ഒരു വർഷത്തിനുള്ളിൽ 79,000 പേർക്ക് തൊഴിൽ; സ്വദേശിവത്‌കരണം തുടരാൻ യുഎഇ
ഒരു വർഷത്തിനുള്ളിൽ 79,000 പേർക്ക് തൊഴിൽ; സ്വദേശിവത്‌കരണം തുടരാൻ യുഎഇ
ദുബായ്: യുഎഇ നടപ്പിലാക്കുന്ന സ്വദേശിവത്കരണത്തിൽ നിരവധി പൗരന്മാർക്ക് നേട്ടം. ഒരു വർഷത്തിനുള്ളിൽ 79,000 സ്വദേശികൾ സ്വദേശിവത്കരണത്തിലൂടെ ജോലി നേടി. ഇതോടെ സ്വദേശിവത്കരണം തുടരുമെന്നുള്ള സൂചനയാണ് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ നിന്ന് ലഭിക്കുന്നത്. സ്വകാര്യമേഖലയിൽ കൂടുതൽ സ്വദേശികൾ എത്തുന്നത് രാജ്യത്തിന് ഗുണകരമാകും.
രാജ്യത്തിന്റെ പുരോഗതിക്കും സാമ്പത്തിക അഭിവൃദ്ധിക്കും സ്വദേശിവത്കരണം ശക്തി പകരുമെന്ന് മന്ത്രാലയം അറിയിച്ചു. സർക്കാർ ജോലിയിൽ മാത്രം ഉണ്ടായിരുന്ന സ്വദേശികൾ സ്വകാര്യ മേഖലയിൽ കൂടി എത്തുന്നതോടെ രാജ്യത്തെ സ്വദേശികൾക്കിടയിലെ തൊഴിലില്ലാഴ്മക്ക് പരിഹാരമാകും. നിരവധിപേർക്ക് ഒരു വർഷത്തിനുള്ളിൽ ഇത്തരത്തിൽ ജോലിയിൽ പ്രവേശിക്കാൻ സാധിച്ചു.
സ്വദേശികളെ തൊഴിലിനു പ്രാപ്തരാക്കാൻ നാഫിസ് എന്ന പേരിൽ പ്രത്യേക കൗൺസിൽ തന്നെ രാജ്യത്തു പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. സ്വദേശികൾക്ക് ജോലിക്കാവശ്യമായ പരിശീലനം നൽകുന്നത് നാഫിസാണ്. ഒരു വർഷവും ആറ് മാസത്തിനുള്ളിൽ ഒരു ശതമാനം എന്ന നിലയിൽ പ്രതിവർഷം 2 ശതമാനം ആളുകളെയാണ് സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിൽ നിയമിക്കുന്നത്. 2026 ആകുന്നതോടെ ഇങ്ങനെ ഓരോ സ്ഥാപനത്തിലും പത്ത് ശതമാനം പേർക്ക് തൊഴിൽ ഉറപ്പാക്കും.
നിലവിൽ 49ൽ കൂടുതൽ വിദഗ്ധ തൊഴിലാളികൾ ജോലി ചെയ്യുന്ന വൻകിട കമ്പനികളിലാണ് 2 ശതമാനം സ്വദേശിവത്കരണം നടപ്പാക്കേണ്ടത്. എന്നാൽ അടുത്ത വർഷം ആകുമ്പോഴേക്കും 20 മുതൽ ജീവനക്കാരുള്ള കമ്പനികൾക്കും നിയമം ബാധകമാകും. ഇതോടെ കൂടുതൽ സ്ഥാപനങ്ങൾ സ്വദേശിവത്കരണത്തിന്റെ പരിധിയിലാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."