്ചു. 2020 മെയ് മാസത്തിൽ അദ്ദേഹത്തിന് 60 വയസ് തികഞ്ഞതിനാൽ മിശ്രയെ വീണ്ടും നിയമിക്കാൻ കഴിയില്ലായിരുന്നു. ഇത് മറികടക്കാൻ 2018ലെ ഉത്തരവിലെ രണ്ടുവർഷ കാലാവധിയെന്നത് മൂന്ന് വർഷമാക്കി തിരുത്തി മിശ്രയ്ക്ക് കാലാവധി നീട്ടിക്കൊടുത്തു. ഇതിനെ ചോദ്യം ചെയ്ത് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ നേതൃത്വം നൽകുന്ന കോമൺ കോസ് സുപ്രിംകോടതിയിലെത്തി. മൂന്നു വർഷമായി നീട്ടിയതിന് 2021 സെപ്റ്റംബറിൽ സുപ്രിംകോടതി അംഗീകാരം നൽകിയെങ്കിലും മിശ്രയ്ക്ക് വീണ്ടും കാലാവധി നീട്ടിനൽകരുതെന്ന് നിർദേശിച്ചു.
ഈ ഉത്തരവ് മറികടക്കാൻ മിശ്രയുടെ കാലാവധി തീരുന്നതിന് മൂന്നു ദിവസം മുമ്പ്, 2021 നവംബറിൽ ഇ.ഡി, സി.ബി.ഐ മേധാവികളുടെ കാലാവധി അഞ്ചുവർഷമാക്കി നീട്ടി കേന്ദ്ര വിജിലൻസ് കമ്മിഷൻ നിയമത്തിലും ഡൽഹി സ്‌പെഷൽ പൊലിസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിലും ഭേദഗതി വരുത്തി ഓർഡിനൻസ് കൊണ്ടുവരികയായിരുന്നു സർക്കാർ. ഇതോടെ മിശ്രയ്ക്ക് വീണ്ടും ഒരു വർഷത്തെ കാലാവധി ലഭിച്ചു. ഇതാണ് സുപ്രിംകോടതി റദ്ദാക്കിയിരിക്കുന്നത്. മിശ്രയുടെ കാലാവധി നീട്ടരുതെന്ന കോടതി ഉത്തരവ് ലംഘിച്ച കേന്ദ്ര സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമാണെന്നാണ് സുപ്രിംകോടതി ചൂണ്ടിക്കാട്ടിയത്.
കോടതിവിധി മറികടക്കാൻ നിയമനിർമാണത്തിന് കേന്ദ്രത്തിന് അധികാരമുണ്ടായിരിക്കാം. എന്നാൽ, നിയമനിർമാണത്തിലൂടെ കോടതിയുടെ ഉത്തരവ് ലംഘിക്കാൻ സർക്കാരിന് കഴിയില്ല. അങ്ങനെ ചെയ്യുന്നത് കോടതിയുടെ അധികാരപരിധിയിലുള്ള കടന്നുകയറ്റമാകും. ഇ.ഡി ഡയരക്ടറുടെ കാലാവധി നീട്ടരുതെന്ന ആജ്ഞ ലംഘിച്ച് ഉത്തരവുകൾ ഇറക്കാൻ പാടില്ലായിരുന്നുവെന്നും കോടതി വിശദീകരിച്ചു. ഇ.ഡിയുടെ അന്വേഷണം നേരിടുന്നവരാണ് ഹരജിക്കാരെന്നും ഇവർക്ക് രാഷ്ട്രീയ താൽപര്യങ്ങളുണ്ടെന്നും സർക്കാർ വാദമുന്നയിച്ചിരുന്നു. ഹരജിക്കാരുടെ രാഷ്ട്രീയം പ്രസക്തമല്ലെന്നായിരുന്നു ഇതിന് കോടതി നൽകിയ മറുപടി. എന്താണ് മിശ്രയോട് കേന്ദ്രസർക്കാരിന് ഇത്ര താൽപര്യമെന്ന ചോദ്യത്തിന് 12 പ്രതിപക്ഷ പാർട്ടികൾ സുപ്രിംകോടതിയിൽ സമർപ്പിച്ച ഹരജിയിൽ ഉത്തരമുണ്ട്.
കഴിഞ്ഞ എട്ടു വർഷത്തിനിടെ 3010 റെയ്ഡുകളാണത്രെ ഇ.ഡി അടക്കമുള്ള കേന്ദ്ര ഏജൻസികൾ നടത്തിയത്. ഇതിൽ 95 ശതമാനവും പ്രതിപക്ഷ പാർട്ടികളുമായി ബന്ധമുള്ളവർക്കെതിരേയാണ് നടന്നത്.
അവരിൽ ഭൂരിഭാഗവും കോൺഗ്രസ് നേതാക്കളുമാണ്. 2014ൽ മോദി സർക്കാർ അധികാരത്തിലെത്തിയശേഷം 121 പ്രമുഖ രാഷ്ട്രീയ നേതാക്കളാണ് ഇ.ഡിയുടെ അന്വേഷണം നേരിടുന്നത്. ഇതിൽ 115 പേരും പ്രതിപക്ഷ പാർട്ടി നേതാക്കളാണ്. തൃണമൂൽ കോൺഗ്രസിൽനിന്ന് 19 നേതാക്കളാണ് അന്വേഷണം നേരിടുന്നത്. കോൺഗ്രസിൽനിന്ന് 11 നേതാക്കൾ, ശിവസേനയിൽനിന്ന് എട്ടു നേതാക്കൾ, ഡി.എം.കെയിലും ബി.ജെ.ഡിയിലും നിന്ന് ആറുപേർ വീതം.
ആർ.ജെ.ഡിയിൽ നിന്നും ബി.എസ്.പിയിൽ നിന്നും അഞ്ചു പേർ വീതം… അങ്ങനെ നീളും കണക്കുകൾ.മിശ്രയ്ക്ക് ആദ്യം കാലാവധി നീട്ടിനൽകിയപ്പോൾ കോടതിയിൽ സർക്കാർ അതിനെ ന്യായീകരിച്ചത് സുപ്രധാന കേസുകളുടെ അന്വേഷണം പൂർത്തിയാക്കാനുണ്ടെന്ന കാരണം പറഞ്ഞാണ്. ഇ.ഡി അടക്കമുള്ള അന്വേഷണ ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നത് ഭാവനയല്ല. എല്ലാവർക്കും മുന്നിലുള്ള യാഥാർഥ്യമാണ്. മോദി സർക്കാർ അധികാരമേറ്റതിനു പിന്നാലെ അന്വേഷണ ഏജൻസികൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഓഫിസ് റെയ്ഡ് ചെയ്തു. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനും ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതിക്കുമെതിരായ പഴയ കേസുകളും വീണ്ടും തുറന്നു.
രണ്ടാം മോദി സർക്കാരിൽ ആഭ്യന്തരം അമിത്ഷാ ഏറ്റെടുത്തതോടെ മുൻ ആഭ്യന്തരമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരമായിരുന്നു ആദ്യത്തെ ഇര. ചിദംബരത്തെ ഐ.എൻ.എക്‌സ് മീഡിയ കേസ് കുറേ ദിവസം ജയിലിലിട്ടു. തൊട്ടുപിന്നാലെ കർണാടയിലെ ശക്തനായ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ അറസ്റ്റിലായി. എൻ.സി.പി നേതാവ് ശരത് പവാറിന്റെ അനന്തരവൻ അജിത് പവാർ ബാങ്ക് തട്ടിപ്പ് കേസിലുൾപ്പെട്ടു. എന്നാൽ, അജിത്തിനെതിരായ കേസുകൾ അയാളുടെ രാഷ്ട്രീയ നിലപാട് മാറ്റങ്ങൾക്കനുസരിച്ച് ഉയർന്നുവരികയും നിശബ്ദമായിപ്പോകുകയും ചെയ്തു. ശാരദാ ചിട്ടി തട്ടിപ്പ് കേസിൽ തൃണമൂൽ നേതാക്കൾക്കെതിരേ കൂട്ടത്തോടെ കേസെടുത്തു. നാഷൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇ.ഡി ചോദ്യം ചെയ്തു.
ഇതിനെല്ലാം വിരുദ്ധമായി, ബാബുൽ സുപ്രിയോ, മുകുൾ റോയിയെപ്പോലുള്ളവർ ബി.ജെ.പിയിൽ ചേർന്നതോടെ അവർക്കെതിരായ കേസ് മരവിപ്പിക്കപ്പെട്ടു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉൾപ്പെട്ട കോടികളുടെ വ്യാപം അഴിമതിയും അപ്രത്യക്ഷമായി. റോസ് വാലി ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിൽ ബിജു ജനതാദളിന്റെ ഒഡിഷയിലെ മന്ത്രിമാർക്കെതിരേ അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും പാർലമെന്റിൽ കേന്ദ്രസർക്കാരിന്റെ എല്ലാ നീക്കങ്ങളെയും നവീൻ പട്‌നായിക് പിന്തുണച്ചതോടെ ആ കേസുകളും ശൂന്യതയിലായി. പട്ടിക ഇനിയും നീളുന്നതാണ്.
പ്രതിപക്ഷ നേതാക്കളാണെങ്കിൽ ആദ്യം സി.ബി.ഐ വരും. പിന്നാലെ ഇ.ഡിയുമെത്തും. മിശ്ര മാറുന്നതോടെ ഇ.ഡിയെ ദുരുപയോഗം ചെയ്യുന്നത് അവസാനിക്കുമെന്നല്ല. അന്വേഷണ ഏജൻസികൾ രാഷ്ട്രീയത്തിൽ ഇടപെടുമ്പോൾ നിശബ്ദസാക്ഷിയായി രാജ്യത്തെ ജുഡീഷ്യൽ സംവിധാനം നിന്നുകൊടുത്തിട്ടില്ല എന്നതാണ് ഇവിടെ പ്രകടമായത്. നീതിനിഷേധ പരമ്പരകളുടെ ഇക്കാലത്ത് ഇത്തരം നടപടികളിലൂടെ കോടതി നൽകുന്ന ആത്മവിശ്വാസം ചെറുതല്ല; ഏറെ വിലപ്പെട്ടതു തന്നെയാണ്.
Content Highlights:Editorial About judiciary
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."