സെര്‍ബിയന്‍ വമ്പനെ അട്ടിമറിച്ച് അല്‍ക്കാരസ്; വിംബിള്‍ഡണില്‍ കന്നികിരീടം
സെര്‍ബിയന്‍ വമ്പനെ അട്ടിമറിച്ച് അല്‍ക്കാരസ്; വിംബിള്‍ഡണില്‍ കന്നികിരീടം
ലണ്ടന്‍: വീറും വാശിയുമേറിയ ഫൈനല്‍ പോരാട്ടത്തിനൊടുവില്‍ ടെന്നീസിലെ സെര്‍ബിയന്‍ ഇതിഹാസത്തെ അട്ടിമറിച്ച് കൊണ്ട് സ്‌പെയിന്‍ താരം കാര്‍ലോസ് അല്‍ക്കാരസ് തന്റെ കന്നി വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി. ഞായറാഴ്ച്ച നടന്ന ആവേശകരമായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ലോക ഒന്നാം നമ്പര്‍ താരം കൂടിയായ അല്‍ക്കാരസ് വിജയം കൈക്കലാക്കിയത്. താരത്തിന്റെ കരിയറിലെ രണ്ടാം ഗ്രാന്‍ഡ്സ്ലാം നേട്ടമാണിത്. കഴിഞ്ഞ വര്‍ഷം നടന്ന യു.എസ് ഓപ്പണും അല്‍ക്കാരസിനായിരുന്നു. സ്‌കോര്‍( 1-6,7-6,6-1,3-6,6-4 ).
മത്സരത്തിലെ ആദ്യ സെറ്റില്‍ കളിയുടെ പൂര്‍ണ ആധിപത്യം ദ്യോക്കോവിച്ചിനായിരുന്നു. കരിയറില്‍ 24 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന റെക്കോഡിലേക്ക് റാക്കറ്റേന്തിയ ദ്യോക്കോ കോര്‍ട്ടില്‍ കൊടുങ്കാറ്റായി മാറിയതാണ് കാണാന്‍ കഴിഞ്ഞത്. ഒന്നിനെതിരെ ആറ് പോയിന്റിനാണ് താരം സെറ്റ് കൈക്കലാക്കിയത്. പക്ഷെ രണ്ടാം സെറ്റ് മുതല്‍ അല്‍ക്കാരസിന്റെ തിരിച്ചുവരവാണ് കാണാനായത്. ടൈബ്രേക്കറില്‍ സ്പാനിഷ് താരം സെറ്റ് പിടിച്ചു. മൂന്നാം സെറ്റില്‍ ദ്യോക്കോവിച്ചിന് അതേ നാണയത്തില്‍ തിരിച്ചടിയും നല്‍കി. 6-1ന്റെ വിജയം.
പക്ഷെ തൊട്ടടുത്ത സെറ്റില്‍ വിജയം പിടിച്ചെടുത്ത് ദ്യോക്കോ തന്റെ പരിചയ സമ്പത്ത് ആരാധകര്‍ക്ക് മുന്നില്‍ തുറന്ന് കാട്ടി. സ്‌കോര്‍ 3-6. ഇതോടെ മത്സരം അഞ്ചാം സെറ്റിലേക്ക് കടന്നു. തുടക്കത്തില്‍ തന്നെ സെര്‍ബിയന്‍ വമ്പന്റെ സെറ്റ് ബ്രേക്ക് ചെയ്ത അല്‍ക്കാരസ് 6-4 ന് കന്നി കിരീടത്തില്‍ മുത്തമിട്ടു. ഇതോടെ ഫ്രഞ്ച് ഓപ്പണ്‍ സെമിഫെനലില്‍ ദോക്യോവിച്ചിനോടേറ്റ പരാജയത്തിന് മധുര പ്രതികാരം ചെയ്യാനും അല്‍ക്കാരസിനായി.
നേരത്തെ ഇറ്റലിയുടെ ജാനിക്‌സ സിന്നറെ പരാജയപ്പെടുത്തിയാണ് ദ്യോക്കോവിച്ച് വിംബിള്‍ഡണ്‍ ഫൈനലിന് യോഗ്യത നേടിയത്. താരത്തിന്റെ മുപ്പത്തിയഞ്ചാം ഗ്രാന്‍ഡ്സ്ലാം ഫൈനലായിരുന്നു ഇത്. അതേസമയം റഷ്യയുടെ ഡാനില്‍ മെദ്വദേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അല്‍ക്കാരസ് ഫൈനലിനെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."