ഓണ്‍ലൈന്‍ വഴി ലക്ഷം രൂപക്ക് മുകളില്‍ നഷ്ടമായോ വഴിയുണ്ട്; വിളിക്കൂ 1930ലേക്ക്, സ്പീഡ് ട്രാക്കിങ് സിസ്റ്റവുമായി പൊലിസ്
ഓണ്‍ലൈന്‍ വഴി ലക്ഷം രൂപക്ക് മുകളില്‍ നഷ്ടമായോ വഴിയുണ്ട്; വിളിക്കൂ 1930ലേക്ക്, സ്പീഡ് ട്രാക്കിങ് സിസ്റ്റവുമായി പൊലിസ്
തിരുവനന്തപുരം: ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ പണം ഓണ്‍ലൈന്‍ വഴി നഷ്ടമായാല്‍ കണ്ടെത്താന്‍ സ്പീഡ് ട്രാക്കിങ് സിസ്റ്റം തുടങ്ങി പൊലിസ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൈബര്‍ ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചാല്‍ പണം തിരിച്ചുപിടിക്കാം. ഒരു ലക്ഷം രൂപക്ക് മുകളില്‍ തട്ടിയെടുത്തതായി പരാതി ലഭിച്ചാല്‍ തട്ടിപ്പ് നടത്തിയ ആളുടെ അക്കൗണ്ട് മണിക്കൂറുകള്‍ക്കുളള കണ്ടെത്താനായി പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്. 1930 എന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ വിവരം ഉടന്‍ അറിയിച്ചാല്‍, തട്ടിപ്പുകാരന്റെ അക്കൗണ്ട് വിവരങ്ങള്‍ മനസിലാക്കാനുള്ള സംവിധാനമാണ് ഒരിക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ വരുന്നുണ്ടെങ്കിലും വലിയ തട്ടിപ്പുകള്‍ കണ്ടെത്താനായാണ് സ്പീഡ് ട്രാക്കിംഗ് സംവിധാനം ഒരുക്കിയത്.
സംവിധാനം എ.ഐ തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ
കോഴിക്കോട് എഐ വഴിയുളള തട്ടിപ്പ് കണ്ടെത്തിയതോടെയാണ് പൊലിസിന്റെ പുതിയ നീക്കം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) സഹായത്തോടെ സുഹൃത്തിന്റെ മുഖം നിര്‍മിച്ച് വിഡിയോ കോള്‍ ചെയ്ത് പണം തട്ടിയ സംഭവത്തില്‍ നഷ്ടമായ മുഴുവന്‍ തുകയും പൊലിസ് കഴിഞ്ഞ ദിവസം വീണ്ടെടുത്തിരുന്നു. നഷ്ടമായ 40,000 രൂപയുടെയും കൈമാറ്റം തടഞ്ഞതായി പൊലിസിന് വിവരം ലഭിച്ചു. മഹാരാഷ്ട്രയിലെ രത്‌നാകര്‍ ബാങ്കാണ് കേരള പൊലിസിന്റെ സൈബര്‍ വിഭാഗത്തിന് അറിയിപ്പ് നല്‍കിയത്. രത്‌നാകര്‍ ബാങ്കില്‍ നിന്നാണ് തട്ടിയ തുക കണ്ടെടുത്തത്. ബാങ്ക് അക്കൗണ്ട് ബ്ലോക് ചെയ്തിട്ടുണ്ട്. പ്രതിയെ കണ്ടെത്താന്‍ സൈബര്‍ പൊലിസ് അന്വേഷണം തുടങ്ങി. കോഴിക്കോട് ചാലപ്പുറം സ്വദേശി പി.എസ് രാധാകൃഷ്ണന്റെ 40,000 രൂപയാണ് ഏതാനും ദിവസം മുമ്പ് എ.ഐ തട്ടിപ്പില്‍ നഷ്ടമായത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. കോള്‍ ഇന്ത്യ ലിമിറ്റഡില്‍ നിന്നും വിരമിച്ച പി.എസ് രാധാകൃഷ്ണനെ തേടി ഈമാസം ഒമ്പതിനാണ് സുഹൃത്തിന്റേതെന്ന പേരില്‍ ഫോണ്‍ എത്തിയത്. രാത്രി പലവട്ടം കോള്‍ വന്നിരുന്നെങ്കിലും എടുത്തില്ല. പിന്നീട് വന്ന വിഡിയോ കോളില്‍ ആന്ധ്രാപ്രദേശില്‍ ഒപ്പം ജോലി ചെയ്തിരുന്ന ആളുമായി സാദൃശ്യമുള്ള രൂപമാണ് കണ്ടത്. പഴയ സുഹൃത്തുക്കളെക്കുറിച്ചും മക്കളെക്കുറിച്ചുമുള്ള സുഖവിവരം ആരാഞ്ഞതോടെ സുഹൃത്ത് തന്നെയാണിതെന്ന് ഉറപ്പിച്ചു. പിന്നാലെയാണ് 40,000 രൂപ അയക്കാന്‍ ആവശ്യപ്പെടുന്നത്. താന്‍ ദുബൈയിലാണെന്നും മുംബൈയില്‍ എത്തിയാലുടന്‍ പണം നല്‍കുമെന്നുമായിരുന്നു വാഗ്ദാനം. വീണ്ടും 35,000 രൂപ ആവശ്യപ്പെട്ടതോടെയാണ് രാധാകൃഷ്ണന് ഇത് സുഹൃത്ത് തന്നെയാണോ എന്നതില്‍ സംശയം തോന്നിയത്.
തട്ടിപ്പുകളില്‍ വീഴാതെ നോക്കണം, വിവരം അറിയിക്കാന്‍ വൈകുകയുമരുത്
വിവരം നല്‍കാന്‍ വൈകുന്തോറും തട്ടിപ്പുകാര്‍ പണം പിന്‍വലിച്ച് രക്ഷപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വേഗത്തില്‍ വിവരം കൈമാറുകയാണ് അന്വേഷണത്തിന് നിര്‍ണായകുന്നതെന്ന് നോഡല്‍ ഓഫീസര്‍ എസ്പി ഹരിശങ്കര്‍ പറഞ്ഞു. വിദേശത്തേക്ക് പഠന വിസ നല്‍കാമെന്ന് വാഗ്ദനാനം ചെയ്കുള്ള തട്ടിപ്പുകളും വര്‍ദ്ധിക്കുന്നുണ്ട്. ഓണ്‍ ലൈന്‍വായ്പകള്‍ നല്‍കിയ ശേഷം തിരിച്ചടവ് മുടങ്ങിയാല്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതാണ് പൊലിസിന് മുന്നിലെത്തുന്ന മറ്റൊരു പരാതി. പരിചയമില്ലാത്തവര്‍ അയക്കുന്ന ലിങ്കുകള്‍ വഴി ആപ്പുകള്‍ ഡൗണ്‍ലോ!ഡ് ചെയ്താല്‍ തട്ടിപ്പിനുള്ള സാധ്യത വര്‍ദ്ധിക്കുന്നതായും പൊലിസ് മുന്നറിയിപ്പ് നല്‍കുന്നു.
വിദേശത്ത് നിന്നും ഉയര്‍ന്ന വിലക്കുള്ള സമ്മാനമെത്തിയിട്ടുണ്ട്, കസ്റ്റംസ് ക്ലിയറന്‍സിനായി പണം നല്‍ണം. കോടികള്‍ ലോട്ടറിയിച്ചു, സമ്മാനതുക നല്‍കാന്‍ നികുതി അടക്കണം, ഇതുകൂടാതെ വാടസ് ആപ്പും മെസഞ്ചറും വീഡിയോ കോളുകള്‍ വഴി മോര്‍ഫ് ചെയ്ത നഗ്‌നവീഡിയോകള്‍ കാണിച്ചുമുള്ള തട്ടിപ്പ് തുടരുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ നീക്കം. നൈജീരിയന്‍ സംഘങ്ങളും ഉത്തരേന്ത്യന്‍ ഹൈടെക് സംഘങ്ങളുമായിരുന്നു പല തട്ടിപ്പുകളും നടത്തിയത്. എന്നാല്‍ പൊലീസിന്റെ സംവിധാനങ്ങളെ പോലും അമ്പരപ്പിച്ചാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിഡിയോ കോള്‍ ചെയ്ത് കോഴിക്കോട് സ്വദേശിയുടെ 40000 രൂപ തട്ടിയെടുത്തത്. പണം കണ്ടെത്താനായെന്ന ആശ്വാസം പൊലിസിനുണ്ടെങ്കിലും ഈ സാധ്യത ഉപയോഗിച്ചു കൊണ്ട് തട്ടിപ്പ് തുടരാനുള്ള സാധ്യത പൊലിസ് മുന്നില്‍ കാണുന്നു.
മുന്നറിയിപ്പുമായി പൊലിസ് ബോക്‌സ്
എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പ് ഗൗരവമായി കാണണമെന്ന് പൊലിസ്. അപരിചിത നമ്പരില്‍ നിന്നുള്ള സാമ്പത്തിക അഭ്യര്‍ഥന പൂര്‍ണമായി നിരസിക്കണം. കോഴിക്കോട്ട് എ.ഐ വഴിയുള്ള തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പൊലിസ് മുന്നറിയിപ്പ് നല്‍കിയത്. പരിചിതമല്ലാത്ത നമ്പറില്‍ നിന്ന് സാമ്പത്തിക സഹായം അഭ്യര്‍ഥിച്ചുള്ള ഫോണ്‍ സന്ദേശം വന്നാല്‍ വിവരം ഉടന്‍ തന്നെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൈബര്‍ പൊലിസ് ഹെല്‍പ്‌ലൈന്‍ നമ്പറായ 1930ല്‍ അറിയിക്കണം. പരിചയമില്ലാത്ത വിഡിയോ കോളുകള്‍ ഒഴിവാക്കാനും പരിചയം ഉള്ളവര്‍ ആണെങ്കില്‍ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും പൊലിസ് അറിയിച്ചു.
kerala-police's-speed-track-system-to-catch-online-fraud
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."