ഏക സിവില്‍കോഡ് കൊണ്ടുവരുന്നത് 2024ലെ തെരഞ്ഞെടുപ്പിനു കോണിവയ്ക്കാന്‍: ഉമര്‍ ഫൈസി മുക്കം
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിനു കോണിവയ്ക്കാനാണ് ബി.ജെ.പി ഏക സിവില്‍കോഡ് കൊണ്ടുവരുന്നതെന്ന് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. എന്നാല്‍ 2024 ഓടെ ഇതിന് അന്ത്യമാകുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം കോഴിക്കോട്ട് സംഘടിപ്പിച്ച ഏക സിവില്‍കോഡിനെതിരായ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിനിയമങ്ങള്‍ ഏകീകരിക്കുകയെന്നതിലൂടെ ഹിന്ദുത്വവത്കരണമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. എന്നാല്‍ ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അങ്ങനെയൊരു അജണ്ടയില്ലെന്നും ഉമർ ഫൈസി പറഞ്ഞു. ബി.ജെ.പിക്കെതിരേ രാജ്യം മുഴുവന്‍ ഒന്നിക്കുന്നതോടെ അവരുടെ സ്വപ്‌നങ്ങളെല്ലാം അവസാനിക്കാന്‍ പോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതൊരു പൗരനും ഇഷ്ടമുള്ളത് പ്രവര്‍ത്തിക്കാനും പ്രചിപ്പിക്കാനും അവകാശമുണ്ടെന്നാണ് ഭരണഘടനയില്‍ പറയുന്നത്. നിര്‍ദേശകതത്വം എന്ന ഭാഗത്താണ് ഏക സിവില്‍കോഡ് എന്നെഴുതിയത്. ഭരണഘടന ഉണ്ടാക്കിയ മഹാന്മാര്‍ മൂന്നു വര്‍ഷം ചര്‍ച്ച ചെയ്തിട്ടും അതില്‍ തീരുമാനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. മദ്യനിരോധനം പോലെ അതില്‍ പറയുന്ന പലതും ഇവിടെ നടപ്പാക്കിയിട്ടില്ല.
തൊഴില്‍ സമത്വം തുടങ്ങി ക്ഷേമകരമായ ഒന്നും തൊടാതെയാണ് ഏക സിവില്‍കോഡ് നടപ്പാക്കണമെന്നു പറയുന്നത്. അതു തന്നെ പലരെയും ഒഴിവാക്കിക്കൊണ്ടാണ്, ദലിത് സംഘടനകള്‍ ചെന്ന് പറഞ്ഞപ്പോള്‍ അവരെ ഏക സിവില്‍കോഡില്‍ നിന്നും ഒഴിവാക്കുമെന്ന് പറഞ്ഞു. ക്രിസ്ത്യാനികള്‍ ചെന്ന് പറഞ്ഞപ്പോള്‍ അവരെയും ഒഴിവാക്കുമെന്ന് പറയുന്നു.
ഏക സിവില്‍കോഡിനെതിരെ ആര് പ്രതിഷേധം സംഘടിപ്പിച്ചാലും സമസ്ത അതിന്റെ കൂടെയുണ്ടാകുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രഖ്യാപിച്ചതും ഉമര്‍ ഫൈസി ഓര്‍മിപ്പിച്ചു.
ഇന്ത്യയുടെ സൗന്ദര്യം വൈവിധ്യമാണ്. ലോകത്തിന്റെ മുന്നില്‍ തന്നെ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തുന്നത് അതിന്റെ വൈവിധ്യമാണ്. വൈവിധ്യങ്ങള്‍ ഇവിടെ നിലനില്‍ക്കണം. ആളുകളെ റോഡിലിട്ട് കൊല്ലുക, ഭക്ഷണ സാധനങ്ങളില്‍ നിയന്ത്രണം കൊണ്ടുവരിക, പാര്‍ലമെന്റ് മന്ദിരം വരെ പ്രത്യേക വിഭാഗത്തിന്റെ നിലപാടിലാണ് ഉദ്ഘാടനം ചെയ്തത്.
ബാബറി പള്ളി പൊളിച്ചത് ഏകീകരണം കൊണ്ടുവരാനാണല്ലോ. ഏകീകരണം ഉണ്ടാക്കുന്ന പ്രവൃത്തിയാണല്ലോ ഇതെല്ലാം- ഉമര്‍ ഫൈസി പരിഹസിച്ചു.
Content Highlights: Muhammad Faizy Mukkam About Uniform Civil Code
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."