അരിയാഹാരികള്‍
ഏത് അരിയാഹാരികള്‍ക്കും അറിയാം സി. ദിവാകരന്റെ വഴി പാര്‍ട്ടിക്ക് പുറത്തേക്കാണെന്ന്. മൂക്ക് കീഴ്‌പ്പോട്ടുള്ളവരാരും വിശ്വസിക്കില്ല എന്നത് എല്ലാ മനുഷ്യനും ബാധകമാകുമ്പോള്‍ അരിയാഹാരം കഴിക്കുന്നവര്‍ എന്ന പ്രയോഗം മലയാളിയെ മാത്രം ലക്ഷ്യമിടുന്നതാണ്. വര്‍ഷം 40 ലക്ഷം ടണ്‍ ആവശ്യമുള്ള അരിയുടെ 20 ശതമാനം പോലും ഉൽപാദിപ്പിക്കാത്ത കേരളത്തിന് നല്ല ഒരു ഉപായം വി.എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ഭക്ഷ്യ മൃഗ സംരക്ഷണ വകുപ്പ് മന്ത്രിയായിരിക്കെ സി.പി.ഐ നേതാവ് സി. ദിവാകരന്‍ നിര്‍ദേശിച്ചു.
രണ്ടു മുട്ടയും ഒരു കപ്പ് പാലും എന്ന രീതിയിലേക്ക് ആഹാരക്രമം മാറ്റിക്കൂടേ? മൂന്നു തവണ എം.എല്‍.എയും അഞ്ചു വര്‍ഷം മന്ത്രിയുമായ സി. ദിവാകരനെ പുറത്താക്കിയതിന്റെ പരിവേഷം പോലും കൊടുക്കാതെ സി.പി.ഐ അരിക്കാക്കുകയാണ്. കാനം രാജേന്ദ്രനെതിരേ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങിയ ദിവാകരനെ ആദ്യം സംസ്ഥാന എക്‌സിക്യൂട്ടീവില്‍ നിന്ന് കൗണ്‍സിലിലേക്ക് തള്ളി. ഒടുവില്‍ പാര്‍ട്ടിയുടെ പ്രഭാത് ബുക്ക് ഹൗസിന്റെ ചുമതലയില്‍ നിന്നു കൂടി മാറ്റുകയാണ്. പാര്‍ട്ടി പറയുന്നത് പ്രായാധിക്യം അഥവാ 75 കഴിഞ്ഞു.
ലോകത്തെവിടെയെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ പ്രായം നേതൃപദവിക്ക് തടസമല്ലെന്ന് ദിവാകരന്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും കാനാദികള്‍ കേള്‍ക്കുന്നില്ല. ചൈനയിലും റഷ്യയിലുമൊക്കെ പാര്‍ട്ടി നേതാക്കള്‍ 80 പിന്നിട്ടിട്ടും തുടര്‍ന്നു. ഇന്ത്യയില്‍ തന്നെ ഇ.എം.എസ് 82ാം വയസിലാണ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിക്കുന്നത്. 80 പിന്നിട്ട രാജേശ്വര റാവുവിനെയെല്ലാം പാര്‍ട്ടി ആദരവോടെയാണ് സ്വീകരിച്ചതെന്ന് സി. ദിവാകരന്‍ ഓര്‍ക്കുന്നു.
ദിവാകരന് കാനം രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടിക്കൊടുക്കുന്നത് പുറത്തേക്കുള്ള വഴിയാണ്. സി.പി.ഐയില്‍ അണികള്‍ക്ക് ക്ഷാമമുണ്ടായിട്ടുണ്ടെങ്കിലും നേതാക്കളുടെ കാര്യത്തില്‍ അതില്ല. ദിവാകരന്‍, കെ.ഇ ഇസ്മയില്‍ തുടങ്ങിയ കിളവന്‍മാരെ വെട്ടാന്‍ തന്നെയാണ് കാനം 75നെ അതിര്‍ത്തിയാക്കിയത്. അതുകൊണ്ടു തന്നെ ദിവാകരന്‍ കലിപ്പിലാണ്. പാര്‍ട്ടിയെയും മുന്നണിയെയും പ്രതിസന്ധിയിലാക്കുന്ന പല മൊഴികളും അടുത്ത കാലത്ത് ദിവാകരനില്‍ നിന്നുണ്ടായി. ഏറ്റവും ഒടുവില്‍ പി.വി അന്‍വറിനെ ക്രിമിനലെന്ന് പ്രഖ്യാപിക്കാന്‍ ആര്‍ക്കാണ് മടിയെന്നു ചോദിച്ച ദിവാകരന്‍ ഇടതു സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെ നടത്തുന്ന അതിക്രമങ്ങളെ പരസ്യമായി വിമര്‍ശിക്കുന്നു.
ഇടതുമുന്നണിയെ വിചാരണ ചെയ്യുന്ന സോളാര്‍ സമരത്തെ കുറിച്ചടക്കം വിവാദ പരാമര്‍ശങ്ങളുള്ള കനല്‍വഴികള്‍ എന്ന ആത്മകഥ പ്രകാശനം ചെയ്യാന്‍ പിണറായിയെയും കാനം രാജേന്ദ്രനെയും തന്നെ തെരഞ്ഞെടുത്തതിലെ ബുദ്ധിയെ കാനം അഭിനന്ദിക്കാതെയുമിരുന്നില്ല.
ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് വളഞ്ഞ ഇടതുപക്ഷ മുന്നണി ആരോ എവിടെയോ നടന്ന ചര്‍ച്ചക്ക് പിന്നാലെ പിരിഞ്ഞുപോയെന്ന ദുസ്സൂചനക്ക് പുറമെ അഞ്ചു കോടി വാങ്ങി ജസ്റ്റിസ് ശിവരാജന്‍ സോളാര്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ കണ കുണ എഴുതിവച്ചിരിക്കുന്നുവെന്ന ആരോപണം ദിവാകന്‍ ഉന്നയിച്ചു. അഞ്ചു കോടി വാങ്ങിയെന്നത് കമ്മിഷന്റെ ചെലവിലേക്കാണെന്ന് പിന്നീട് തിരുത്തി.
തിരുവനന്തപുരം എസ്.എം.വി സ്‌കൂളില്‍ ആദ്യമായി വിദ്യാര്‍ഥി പാര്‍ലമെന്റ് പരിപാടി നടത്തിയപ്പോള്‍ പ്രധാനമന്ത്രിയാകാനുള്ള നറുക്ക് വീണത് ദിവാകരനായിരുന്നു. സി.പി.ഐയുടെ മുതിര്‍ന്ന നേതാവായിട്ടും 60 വയസ് പിന്നിടുന്നത് വരെ പാര്‍ലമെന്ററി വ്യാമോഹത്തിലേക്ക് എടുത്ത് ചാടാനായില്ല. 2006ല്‍ കരുനാഗപ്പള്ളിയില്‍ നിന്ന് എം.എല്‍.എയാവുകയും വി.എസ് സര്‍ക്കാരില്‍ മന്ത്രിയാകുകയും ചെയ്തു. 2011ലും കൂടി ഈ മണ്ഡലത്തില്‍ നിന്ന് ജയിച്ചു. 2016ല്‍ നെടുമങ്ങാട്ട് പാലോട് രവിയെ തോല്‍പിച്ച് നിയമസഭയിലെത്തിയെങ്കിലും പുതുമുഖങ്ങളെ നിര്‍ദേശിച്ച പാര്‍ട്ടി ദിവാകരനെ വെട്ടി.
യൂനിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിയായിരിക്കെ ബെഞ്ചമിന്‍ മേരിയെന്ന കന്യാസ്ത്രീയോട് തന്റെ പ്രണയം തുറന്നു പറഞ്ഞതിനെ ആത്മകഥയില്‍ ഓര്‍ക്കുന്നു. മന്ത്രിയായപ്പോള്‍ കന്യാസ്ത്രീ മഠങ്ങളിലെല്ലാം അവളെ ഒരു നോക്ക് കാണാന്‍ അന്വേഷിച്ചുവെന്ന് കൂടി കുറിക്കുന്നു. പ്രശസ്ത ചലച്ചിത്രകാരനും കഥാകാരനുമായ പി. പദ്മരാജന്റെ കടിഞ്ഞൂല്‍ കഥക്ക് കോളജ് മാഗസിനില്‍ ഇടം കൊടുക്കാതിരുന്ന മാഗസിന്‍ എഡിറ്ററായിരുന്നു. തൊഴിലാളി യൂനിയന്റെയും പാര്‍ട്ടിയുടെയും പ്രവര്‍ത്തനത്തില്‍ മുഴുകാന്‍ സ്‌കൂളിലെ മലയാളം അധ്യാപകന്റെ ജോലി ഉപേക്ഷിച്ച ദിവാകരന് പാര്‍ട്ടിയെ കുറിച്ച് പരാതികളുണ്ട്.
ഒരു വേള സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ദിവാകരനെ കേന്ദ്ര കമ്മിറ്റി ആഗ്രഹിച്ചുവെങ്കിലും ചിലര്‍ അന്നേ തടഞ്ഞുവെന്ന് ചൂണ്ടിക്കാട്ടുന്നു.
എം.എല്‍.എആയിരിക്കെ 2019ല്‍ തിരുവനന്തപുരത്ത് ലോക്‌സഭയിലേക്ക് സ്ഥാനാര്‍ഥിത്വം കൊടുത്ത പാര്‍ട്ടി 2021ല്‍ ചട്ടങ്ങള്‍ ചൂണ്ടി നിയമസഭാ സ്ഥാനാര്‍ഥിയാക്കിയില്ല. 2014ല്‍ ബെന്നറ്റ് അബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ കോഴയാണെന്ന ആക്ഷേപം ഉയര്‍ന്നു. 1.87 കോടി രൂപ ബെന്നറ്റ് അബ്രഹാം നൽകിയെന്ന ആക്ഷേപത്തില്‍ പന്ന്യന്‍ രവീന്ദ്രനും പി. രാമചന്ദ്രന്‍ നായര്‍ക്കും ഒപ്പം പ്രതിയാണ് ദിവാകരന്‍.
മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇടതുപക്ഷത്തിന് തിരുവനന്തപുരം ബാലി കേറാ മലയാണോ എന്ന ചോദ്യത്തിന് ബാലി കേറാത്ത മലയിലും താന്‍ കയറുമെന്ന് പറഞ്ഞ ദിവാകരന് പക്ഷെ 10 ലക്ഷത്തിലേറെ വോട്ട് പോള്‍ ചെയ്തപ്പോള്‍ കിട്ടിയത് രണ്ടര ലക്ഷമാണ്.
Content Highlights:Editorial About Divakaran
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."