ജോലി നഷ്ടപ്പെട്ട് സഊദിയില്‍ കുടുങ്ങിയ മൂന്ന് മലയാളികള്‍ നാട്ടിലെത്തി
നെടുമ്പാശ്ശേരി: ജോലി നഷ്ടപ്പെട്ട് സഊദിയില്‍ കുടുങ്ങിക്കിടന്ന മലയാളികളില്‍ മൂന്നുപേര്‍ നാട്ടിലെത്തി. കോഴിക്കോട് കല്ലായി സ്വദേശി പി.പി.ഷബീര്‍, മലപ്പുറം മേലാറ്റൂര്‍ സ്വദേശി കാരിക്കുഴി മുഹമ്മദ്, കണ്ണൂര്‍ സ്വദേശി ഷിജോ മാത്യു എന്നിവരാണ് ഇന്നലെ രാവിലെ 9.40ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. ഇവര്‍ക്ക് നാട്ടിലേക്കുള്ള വഴിച്ചെലവിനായി നോര്‍ക്ക 2000 രൂപ വീതം നല്‍കി. ജിദ്ദയിലെ റോജ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജോലിക്കാരായിരുന്ന ഇവര്‍ക്ക് കഴിഞ്ഞ ജനുവരി മുതല്‍ ശമ്പളവും മറ്റ് ആനുകൂലങ്ങളും ലഭിച്ചിട്ടില്ല. ഇത് ഇന്ത്യന്‍ എമ്പസി വാങ്ങിത്തരാമെന്ന ഉറപ്പിലാണ് ഇവര്‍ നാട്ടിലേക്ക് തിരിച്ചത്. ഏഴുവര്‍ഷം മുതല്‍ 25 വര്‍ഷം വരെ ജോലി ചെയ്ത തൊഴിലാളികളാണ് എല്ലാം നഷ്ടപ്പെട്ട് സഊദിയില്‍ കുടുങ്ങിയിരിക്കുന്നത്.
ഇവര്‍ക്ക് ജൂലൈ 24 മുതല്‍ ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയായിരുന്നു. സഊദിയില്‍ നിരവധി മേഖലകളില്‍ കരാര്‍ എടുത്തിട്ടുള്ള ലബനാന്‍ കമ്പനിയാണ് ഓജ. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് ശമ്പളം പോലും നല്‍കാന്‍ കഴിയാതെ കമ്പനി വിഷമത്തിലാകുകയായിരുന്നു.സഊദിയില്‍ വിവിധ ഭാഗങ്ങളിലായി പതിനായിരക്കണക്കിന് തൊഴിലാളികളാണ് ഈ കമ്പനിക്കു കീഴില്‍ വിവിധ എജന്‍സികളിലായി ജോലി ചെയ്യുന്നത്. ഇതില്‍ ആയിരക്കണക്കിന് മലയാളികളുണ്ട്. പലര്‍ക്കും എഴു മാസത്തിലേറെയായി ശമ്പളം ലഭിച്ചിട്ടില്ലെന്ന് ഇവര്‍ പറഞ്ഞു.
സഊദി ഭരണകൂടത്തിന്റെ കാരുണ്യം കൊണ്ടാണ് ഭക്ഷണമെങ്കിലും ലഭ്യമായത്. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് നാട്ടിലേക്ക് മടങ്ങാമെന്നും വേറെ തൊഴില്‍ അവസരങ്ങള്‍ ഒരുക്കാമെന്നും സഊദി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ആനുകൂല്യങ്ങള്‍ ലഭ്യമായാല്‍ നാട്ടിലേക്ക് മടങ്ങാനാണ് കൂടുതല്‍ പേരും ആഗ്രഹിക്കുന്നത്.
ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളില്‍ ഇന്ത്യന്‍ എമ്പസി ഇടപെട്ടെങ്കിലും തൊഴില്‍പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. തൊഴില്‍പ്രശ്‌നങ്ങള്‍ തീരുന്ന മുറയ്ക്ക് ശമ്പളവും ആനുകൂല്യങ്ങളും നാട്ടിലെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കാമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളതെന്നും ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."