പ്രമേഹ രോഗികള്‍ക്കും ചോറ് കഴിക്കാം; ഇങ്ങനെ ചെയ്താല്‍ മതി
പ്രമേഹ രോഗികള്‍ക്കും ചോറ് കഴിക്കാം; ഇങ്ങനെ ചെയ്താല്‍ മതി
മലയാളികളെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്ത ആഹാരമാണ് ചോറ്. ഒരുനേരമെങ്കിലും ചോറ് കഴിച്ചില്ലെങ്കില്‍ വല്ലാത്തൊരു അസ്വസ്ഥതയാണ് ഭൂരിഭാഗം മലയാളികള്‍ക്കും. അരിയാഹാരമാണ് മലയാളികളുടെ മെനുവിലെ ഏറ്റവും പ്രധാന ഐറ്റം. എന്നാല്‍ പ്രമേഹം ഉള്ളവര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ആരോഗ്യകരമായ ഭക്ഷണവും ജീവിതശൈലിയും പിന്തുടരേണ്ടത് വളരെ പ്രധാനമാണ്. ദിവസവും കഴിക്കുന്ന അന്നജത്തിന്റെ (carbs) അളവും ശ്രദ്ധിക്കണം.
പഠനങ്ങളനുസരിച്ച് ടൈപ്പ് 2 പ്രമേഹരോഗികള്‍ മിതമായ അളവിലേ അരി ഭക്ഷണം കഴിക്കാവൂ. നാരുകള്‍ ധാരാളം അടങ്ങിയഭക്ഷണവും മുഴുധാന്യങ്ങളും ധാരാളം കഴിക്കുകയും വേണം. അതിനാല്‍ പലരും ചോറ് മെനുവില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കാറാണ് പതിവ്. എന്നാല്‍ പ്രമേഹരോഗികള്‍ക്ക് ചോറ് കഴിക്കാനും വഴിയുണ്ട്. അത് എങ്ങനെയെന്ന് നോക്കാം.
പ്രമേഹരോഗികള്‍ ഏത് അരി ആണ് കഴിക്കേണ്ടത്?
പോഷകങ്ങള്‍ പ്രദാനം ചെയ്യുന്നതു കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതില്‍ മികച്ചത് ഏത് അരി ആണെന്ന് മനസ്സിലാക്കുന്നത് ഏറെ പ്രധാനമാണ്. ബ്രൗണ്‍ റൈസ് (കുത്തരി), വൈല്‍ഡ് റൈസ്, നീളം കൂടിയ വെളുത്ത അരി ഇവയെല്ലാം പോഷകങ്ങളോടൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കാന്‍ നല്ലതാണ്.
ഇക്കാര്യങ്ങളും ശ്രദ്ധിക്കുക
അരി വേവിച്ച് തണുപ്പിച്ച ശേഷം വീണ്ടും ചൂടാക്കുന്നത് നല്ലതാണ്. ഇത് റസിസ്റ്റന്റ് സ്റ്റാര്‍ച്ചിനെ ഉണ്ടാക്കും. ഭക്ഷണത്തില്‍ റസിസ്റ്റന്റ് സ്റ്റാര്‍ച്ച് ഉള്‍പ്പെടുത്തുക വഴി ശരീരം ഇന്‍സുലിനോട് കൂടുതല്‍ പ്രതികരണശേഷി ഉള്ളതാവുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെട്ട രീതിയില്‍ നിയന്ത്രിക്കുകയും ചെയ്യും.
ഇത് മൂലം വളരെ കുറച്ച് അന്നജം മാത്രമേ വിഘടിക്കുകയുള്ളൂ. വന്‍കുടലില്‍ ഭക്ഷണത്തെ പുളിപ്പിക്കാനും ഇതുവഴി ഉദരാരോഗ്യം മെച്ചപ്പെടുത്താനും റസിസ്റ്റന്റ് സ്റ്റാര്‍ച്ച് സഹായിക്കും. ഇത് മലബന്ധം അകറ്റുന്നു, കൊളസ്ട്രോള്‍ കുറയ്ക്കുന്നു മാത്രമല്ല മലാശയ അര്‍ബുദം വരാനുള്ള സാധ്യതയും കുറയ്ക്കുന്നു.
റസിസ്റ്റന്റ് സ്റ്റാര്‍ച്ച് ലഭിക്കുന്നതിനായി അരി വേവിക്കേണ്ട വിധം
*ഗ്ലൈസെമിക് ഇന്‍ഡക്സ് കുറഞ്ഞ, ആരോഗ്യകരമായ ബസ്മതി റൈസോ, ബ്രൗണ്‍ റൈസോ (കുത്തരി) തിരഞ്ഞെടുക്കാം.
*വേവിക്കുന്നതിനു മുന്‍പ് രണ്ടു മൂന്നു തവണ എങ്കിലും നന്നായി അരി കഴുകണം. തുടര്‍ന്ന് ഇത് ഒരു മണിക്കൂര്‍ കുതിര്‍ത്തു വയ്ക്കണം.
*അരി വേവിച്ച ശേഷം തണുക്കാന്‍ അനുവദിക്കുക. ഈ പ്രക്രിയ റസിസ്റ്റന്റ് സ്റ്റാര്‍ച്ചിന്റെ രൂപീകരണം വര്‍ധിപ്പിക്കും.
*ചോറ് തണുത്തതിനുശേഷം വീണ്ടും ചൂടാക്കുക. ഇത് പ്രമേഹരോഗികള്‍ക്ക് യോജിച്ച രീതിയില്‍ റസിസ്റ്റന്റ് സ്റ്റാര്‍ച്ചിന്റെ അളവ് കൂട്ടാന്‍ സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."