മൗനം മരണമാണ്
പി.കെ പാറക്കടവ്
'അധികാരത്തോടുള്ള മനുഷ്യരുടെ പോരാട്ടം എന്നത് മറവിക്കെതിരേ ഓര്‍മ നടത്തുന്ന പോരാട്ടമാണ്' -മിലന്‍ കുന്ദേര. ഇക്കഴിഞ്ഞ ആഴ്ച നമ്മെ വിട്ടുപിരിഞ്ഞ ലോകപ്രശസ്ത എഴുത്തുകാരന്‍ മിലന്‍ കുന്ദേരക്ക് ജന്മനാട്ടില്‍ പൗരത്വം നിഷേധിക്കപ്പെട്ടത് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലിനോടും ദുഷ്‌ചെയ്തികളോടും നിരന്തരം കലഹിച്ചതിന്റെ പേരിലായിരുന്നു. ചെക്കോസ്ലാവാക്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കി.
'പ്രാഗ്‌വസന്ത'ത്തില്‍ പങ്കെടുത്തതോടെ ഭരണകൂടത്തിന്റെ ശത്രുവായി. ഒടുവില്‍ 1975ല്‍ മിലനും ഭാര്യയ്ക്കും ഫ്രാന്‍സിലേക്ക് നാടുവിട്ട് പോകേണ്ടിവന്നു. ഇതുപോലെ ഫാഷിസത്തിനെതിരേയും ഏകാധിപത്യത്തിനെതിരേയും ശബ്ദമുയര്‍ത്തിയ വലിയ എഴുത്തുകാരുണ്ട്.ഇസ്രായേല്‍ ആഗോളസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇറാനെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച്‌കൊണ്ട് വിഖ്യാത ജര്‍മന്‍ എഴുത്തുകാരന്‍ ഗുന്തര്‍ഗ്രാസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ കവിത ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ടു. 'വാട്ട് മസ്റ്റ് ബി സെഡ് ' എന്ന പേരില്‍ 84ാം വയസിലാണ് നോബല്‍ സമ്മാനപുരസ്‌കാര ജേതാവായ ഗുന്തര്‍ഗ്രാസ് ആ കവിത രചിച്ചത്.
ആണവ ശക്തിയായ ഇസ്രായേല്‍ ആഗോള സുരക്ഷിതത്വത്തിന് വന്‍ ഭീഷണിയാണെന്ന് കവിതയില്‍ പറയുന്നു. 'സ്യൂഡ്‌ഷെ ഷിറ്റുങ്ങ്' (Suddestu chezeitung) എന്ന ജര്‍മന്‍ ദിനപത്രമാണ് ഗുന്തര്‍ഗ്രാസിന്റെ കവിത പ്രസിദ്ധീകരിച്ചത്. (നമ്മുടെ ദിനപത്രങ്ങള്‍ക്ക് രാഷ്ട്രീയ വാര്‍ത്തകളും അവര്‍ തമ്മിലുള്ള ആരോപണങ്ങളും കൊലപാതക അക്രമവാര്‍ത്തകളുമാണ് ശീലം).
നമ്മുടെ കാലത്ത് നടന്ന ഏറ്റവും പൈശാചികവും നിന്ദ്യവും ഭീകരത എന്ന് അക്ഷരാര്‍ത്ഥത്തില്‍ വിശേഷിപ്പിക്കാവുന്ന ഒന്നുമായിരുന്നല്ലോ അമേരിക്കയുടെ ഇറാഖ് അധിനിവേശം. അധികാരത്തിന്റെ ഈ അഹന്തയ്‌ക്കെതിരേ അമേരിക്കയില്‍ നിന്ന് തന്നെ ഏറ്റവും വലിയ പ്രതിഷേധം ഉയര്‍ന്നത് കലാരംഗത്തുനിന്നായിരുന്നു.
'മിസ്റ്റര്‍ ബുഷ്, ഇത് ലജ്ജാകരമാണ് ഈ യുദ്ധത്തിന് ഞങ്ങളുടെ പിന്തുണയില്ല. നിങ്ങളെയോര്‍ത്ത് ഞങ്ങള്‍ ലജ്ജിക്കുന്നു' എന്ന് അമേരിക്കയിലെ തോക്ക് സംസ്‌കാരത്തെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന 'ബൗളിങ് ഫോര്‍ കൊളംബന്‍' എന്ന ചിത്രത്തിന് മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം സ്വീകരിച്ച് പൊട്ടിത്തെറിച്ചു മൈക്കല്‍ മൂര്‍. ഹോളിവുഡിലെ ഉന്നത താരങ്ങള്‍ തിങ്ങിനിറഞ്ഞ ഓസ്‌കാര്‍ അവാര്‍ഡ്ദാന ചടങ്ങില്‍ 3500റോളം പേരെ സാക്ഷിനിര്‍ത്തി മൈക്കല്‍ മൂര്‍ ദൃഢമായ സ്വരത്തില്‍ സ്വന്തം നാടിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയപ്പോള്‍ ലോസ്ആഞ്ചല്‍സിലെ കൊഡാക് തിയേറ്റര്‍ പ്രകമ്പനം കൊണ്ടു.
അധികാരത്തിന്റെ മുഖത്തിന് നേരെ അമേരിക്കയില്‍ നടന്ന ശക്തമായ ആഞ്ഞടി. അധിനിവേശം അമേരിക്കയുടെ മാറ്റാന്‍ പറ്റാത്ത രോഗമാണെന്ന് അധികാരത്തിന്റെ നേരെ വിരല്‍ചൂണ്ടിക്കൊണ്ട് പറഞ്ഞത് അമേരിക്കയിലെ ഏറ്റവും വലിയ നോവലിസ്റ്റായ നോര്‍മല്‍ മെയ്‌ലര്‍. നോബല്‍ സമ്മാനം സ്വീകരിക്കുന്നവേളയില്‍ത്തന്നെ സാമ്രാജ്യത്വത്തിനെതിരേ ശബ്ദമുയര്‍ത്തിയ ഹരോള്‍ഡ് പിന്ററിനെപ്പോലെയുള്ള വലിയ എഴുത്തുകാരുണ്ട്.
ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയെ കുറിച്ച് മനസ്സാക്ഷിയുള്ള ഏത് എഴുത്തുകാരനും പ്രതികരിക്കേണ്ടതുണ്ട്. എം.ടി പറയുന്നു 'പൊതുവെ മോശമായ അന്തരീക്ഷമാണ് ഇന്നുള്ളത്. എങ്ങോട്ടാണ് നമ്മള്‍ പോകുന്നതെന്ന് വല്ലാത്ത ആധിയുണ്ട്. ഇന്ത്യയുടെ തന്നെ ചില ഭാഗങ്ങളില്‍ നിന്ന് എന്തൊക്കെ അപകടവാര്‍ത്തകളാണ് കേള്‍ക്കുന്നത്. നാസി വാഴ്ചക്കാലത്ത് എത്രയോ എഴുത്തുകാര്‍ ജര്‍മനി വിട്ടുപോയി. ജീവിക്കാന്‍ ധൈര്യമില്ലാതെ നാടുവിടുകയായിരുന്നു. നമുക്ക് ആ അവസ്ഥ വരില്ലെന്ന് പറയാതിരിക്കാന്‍ ഞാന്‍ ആളല്ല. മനുഷ്യന് ജീവിക്കാന്‍ അസഹ്യമായ അത്തരം അവസ്ഥ വരാതിരിക്കട്ടെ.'
മഹാത്മാഗാന്ധി തിരസ്‌ക്കരിക്കപ്പെടുകയും ഗാന്ധിജിയെ കൊന്ന നാഥുറാം ഗോഡ്‌സെയുടെ പ്രത്യയശാസ്ത്രം മേല്‍ക്കോയ്മ നേടുകയും ചെയ്യുന്ന, ബഹുസ്വരത ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഒരു രാജ്യത്ത് എഴുത്തുകാരും കലാകാരന്മാരും നിശബ്ദരായിരിക്കരുത്. നമ്മുടെ ബുദ്ധിജീവികളും കലാകാരന്മാരും കുറ്റകരമായ മൗനം ഉപേക്ഷിക്കേണ്ട സമയമായിരിക്കുന്നു.
കഥയും കാര്യവും
ആകാശത്ത് പറത്തിയ സമാധാനത്തിന്റെ വെള്ളരിപ്രാവിന്റെ കൊക്കില്‍ ഒരു തീബോംബ്.
(സമാധാനം-നാം പൂവായ് മാറുന്ന ദിവസം)
Content Highlights:Today's Article by P.K.Parakkadavu
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."