കെ.എസ്.ആര്‍.ടി.സി ഇപ്പോള്‍ നന്നായില്ലെങ്കില്‍ ഒരിക്കലും നന്നാകില്ല; വിമര്‍ശനവുമായി ബിജു പ്രഭാകര്‍
തിരുവനന്തപുരം: ഇപ്പോള്‍ നന്നായില്ലെങ്കില്‍ കെഎസ്ആര്‍ടിസി ഒരിക്കലും നന്നാകില്ലെന്നു സിഎംഡി ബിജു പ്രഭാകര്‍ ഐ.എ.എസ്. കെഎസ്ആര്‍ടിസിയുടെ എല്ലാ നഷ്ടത്തിനും സര്‍ക്കാര്‍ പണം നല്‍കണമെന്ന് പറയാനാകില്ലെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലെ വിഡിയോയില്‍ പറഞ്ഞു. സിഎംഡി നല്ല രീതിയില്‍ സ്ഥാപനത്തെ കൊണ്ടുപോയാല്‍ ചിലരുടെ അജണ്ട നടക്കില്ല എന്നതിനാല്‍ സ്ഥാപനത്തെയും എംഡിയെയും തകര്‍ക്കാനാണ് ശ്രമം.
ചിലര്‍ എന്തും പറയാം എന്ന തലത്തിലേക്ക് എത്തി. യൂണിയനുകളല്ല ചില ജീവനക്കാരാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. തന്റെ അച്ഛനെ മോശമായി ചിത്രീകരിച്ച് ബസുകളില്‍ ബോര്‍ഡ് പതിപ്പിച്ചു. അവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ല. സമരം നടത്തിയ യൂണിയനുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടില്ല. കെഎസ്ആര്‍ടിസി എന്തുവന്നാലും നന്നാക്കണം എന്നാണ് സര്‍ക്കാര്‍ നിലപാട്. വരുമാനത്തില്‍നിന്ന് ശമ്പളം കൊടുത്തശേഷം ബാക്കി ചെലവുകള്‍ നോക്കിയാല്‍പോരെ എന്നാണ് ചിലരുടെ വാദം.
ഡീസലടിച്ചാലേ വണ്ടി ഓടൂ. വണ്ടി ഓടിയാലേ ശമ്പളം കൊടുക്കാന്‍ പൈസ കിട്ടൂ. ഡിഡി നേരത്തെ കൊടുത്താലേ ഡീസല്‍ കിട്ടൂ. 200 കോടിരൂപ പ്രതിമാസ വരുമാനമുണ്ടെങ്കില്‍ 100 കോടിരൂപ ഡീസലിനുപോകും. ബാങ്കുകളിലെ ലോണ്‍ തിരിച്ചടവ് 30 കോടിരൂപയാണ്. 5 കോടിരൂപ ബാറ്റയ്ക്കായി പോകും. സ്‌പെയര്‍പാട്‌സും മറ്റു ചെലവുകളും ചേര്‍ത്ത് 25 കോടിരൂപ വേണം. 40 കോടിരൂപയാണ് പിന്നെ ശേഷിക്കുന്നത്. ശമ്പളം കൊടുക്കാന്‍ പ്രതിമാസം 91.92 കോടിരൂപ വേണം. സര്‍ക്കാര്‍ സഹായമായി ബാക്കി തുക ലഭിച്ചാലേ മുന്നോട്ടു പോകാന്‍ കഴിയൂ.
പൈസ കയ്യില്‍ വച്ചിട്ട് ശമ്പളം നല്‍കാത്തതല്ല എന്ന് എല്ലാവരും മനസിലാക്കണം. തെറ്റിദ്ധരിച്ച് വിമര്‍ശിക്കരുത്. താന്‍ സിഎംഡിയായിട്ട് ജൂണില്‍ മൂന്നു വര്‍ഷമാകുന്നു. ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയും സിഎംഡിയുമായി ഒരുദ്യോഗസ്ഥന്‍ പ്രവര്‍ത്തിക്കുന്നതും ആദ്യമാണ്. കെഎസ്ആര്‍ടിസിയെ മുന്നോട്ടു നയിക്കാന്‍ എല്ലാവരുടെയും പിന്തുണ സിഎംഡി അഭ്യര്‍ഥിച്ചു. കെഎസ്ആര്‍ടിസിയിലെ പ്രശ്‌നങ്ങള്‍ 5 ഭാഗങ്ങളായി യുട്യൂബിലൂടെ അവതരിപ്പിക്കാനാണ് എംഡിയുടെ ശ്രമം.
Content Highlights:ksrtc cmd facebook live about ksrtc union issues
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."