മംഗല്യപ്പന്തലില്ല, ആളും ആരവങ്ങളുമില്ല; അച്ഛന്റെ കണ്ണീരോര്‍മകളില്‍ നനഞ്ഞ് ശ്രീലക്ഷ്മി വിവാഹിതയായി
തിരുവനന്തപുരം: ആളും ആര്‍ഭാടങ്ങളുമില്ല. അലങ്കരിച്ച മംഗല്യപ്പന്തലില്ല. ഒരു കല്യാണത്തിന്റെ സന്തോഷാരവങ്ങളില്ല. സങ്കടത്തിന്റെ തിരയിളക്കമൊടുങ്ങാത്ത ഓര്‍മകള്‍ക്കുള്ളില്‍ നിന്ന് വിനു ശ്രീലക്ഷ്മിയുടെ കഴുത്തില്‍ താലി കെട്ടി. ചുറ്റും നിരന്ന ബന്ധുക്കള്‍ കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ കൊണ്ട് അവരെ മൂടി. തിരുവനന്തപുരം കല്ലമ്പലം വടശ്ശേരി കോണത്ത് വിവാഹത്തലേന്ന് അച്ഛന്‍ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തിലെ പെണ്‍കുട്ടിയുടേതായിരുന്നു വിവാഹം. വലിയവിളാകം 'ശ്രീലക്ഷ്മി'യില്‍ ജി.രാജുവിന്റെ മകള്‍ ശ്രീലക്ഷ്മി. ശിവഗിരിയില്‍ വെള്ളിയാഴ്ച രാവിലെ 9.30നും 10നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തിലായിരുന്നു ചടങ്ങുകള്‍ . വരന്റെയും വധുവിന്റെയും ഭാഗത്തുനിന്ന് ഏറ്റവും അടുപ്പമുള്ള ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ചെറുന്നിയൂര്‍ സ്വദേശിയായ വിനുവാണ് ശ്രീലക്ഷ്മിക്ക് താലി ചാര്‍ത്തിയത്.
ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അച്ഛന്റെ കുഴിമാടത്തിലെത്തി അനുഗ്രഹം തേടിയാണ് ശ്രീലക്ഷ്മി വിവാഹ പന്തലില്‍ എത്തിയത്. കഴിഞ്ഞ മാസമാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ശ്രീലക്ഷ്മിയുടെ വിവാഹത്തലേന്നാണ് പിതാവ് കൊല്ലപ്പെട്ടത്. രാജുവിന്റെ അയല്‍വാസിയും മകളുടെ സുഹൃത്തുമായ ജിഷ്ണു, സഹോദരന്‍ ജിജിന്‍, ഇവരുടെ സുഹൃത്തുക്കളും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. അന്ന് അവരുടെ വിവാഹം മുടങ്ങി. എന്നാല്‍ വിനു വിവാഹത്തില്‍ നിന്ന് പിന്മാറിയില്ല. ശ്രീലക്ഷ്മിയുടെ കുടുംബത്തിന് എല്ലാ വിധ പിന്തുണയും നല്‍കി വിനുവും കുടുംബവും ഒപ്പം നിന്നു. വിനുവിന്റെ കുടുംബം മുന്‍കൈയെടുത്താണ് മാറ്റിവച്ച വിവാഹം ശാരദാമഠത്തില്‍ വച്ച് നടത്തിയത്. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വിവാഹ ചടങ്ങ് വളരെ ചെറിയ രീതിയിലാണ് നടത്തിയത്.
അന്ന് വിവാഹത്തിന് മുന്നോടിയായി വീട്ടില്‍ റിസ്പഷന്‍ നടത്തിയിരുന്നു. 11.30 ഓടെ പരിപാടിയൊക്കെ കഴിഞ്ഞ് ബന്ധുക്കളെല്ലാം വീട്ടില്‍ പോയി. പുലര്‍ച്ചെ 12.30 ഓടെയാണ് കരച്ചിലും ബഹളവും കേട്ടാണ് ഓടിയെത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു. കരച്ചില്‍ കേട്ട് ഓടിയെത്തിയപ്പോള്‍ കണ്ടത് രാജുവിനെ കുളിമുറിയുടെ ഭിത്തിയില്‍ ചേര്‍ത്ത് നിര്‍ത്തി മര്‍ദിക്കുന്നതാണ്. പിടിച്ചുമാറ്റാന്‍ ശ്രമിച്ച പെണ്‍കുട്ടിയെയും അമ്മയെയും നാലുപേരും മര്‍ദിച്ചു. പെണ്‍കുട്ടിയെയാണ് ആദ്യം പ്രതിയായ ജിഷ്ണു മര്‍ദിച്ചതെന്നും പിടിച്ചുമാറ്റാനെത്തിയ രാജുവിനെ പ്രതികള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മണ്‍വെട്ടികൊണ്ടേട്ട അടിയാണ് രാജുവിന്റെ മരണത്തില്‍ കലാശിച്ചത്.
ശ്രീലക്ഷ്മിയെ വിവാഹം കഴിക്കാന്‍ ജിഷ്ണു നേരത്തെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ശ്രീലക്ഷ്മിക്കും കുടുംബത്തിനും വിവാഹത്തില്‍ താത്പര്യം ഉണ്ടായിരുന്നില്ല. മറ്റൊരാളുമായി ശ്രീലക്ഷ്മിയുടെ വിവാഹം നടത്തില്ലെന്ന് ജിഷ്ണു അന്ന് തന്നെ വെല്ലുവിളിച്ചിരുന്നു.
ശ്രീലക്ഷ്മിയുടെ അച്ഛന്‍ രാജു ഗള്‍ഫില്‍ നിന്ന് മടങ്ങി വന്ന ശേഷം നാട്ടില്‍ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ശ്രീലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചതിലെ വൈരാഗ്യം മൂലം വിവാഹത്തലേന്ന് വീട്ടില്‍ അതിക്രമിച്ച് കയറി ജിഷ്ണുവും സഹോദരന്‍ ജിജിനും സുഹൃത്തുക്കളായ ശ്യം, മനു എന്നിവരും പ്രശ്‌നമുണ്ടാക്കുകയായിരുന്നു. പിന്നാലെ മണ്‍വെട്ടി കൊണ്ട് രാജുവിനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ നാല് പേരും റിമാന്റിലാണ്
sreelakshmi-marriage-varkala-father-murder
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."