ഹാജര്‍ ബുക്കില്‍ ഒപ്പിട്ട് കറങ്ങി നടക്കുന്ന 'അധ്യാപകര്‍ക്ക്' പിടിവീഴും; ഓഗസ്റ്റ് മുതല്‍ പഞ്ചിങ് നിര്‍ബന്ധം
ഹാജര്‍ ബുക്കില്‍ ഒപ്പിട്ട് കറങ്ങി നടക്കുന്ന 'അധ്യാപകര്‍ക്ക്' പിടിവീഴും; ഓഗസ്റ്റ് മുതല്‍ പഞ്ചിങ് നിര്‍ബന്ധം
ഇനി മുതല്‍ ഹാജര്‍ ബുക്കില്‍ ഒപ്പിട്ട് കറങ്ങി നടക്കുന്ന അധ്യാപകര്‍ക്ക് പണി കിട്ടും. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലും പഞ്ചിങ് സംവിധാനം വരുന്ന ഓഗസ്റ്റ് മുതല്‍ കര്‍ശനമായി നടപ്പിലാക്കാനാണ് തീരുമാനം. കൂട്ടത്തില്‍ ഹാജര്‍ ശമ്പളവുമായി ബന്ധിപ്പിക്കുകയും ചെയ്യും. പഞ്ചിങ്ങില്‍ സമയ കുറവ് കാണിച്ചാല്‍ അത് കാഷ്വല്‍ ലീവായി കണക്കാക്കാനും ശമ്പളം വെട്ടിക്കുറക്കാനുമാണ് പദ്ധതിയുള്ളത്.
യു.ജി.സിയുടെ നിയമ പ്രകാരം ആറ് മണിക്കൂറാണ് അധ്യാപകരുടെ ജോലി സമയമായി നിശ്ചയിച്ചിട്ടുള്ളത്. ഇതിന് പുറമെ ഒരു മണിക്കൂര്‍ ലഞ്ച് ബ്രേക്ക് കൂടുതല്‍ കിട്ടും. അങ്ങനെ ഒരു ദിവസത്തില്‍ ഏഴ് മണിക്കൂര്‍ അധ്യാപകര്‍ കോളേജില്‍ ഉണ്ടാവണമെന്നാണ് വ്യവസ്ഥയുള്ളത്. എന്നാല്‍ പലരും രാവിലെ വന്ന് ഒപ്പിട്ടതിന് ശേഷം ക്യാമ്പസിന് പുറത്ത് കറങ്ങി നടക്കുന്നതും പതിവാണ്. പഞ്ചിങ് കൃത്യമാക്കുന്നതിലൂടെ ഈ പരിപാടി അവസാനിക്കും.
സാധാരണയായി രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെയാണ് വിദ്യഭ്യാസ സ്ഥാപനങ്ങളിലെ സമയക്രമം. ചിലയിടങ്ങളില്‍ പ്രാദേശിക സാഹചര്യങ്ങള്‍ കണക്കാക്കി ഇത് ഒമ്പതര മുതല്‍ നാലര വരെയുള്ള സ്ഥലങ്ങളുമുണ്ട്. പഞ്ചിങ് നിര്‍ബന്ധമല്ലാതിരുന്നതിനാല്‍ ഈ സമയക്രമം പലപ്പോഴും ആരും പാലിക്കാറില്ല. കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ രീതി നടപ്പിലാക്കുന്നതോടെ ബിരുദ കോഴ്‌സുകള്‍ നാല് വര്‍ഷമായി മാറുകയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് നിശ്ചിത സമയം അധ്യാപകര്‍ ഉണ്ടാകണമെന്ന നിയമം കര്‍ശനമാക്കുന്നത്.
ജൂണ്‍ ഒന്ന് മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പഞ്ചിങ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ആദ്യ ഘട്ടത്തില്‍ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ പദ്ധതി നടപ്പിലാക്കിയിരുന്നില്ല. സര്‍ക്കാര്‍ കോളേജുകളില്‍ മെഷീന്‍ സ്ഥാപിച്ചിരുന്നെങ്കിലും ഉപയോഗിച്ചിരുന്നില്ല. എയ്ഡഡ് കോളേജുകളില്‍ ഭൂരിഭാഗവും യന്ത്രം പോലും സ്ഥാപിച്ചിരുന്നില്ല. ഉന്നത വിദ്യാഭ്യാസ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കുന്ന കെ-റീപ് (കേരള റിസോഴ്‌സ് ഫോര്‍ എജ്യുക്കേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് പ്ലാനിങ്) എന്ന ഈ ഗവേണന്‍സ് സംവിധാനം നടപ്പിലാക്കുന്നതോടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം പഞ്ചിങ് നിര്‍ബന്ധമാവും. കൂട്ടത്തില്‍ സര്‍ക്കാരിന്റെ ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാര്‍ക്കുമായി അധ്യാപകരുടെ ഹാജര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."