ആമസോണില്‍ 90,000 രൂപയുടെ ലെന്‍സ് ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് ഒരു പാക്കറ്റ് കടലപ്പരിപ്പ്
ആമസോണില്‍ 90,000 രൂപയുടെ ലെന്‍സ് ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് ഒരു പാക്കറ്റ് കടലപ്പരിപ്പ്
ആമസോണ്‍ വഴി ക്യാമറ ലെന്‍സ് ഓര്‍ഡര്‍ ചെയ്ത യുവാവിന് കിട്ടിയത് മുട്ടന്‍ പണി. വീട്ടിലെത്തിയ പാക്കറ്റ് തുറന്ന് നോക്കിയപ്പോഴാണ് യുവാവിന് ചതി മനസിലായത്. പാക്കറ്റിലെ ബോക്‌സിനകത്ത് ലെന്‍സില്ല, പകരം കിട്ടിയതോ ഒരു കവര്‍ നിറയെ കടല പരിപ്പും(quinoa seeds). ഇന്ത്യക്കാരനായ അരുണ്‍ കുമാര്‍ മെഹറെന്ന യുവാവാണ് തനിക്കുണ്ടായ ദുരനുഭവം ട്വിറ്റര്‍ വഴി പുറം ലോകത്തെ അറിയിച്ചത്.
കഴിഞ്ഞ ജൂലൈ 5 നാണ് സംഭവമുണ്ടായത്. 90,000 രൂപ വില വരുന്ന സിഗ്മ കമ്പനിയുടെ 24-70 f 2.8 ലെന്‍സാണ് ആമസോണില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തിരുന്നത്. പാക്കറ്റ് വീട്ടിലെത്തുമ്പോള്‍ പൊട്ടിച്ച നിലയിലായിരുന്നെന്നും അരുണ്‍ കുമാര്‍ പരാതിപ്പെട്ടു. സംഭവത്തെക്കുറിച്ച് ആമസോണില്‍ പരാതിപ്പെട്ടപ്പോള്‍ അന്വേഷണം നടക്കുകയാണെന്ന മറുപടിയാണ് തനിക്ക് ലഭിച്ചതെന്നും എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കാന്‍ കമ്പനി അധികൃതര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ആമസോണ്‍ പോലൊരു കമ്പനിയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു തെറ്റ് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഒന്നുകില്‍ എനിക്ക് യഥാര്‍ത്ഥ ലെന്‍സ് അയച്ച് തരണം. അല്ലെങ്കില്‍ പണം തിരികെ നല്‍കണം- അരുണ്‍ ട്വീറ്റ് ചെയ്തു.
ഏതായാലും ട്വീറ്റ് വൈറലായതോടെ പ്രശ്‌നം പരിഹരിക്കാനായി ആമസോണ്‍ മാപ്പപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ്. പ്രശ്‌നം കമ്പനി അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ആമസോണ്‍ ഹെല്‍പ്പ് തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്. യുവാവിന് നേരിടേണ്ടി വന്ന ദുരനുഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നും സംഭവത്തെക്കുറിച്ചുള്ള അന്വേഷണം കഴിയുന്നത് വരെ സംയമനം പാലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏതായാലും എത്രയും വേഗം പ്രശ്‌നം പരിഹരിച്ച് കിട്ടുമെന്ന പ്രതീക്ഷയിലാണ് യുവാവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."