കര്‍ക്കടകം ഇങ്ങെത്തി… അറിയുമോ കര്‍ക്കടക കഞ്ഞിയുടെ മഹാത്മ്യം
കര്‍ക്കടകം ഇങ്ങെത്തി… അറിയുമോ കര്‍ക്കടക കഞ്ഞിയുടെ മഹാത്മ്യം
പ്രത്യേകിച്ച് മലയാളികളെ സംബന്ധിച്ച് പ്രധാനപ്പെട്ട മാസങ്ങളിലൊന്നാണ് കര്‍ക്കിടകം. അതുപോലെത്തന്നെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് കര്‍ക്കിടക കഞ്ഞി. വളരെ എളുപ്പത്തിലും ഗുണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രീതിയില്‍ വീട്ടില്‍ കര്‍ക്കടക്കഞ്ഞി തയാറാക്കാറുണ്ട്. കേരളത്തിലെ പരമ്പരാഗത ചികിത്സാവിധിപ്രകാരം ആരോഗ്യപരിപാലനത്തിനായി തയാറാക്കുന്ന ഔഷധക്കൂട്ടാണ് ഔഷധക്കഞ്ഞി അഥവാ കര്‍ക്കിടകക്കഞ്ഞി.
കര്‍ക്കടകം എന്നും കര്‍ക്കിടകം എന്നുമെല്ലാം പറയാറുണ്ട്. തോരാത്ത മഴയുടെ കാലത്ത് പാടത്തും പറമ്പിലും പണി ചെയ്യാനാകാത്തതു കാരണം അടുക്കളയിലെ അടുപ്പെരിയാത്ത അവസ്ഥയായിരുന്നതു കൊണ്ടാകാം, പണ്ടത്തെ തലമുറ ഇതിനെ പഞ്ഞ മാസം എന്ന് വിളിച്ചിരുന്നത്. ആരോഗ്യപരമായി ഏറെ പ്രധാന്യമുള്ള മാസം കൂടിയാണ് കര്‍ക്കടകം. മഴക്കാലമായതു കൊണ്ടു തന്നെ രോഗങ്ങള്‍ വരാന്‍ സാധ്യതയുളള സമയം. ശരീരത്തിനു ബലം കുറഞ്ഞിരിയ്ക്കുന്ന സമയം. ഇതിനാല്‍ രോഗ പ്രതിരോധ ശേഷി കൂട്ടേണ്ടത് അത്യാവശ്യമാണ്. ഇതു കൊണ്ടു തന്നെ കര്‍ക്കടകക്കാലത്ത് ഔഷധ ചികിത്സകള്‍ക്കും പ്രാധാന്യമേറുന്നു. പ്രധാനമായും പരമ്പരാഗത വൈദ്യശാഖയായ ആയുര്‍വേദം അനുശാസിയ്ക്കുന്ന ചിട്ടകളാണു നാം പാലിയ്ക്കുന്നത്. കര്‍ക്കടക മാസത്തില്‍ ചികിത്സ ചെയ്താല്‍ ഇത് ശരീത്തില്‍ വേഗത്തില്‍ ഫലിയ്ക്കുമെന്നതും ശാസ്ത്രമാണ്.
കര്‍ക്കിടകക്കഞ്ഞി
കര്‍ക്കിടകക്കഞ്ഞി
കര്‍ക്കടകത്തെ കുറിച്ചോര്‍ക്കുമ്പോള്‍ കര്‍ക്കിടകക്കഞ്ഞി പ്രധാനം. ഔഷധക്കഞ്ഞിയെന്നും പറയാം. ഈ കഞ്ഞിയില്‍ ചേര്‍ക്കുന്നത് ഔഷധ ഗുണമുള്ളവയാണ്. ഇതിനാല്‍ തന്നെ സ്വാദ് അത്ര ഉണ്ടാകില്ലെങ്കിലും ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിന് ഉത്തമമാണ്. ഞവരയരി പോലുളള ഔഷധ ഗുണമുള്ള അരിയാണ് ഇതിനായി ഉപയോഗിയ്ക്കുക. തവിടു കളയാത്ത അരിയാണ് പ്രധാനമായും വേണ്ടത്. ഇതിനായി പൊടിയരി പോലുള്ളവയും ഉപയോഗിയ്ക്കാറുണ്ട്.
കര്‍ക്കടക കഞ്ഞിയിലെ ചേരുവകള്‍
കര്‍ക്കടക കഞ്ഞിയിലെ ചേരുവകള്‍ അനുസരിച്ചു ഗുണവും മാറും. എന്തായാലും പൊതുവേ ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണ് ഇത്. വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമം. ഇത് രാവിലെയോ രാത്രിയോ കഴിയ്ക്കാം. ഔഷധക്കഞ്ഞി കുടിയ്ക്കുന്ന സമയത്ത് നോണ്‍ വെജ് ഭക്ഷണം അരുത്. രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണു കൂടുതല്‍ നല്ലത്. ചുരുങ്ങിയത് 7 ദിവസമെങ്കിലും അടുപ്പിച്ചു കുടിയ്ക്കണം. ശരീരത്തിന് ചൂടു നല്‍കുന്ന ഇത് വാത സംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്. കഞ്ഞി കഴിയ്ക്കുന്ന ദിവസങ്ങളില്‍ കഠിനാധ്വാനം ഒഴിവാക്കണമെന്നും ശാസ്ത്രം.
രോഗപ്രതിരോധ ശേഷി കൂട്ടാന്‍ കര്‍ക്കിടകക്കഞ്ഞി കഴിക്കുന്നത് ഏറെ നല്ലതാണ്. ദഹനപ്രക്രിയ സുഗമമായി നടക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് കര്‍ക്കിടകക്കഞ്ഞി. രാവിലെയോ വൈകിട്ടോ ഏതെങ്കിലും ഒരു നേരം ഇത് കഴിക്കുന്നതാണ് നല്ലത്.
കര്‍ക്കിടക കഞ്ഞി ഉണ്ടാക്കുന്ന വിധം…
ഉണക്കലരി 1/2 കപ്പ്
കടുക് 1 ടീസ്പൂണ്‍
എള്ള് 1 ടീസ്പൂണ്‍
ഉലുവ 1 ടീസ്പൂണ്‍
ജീരകം 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി 1/4 ടേബിള്‍സ്പൂണ്‍
തേങ്ങാപ്പാല്‍ 1/2 മുറി തേങ്ങയുടെ
മാവ് ഇല 5 എണ്ണം
പ്ലാവ് ഇല 4 എണ്ണം
ഉപ്പ് ആവശ്യമെങ്കില്‍ മാത്രം
തയ്യാറാക്കുന്ന വിധം…
അരി നല്ലതുപോലെ കഴുകിയതിനു ശേഷം 30 മിനുട്ട് കുതിര്‍ക്കാന്‍ വയ്ക്കുക. കടുക്, എള്ള്, ഉലുവ, ജീരകം എന്നിവ കഴുകിയ ശേഷം 30 മിനിറ്റ് വെള്ളത്തില്‍ ഇട്ടുവയ്ക്കുക. മുപ്പതു മിനിറ്റ് കഴിഞ്ഞതിനു ശേഷം കടുക്, ഉലുവ, ജീരകം എന്നിവ മിക്‌സിയില്‍ അരച്ച് പേസ്റ്റാക്കി എടുക്കുക.
ഒരു മണ്‍കലത്തില്‍ കഴുകി വച്ചിരിക്കുന്ന അരി ഇട്ടു കൊടുക്കാം. ഇതിലേക്ക് അരച്ച പേസ്റ്റും ഇട്ടുകൊടുക്കുക. മഞ്ഞള്‍പൊടിയും ചേര്‍ക്കുക. എടുത്തു വച്ചിരിക്കുന്ന മാവിന്റെയും പ്ലാവിന്റെയും ഇലകള്‍ മുറിച്ച് ഇട്ടുകൊടുക്കാം.
ആവശ്യത്തിനുള്ള വെള്ളവും ചേര്‍ത്ത് കഞ്ഞി വേവിച്ചെടുക്കാം. കഞ്ഞി വെന്തതിനുശേഷം തേങ്ങാപ്പാല്‍ ഒഴിച്ച് ചെറുതീയില്‍ അഞ്ചു മിനിറ്റ് കൂടി വേവിച്ചെടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."