പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗം ഇന്ന്; 24 പാര്‍ട്ടികള്‍ പങ്കെടുക്കും
പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗം ഇന്ന്; 24 പാര്‍ട്ടികള്‍ പങ്കെടുക്കും
ബംഗലുരു: ബംഗലുരുവില്‍ വെച്ച് നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗത്തിന് ഇന്ന് തുടക്കം. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന സമ്മേളനത്തിനായി 24 പ്രതിപക്ഷ പാര്‍ട്ടികളാണ് കോണ്‍ഗ്രസ് ആതിഥേയത്വം വഹിക്കുന്ന യോഗത്തിനെത്തുക. ഡല്‍ഹി സര്‍ക്കാരിനെതിരായ കേന്ദ്ര ഓര്‍ഡിനന്‍സിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ ആം ആദ്മി പാര്‍ട്ടിയും യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വൈകീട്ട് ആറ് മണി മുതല്‍ എട്ട് മണി വരെയാണ് ആദ്യ യോഗം തീരുമാനിച്ചിട്ടുള്ളത്. മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ്(എം), കേരള കോണ്‍ഗ്രസ്(ജെ), ആര്‍.എസ്.പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളും ഇത്തവണ യോഗത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്.
നാളെ 11 മണിക്കാണ് പ്രതിപക്ഷ കക്ഷികളുടെ പ്രധാന യോഗം ചേരുന്നത്. വിശാല സഖ്യത്തിന് പേര് നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ നാളെ വ്യക്തത വരുമെന്നാണ് കരുതപ്പെടുന്നത്. സീറ്റ് വിഭജനവും ചര്‍ച്ചയായേക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂട്ടത്തില്‍ മഹാരാഷ്ട്രയില്‍ ഘടക കക്ഷിയായ എന്‍.സി.പിയിലെ പിളര്‍പ്പിനെക്കുറിച്ചും, ഏക സിവില്‍ കോഡിലെ നിലപാടിനെ കുറിച്ചും ചര്‍ച്ചയുണ്ടാവാനും സാധ്യതയുണ്ട്. തുടര്‍ന്ന് പ്രതിപക്ഷ നേതാക്കളുടെ സംയുക്ത പത്രസമ്മേളനവും ബെംഗളൂരുവില്‍ വെച്ച് നടക്കും.
ഇത് രണ്ടാം തവണയാണ് പ്രതിപക്ഷ നേതാക്കളുടെ സംയുക്ത യോഗം നടക്കുന്നത്. നേരത്തെ പട്‌നയില്‍ വെച്ചായിരുന്നു ആദ്യ യോഗം. ഇന്ന് ഉച്ചയോടെ നേതാക്കള്‍ ബെംഗളൂരുവില്‍ എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ട്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാവിലെ തന്നെ എത്തും. ഉച്ചയോടെ മമത ബാനര്‍ജി, എം.കെ സ്റ്റാലിന്‍, നിതീഷ് കുമാര്‍, തേജസ്വി യാദവ്, അഖിലേഷ് യാദവ് എന്നിവരും എത്തിച്ചേരും. യോഗത്തെക്കുറിച്ച് വിവരിക്കാനായി രാവിലെ 11 മണിക്ക് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പത്ര സമ്മേളനം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.
അതേസമയം ബി.ജെ.പിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എയും വിശാല മുന്നണിയോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ പ്രതിപക്ഷ കക്ഷികളുടെ സഖ്യത്തെ നേരിടാനുള്ള തന്ത്രങ്ങളാണ് പ്രധാനമായും ചര്‍ച്ചയാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."