എം.ടി; കഥയ്ക്കപ്പുറം കരുതല്‍
ഏം.ടി; കഥയ്ക്കപ്പുറം കരുതല്‍
നവതിയിലെത്തിയ എം.ടി വാസുദേവന്‍നായരുടെ കഥകള്‍ പോലെ പ്രസിദ്ധമാണ് എം.ടിയെക്കുറിച്ചുള്ള കഥകളും. എഴുത്തുവഴികളിലെ സൗഹൃദങ്ങള്‍ അത്തരം അനുഭവകഥകളുടെ അക്ഷയഖനിയാണ്. എം.ടി കഥാപാത്രമാകുന്ന അത്തരം അനുഭവങ്ങള്‍ പല എഴുത്തുകാരും പങ്കുവച്ചിട്ടുമുണ്ട്. അത്തരം ഓര്‍മകള്‍ക്കപ്പുറത്ത് അധികമാരും അറിയാത്ത മറ്റൊരു എം.ടിയുണ്ട്. കര്‍ക്കശക്കാരനായ ഒറ്റയാന്റെ പുറന്തോടഴിച്ചുവച്ച് അലിവും കരുണയും കരുതലും ഇഴചേര്‍ന്ന് പച്ചമനുഷ്യനായ മറ്റൊരു മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍.
സ്തുതിയില്‍ രമിക്കില്ല;
നിന്ദയില്‍ വിഭ്രമിക്കില്ല
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള എഴുത്തുകാരന്‍ ആരെന്ന് ചോദിച്ചാല്‍ ഒരുപക്ഷേ, എം.ടിയെന്നാവും ഉത്തരം. എഴുത്തിന്റെ കരുത്തില്‍ വായനക്കാരെ അത്രമേല്‍ വശീകരിച്ച ഒരാള്‍ മലയാളത്തില്‍ ഇല്ലെന്നുതന്നെ പറയാം. എന്നാല്‍ അത്തരം ഭ്രാന്തമായ ആരാധനയിലോ വാഴ്ത്തുകളിലോ ഒരിക്കല്‍ പോലും വഴുതിവീണിട്ടില്ല എം.ടി. ഇന്നും ഏറ്റവും കൂടുതല്‍ കത്തുകള്‍ വരുന്ന എഴുത്തുകാരന്‍ എം.ടിയായിരിക്കും. കത്തെഴുത്ത് മൊബൈലിലേക്കു മാറിയ ഇക്കാലത്തും പത്തമ്പത് കത്തുകളെങ്കിലും ദിവസവും എം.ടിയുടെ വിലാസത്തിലെത്തുന്നു. തന്നെക്കുറിച്ചു മറ്റുള്ളവര്‍ നിന്ദ പറഞ്ഞാലോ, എഴുതിയാലോ ക്രുദ്ധമോ, അസ്വസ്ഥമോ ആകാത്ത ഋഷിതുല്യമായ മനസും എം.ടിക്കു സ്വന്തം. അതുകൊണ്ടുതന്നെയാണ് ആരാധകരോടും വിമര്‍ശകരോടും സമദൂരം പാലിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നത്. ഒരു അഭിമുഖത്തില്‍ എം.ടി ഇക്കാര്യം പറയുന്നുണ്ട്.
'നാല്‍പ്പതു കൊല്ലമായി ഒരെഴുത്തുകാരന്‍ ഒരു കാരണവുമില്ലാതെ പുലഭ്യം പറഞ്ഞുകൊണ്ടിരിക്കുകയാണ്. ആദ്യമൊക്കെ എനിക്ക് രോഷമുണ്ടായിരുന്നു. പിന്നീടത് കാര്യമാക്കാറില്ല. കുറച്ചുകാലം ഒന്നും കേട്ടില്ലെങ്കില്‍ ഇയാള്‍ എന്താണ് എന്നെക്കുറിച്ച് പറയാത്തത് എന്നാവും ചിന്ത'. മറ്റൊരാളുടെ കുറ്റം പറയാനും എം.ടി മിനക്കെടാറില്ല. അത്തരം കുറ്റംപറച്ചിലുകാരെ അകറ്റിനിര്‍ത്താനും എം.ടിക്ക് നന്നായറിയാം.
'കണ്ടില്ലേ, ഇനി പൊയ്‌ക്കോളൂ'
നാലുകെട്ടും കാലവും രണ്ടാമൂഴവും അസുരവിത്തുമൊക്കെ വായിച്ച് കടുത്ത ആരാധകനായി മാറിയ ഒരു ചെറുപ്പക്കാരന്‍ മധ്യകേരളത്തില്‍നിന്ന് ഒരു രാത്രി കോഴിക്കോട്ടേക്ക് വണ്ടികയറി. ലക്ഷ്യം, സേതുവിനെയും അപ്പുണ്ണിയെയും ഭീമനെയും ഗോവിന്ദന്‍കുട്ടിയെയും സൃഷ്ടിച്ച എഴുത്തുകാരനെ കാണുക, രണ്ടുവാക്ക് മിണ്ടുക. കാലത്ത് ഒന്‍പതോടെ നടക്കാവിലെ 'സിതാര'യിലെത്തി ബെല്ലടിച്ചു. ആരോ വാതില്‍തുറന്നു. കാര്യമറിയിച്ചപ്പോള്‍ 10 മണിക്ക് വരാന്‍ പറഞ്ഞു. അയാള്‍ പുറത്തൊക്ക കറങ്ങി കൃത്യം പത്തിന് വീണ്ടുമെത്തി, ബെല്ലടിച്ചു. ഇത്തവണ വാതില്‍ തുറന്നത് സാക്ഷാല്‍ എം.ടി വാസുദേവന്‍ നായര്‍. അത്ഭുതവും ആവേശവും കലര്‍ന്ന മുഖഭാവത്തില്‍ നില്‍ക്കുമ്പോള്‍ എം.ടി പറഞ്ഞു. 'കണ്ടില്ലേ, ഇനി പൊയ്‌ക്കോളൂ.' അയാളുടെ മുഖം മ്ലാനമായി. അത്രമേല്‍ ആരാധ്യനായ എഴുത്തുകാരനെ നേരില്‍ കാണുന്നതിനപ്പുറം എന്തെങ്കിലും സംസാരിക്കാനും ആഗ്രഹിച്ചിരുന്നു. പക്ഷെ അറുത്തുമുറിച്ച മറുപടിയുടെ ആഘാതത്താല്‍ അയാള്‍ തരിച്ചുനിന്നു, പിന്നാലെ തിരിച്ചുനടന്നു; കാലത്തിലെ സേതുവിനെപ്പോല.
ഇതുപോലെ എത്രയോ ആരാധകര്‍ എം.ടിയെത്തേടിയെത്തുന്ന ഒരു കാലമുണ്ടായിരുന്നു. സമയത്തും അസമയത്തും ആളുകളെത്തിയതോടെ വീടിന് മുന്നില്‍ അദ്ദേഹമൊരു ഇരുമ്പുഗേറ്റ് പണിതു. അതോടെ ആളുകളെത്തുന്നത് കുറഞ്ഞു. തേടിയെത്തുന്നവരോടുള്ള ഈര്‍ഷ്യകൊണ്ടായിരുന്നില്ല ഇത്തരം കൊട്ടിയടക്കലുകള്‍; സ്തുതിവാക്കുകള്‍ കേട്ടുകേട്ട് മടുത്തതിന്റെ നിര്‍മമത്വം കൊണ്ടുമാത്രം.
കറകളഞ്ഞ കരുതല്‍
ഒരിക്കല്‍ ഒരു സര്‍ജറിക്കായി എഴുത്തുകാരി ബി.എം സുഹ്‌റയെ കോഴിക്കോട്ടെ പ്രമുഖ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹ്‌റയെ കാണാന്‍ ആത്മമിത്രം എന്‍.പി മുഹമ്മദിനൊപ്പമാണ് എം.ടിയെത്തിയത്. ഇറങ്ങാന്‍നേരം എം.ടി ഒരു പണപ്പൊതി സുഹ്‌റയുടെ ഭര്‍ത്താവും എഴുത്തുകാരനുമായ എം.എം ബഷീറിന്റെ കൈയില്‍ നിര്‍ബന്ധപൂര്‍വം വച്ചുകൊടുത്തു. പണത്തിന്റെ ആവശ്യം തല്‍ക്കാലമില്ലെന്നു പറഞ്ഞിട്ടും ആവശ്യം വരുമെന്ന് ഓര്‍മിപ്പിച്ചാണ് എം.ടിയും എന്‍.പിയും തിരിച്ചിറങ്ങിയത്. ആശുപത്രി വിടുന്നദിവസം ബില്‍ വന്നു. കൈയില്‍ കരുതിയ പൈസ തികയില്ല. അപ്പോഴാണ് എം.ടി ഏല്‍പ്പിച്ച പൊതിയെക്കുറിച്ച് ബഷീര്‍ ഓര്‍ത്തത്. അഴിച്ചുനോക്കുമ്പോള്‍ ബില്ലടയ്ക്കാന്‍ തികയാതെവന്ന തുക കൃത്യം. മറ്റൊരിക്കല്‍ ചലച്ചിത്രകാരന്‍ ജോണ്‍ എബ്രഹാം കടുത്ത സാമ്പത്തികപ്രയാസം നേരിടുന്നതായി എം.ടി അറിഞ്ഞു. കൈയിലുള്ള 5000 രൂപ രണ്ടാമതൊന്നാലോചിക്കാതെയാണ് സുഹൃത്തിന്റെ കൈവശം ജോണിന് എം.ടി കൊടുത്തുവിട്ടത്.എഴുപതുകളിലെ അയ്യായിരത്തിന് ഇന്ന് ഒരഞ്ചുലക്ഷം രൂപയുടെയെങ്കിലും മൂല്യമുണ്ടെന്നോര്‍ക്കണം. എം.ടിയുടെ റോയല്‍റ്റിയിലെ ഒരുഭാഗം നിര്‍ധനരായ കുട്ടികളുടെ പഠനാവശ്യത്തിനായാണ് ഇപ്പോഴും നീക്കിവയ്ക്കുന്നത്. ഇടംകൈകൊണ്ട് കൊടുക്കുന്നത് വലംകൈ അറിയരുതെന്നതുപോല കൊടുത്ത കാശിനു കണക്കെഴുതിവയ്ക്കുന്ന ശീലവും എം.ടിക്കില്ല.
എന്‍.പി പോയപ്പോള്‍ വാവിട്ടുകരഞ്ഞ് എം.ടി
അധികമാരെയും അടുപ്പിക്കാറില്ലെങ്കിലും അടുപ്പക്കാരെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന പ്രകൃതമാണ് എം.ടിക്ക്. അതില്‍ വൈക്കം മുഹമ്മദ് ബഷീറും ഉറൂബും തിക്കോടിയനും എന്‍.പി മുഹമ്മദും വി.കെ.എന്നും എസ്.കെ പൊറ്റെക്കാടും പട്ടത്തുവിളയും ഒക്കെയുണ്ട്. അക്കൂട്ടത്തില്‍ ഗാഢമായ അടുപ്പം എന്‍.പി മുഹമ്മദുമായിട്ടായിരുന്നു. ആ അടുപ്പത്തിന്റെ പുറത്തായിരുന്നു 'അറബിപ്പൊന്ന്' എന്ന നോവല്‍ ഇരുവരും ഒരുമിച്ചെഴുതിയത്. അധ്യായങ്ങള്‍ പകുത്തെഴുതിയതാണെങ്കിലും അവരുടെ സൗഹൃദംപോലെ അത്രമേല്‍ ഇഴുകിച്ചേര്‍ന്നതായിരുന്നു 'അറബിപ്പൊന്നി'ലെ ഭാഷ. കോഴിക്കോട്ട് ജോലി കിട്ടി എത്തിയശേഷം എം.ടി. ആദ്യം പരിചയപ്പെട്ട എഴുത്തുകാരന്‍ എന്‍.പി മുഹമ്മദ് ആണ്. ആദ്യം കണ്ട ദിവസം മിഠായിത്തെരുവിലെ ലക്കി ഹോട്ടലില്‍നിന്നു ചായ കുടിച്ചതും പിന്നീട് പലദിവസവും എന്‍.പിയുടെ വീട്ടില്‍നിന്നു ഭക്ഷണം കഴിച്ചതുമൊക്കെ എം.ടി രുചിയോടെ ഓര്‍ക്കുന്നുണ്ട്.
ഞായറാഴ്ചകളില്‍ ക്രൗണ്‍ തിയറ്ററില്‍ മാറ്റിനിക്ക് പോകുന്നതും ഇരുവരും ഒരുമിച്ചുതന്നെ. കോഴിക്കോട്ടെ സാംസ്‌കാരിക സദസുകളിലും കല്യാണവീടുകളിലും മരണവീടുകളിലുമെല്ലാം ഒരുമിച്ചായിരുന്നു ഇരുവരുടെയും യാത്രകള്‍. സുഹൃത്തുക്കളില്‍ പലരും പലവഴിക്ക് ചിതറിയപ്പോഴും എം.ടിയും എന്‍.പിയുമായുള്ള ഊഷ്മളതയ്ക്ക് ദൃഢത കൂടിയതേ ഉള്ളൂ. എന്‍.പിയുടെ വിയോഗം അതുകൊണ്ടുതന്നെ എം.ടിക്ക് താങ്ങാനാവുന്നതിനുമപ്പുറമായിരുന്നു. 2003 ജനുവരി മൂന്നിനായിരുന്നു എന്‍.പി മുഹമ്മദ് വിടപറഞ്ഞത്. കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ ഖബറടക്കുന്നതുവരെ എന്‍.പിക്കൊപ്പം എം.ടിയുണ്ടായിരുന്നു. പള്ളിപ്പറമ്പ് വിട്ടയുടന്‍ നിലവിട്ട് പൊട്ടിക്കരയുകയായിരുന്നു എം.ടി. അതുവരെ അമര്‍ത്തിവച്ച സങ്കടംമുഴുവന്‍ ആ കണ്ണീരില്‍ ഒലിച്ചിറങ്ങി. അതിനുമുമ്പോ ശേഷമോ അത്ര ഉലഞ്ഞ എം.ടിയെ ഒരാളും കണ്ടിരുന്നില്ല.
ഇനി തൊടില്ല, കഞ്ചാവ്
ചിത്രത്തെരുവുകള്‍ എന്ന പുസ്തകം എം.ടി ഏറ്റവുമൊടുവിലെഴുതിയ ഓര്‍മക്കുറിപ്പുകളാണ്. ഏറെ അടുപ്പമുള്ള സിനിമാപ്രവര്‍ത്തകരെക്കുറിച്ചുള്ള ഓര്‍മകളാണതില്‍. അടൂര്‍ഭാസിക്കൊപ്പം കഞ്ചാവ് വലിച്ച അനുഭവം പങ്കുവയ്ക്കുന്നുണ്ട് ഒരധ്യായത്തില്‍. അടൂര്‍ഭാസിയും പി.ഭാസ്‌കരനും എം.ടിയും കൂടി ഒരു മണ്ഡലകാലത്ത് ശബരിമലയ്ക്ക് പോയി. മലയിറങ്ങി മടങ്ങുന്നതിനിടെ കഞ്ചാവ് വലിക്കാനുള്ള ഒരുക്കത്തിലായി ഭാസി. എം.ടിക്ക് കഞ്ചാവ് പരിചയമില്ല. ഭാസിയുടെ നിര്‍ബന്ധത്താല്‍ ഒന്നു വലിച്ചുനോക്കി. അതോടെ ഓര്‍മ ചിതറി, മനസ് വിഭ്രാന്തമായി. പഴ്‌സ് അടക്കമുള്ളവ നഷ്ടപ്പെട്ടു. പിന്നീട് എം.ടിയുടേതാണെന്ന് തിരിച്ചറിഞ്ഞ പൊലിസുകാര്‍ പഴ്‌സ് അദ്ദേഹത്തിന്റെ വീട്ടിലെത്തിക്കുകയുണ്ടായി. ഈ കോലാഹലങ്ങളൊക്കെ കഴിഞ്ഞ് എം.ടി പറയുന്നൊരു കാര്യമുണ്ട്. ഇനി അടൂര്‍ഭാസിയല്ല, ആരു പറഞ്ഞാലും ഞാനീ സാധനം തൊടില്ലെന്ന്.
കൃതികള്‍ ആത്മകഥകള്‍
ചതിച്ച കഥകള്‍ ഒരുപാടുണ്ടെന്നും മറ്റുള്ളവര്‍ക്ക് വിഷമമാകേണ്ടെന്നു കരുതിയാണ് ആത്മകഥ എഴുതാത്തതെന്നും എം.ടി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. തന്റെ എല്ലാ കൃതികളും വായിച്ചുകഴിഞ്ഞാല്‍ ആത്മകഥയായെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. നാലുകെട്ടിലെ അപ്പുണ്ണിയിലും കാലത്തിലെ സേതുവിലും അസുരവിത്തിലെ ഗോവിന്ദന്‍കുട്ടിയിലും നമ്മള്‍ കാണുന്നത് അസ്വസ്ഥനും ഏകാകിയുമായ എം.ടിയെത്തന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."