സഹോദരിയുടെ മുന്നില്‍ വെച്ച് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു; ബി.ജെ.പി നേതാവിന്റെ മകന്‍ അറസ്റ്റില്‍
സഹോദരിയുടെ മുന്നില്‍ വെച്ച് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു; ബി.ജെ.പി നേതാവിന്റെ മകന്‍ അറസ്റ്റില്‍
ഭോപ്പാല്‍: മധ്യപ്രദേശിലെ ദാത്തിയ ജില്ലയില്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന 19 കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ ബി.ജെ.പി നേതാവിന്റെ മകന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന സഹോദരിക്കെതിരെയും ലൈംഗിക ആക്രമണം ഉണ്ടായിട്ടുണ്ട്. ബി.ജെ.പിയുടെ ഉന്നാവോ മണ്ഡലം പ്രസിഡന്റ് കിഷന്‍ റായിയുടെ മകനായ ധ്രുവ് റായിയാണ് പൊലീസ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെയും സഹോദരിയെയും കാറിലെത്തിയ സംഘം ബലം പ്രയോഗിച്ച് തട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് കേസിലെ മറ്റൊരു പ്രതിയും ബി.ജെ.പി നേതാവുമായ രാം കിഷോര്‍ യാദവിന്റെ വീട്ടിലേക്ക് എത്തിച്ചതിന് ശേഷം ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. പ്രായ പൂര്‍ത്തിയാകാത്ത ഇളയ സഹോദരിയുടെ മുന്നില്‍ വെച്ചാണ് യുവതി ബലാത്സംഗത്തിനിരയായതെന്ന് ദാത്തിയ പൊലീസ് സൂപ്രണ്ട് പ്രദീപ് ശര്‍മ്മ പറഞ്ഞു.
സംഭവം പുറത്ത് പറഞ്ഞാല്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് പെണ്‍കുട്ടികളെ പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. വീട്ടുകാര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ കുട്ടിയുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം കേസില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച്ചയുണ്ടായതായി പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. സംഭവം നടന്നതിന് ശേഷം പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോള്‍ പൊലീസ് കേസെടുക്കാന്‍ കൂട്ടിക്കിയില്ലെന്നും പിന്നീട് സ്റ്റേഷന് മുന്നില്‍ മണിക്കൂറുകളോളം പ്രതിഷേധിച്ചാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായതെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ ആരോപിച്ചു.
എന്നാല്‍ ആരോപണങ്ങളെ തള്ളി ദാത്തിയ പൊലീസ് രംഗത്തെത്തി. പരാതി കിട്ടിയപ്പോള്‍ തന്നെ പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് പൊലീസ് ഭാഷ്യം. നാല് പ്രതികള്‍ക്കെതിരെയും പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്നും പൊലീസ് മേധാവി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."