പ്രതിപക്ഷം തന്ത്രം മെനയുമ്പോള്‍ മറുതന്ത്രമൊരുക്കാന്‍ എന്‍ഡിഎ; നാളത്തെ യോഗത്തില്‍ 38 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്ന് ബിജെപി
പ്രതിപക്ഷം തന്ത്രം മെനയുമ്പോള്‍ മറുതന്ത്രമൊരുക്കാന്‍ എന്‍ഡിഎ; നാളത്തെ യോഗത്തില്‍ 38 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്ന് ബിജെപി
ന്യൂഡല്‍ഹി: നാളെ നടക്കുന്ന എന്‍.ഡി.എ. വിശാലയോഗത്തില്‍ 38 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി നടക്കുന്ന പ്രതിപക്ഷയോഗത്തിനിടെ ശക്തിപ്രകടനമായാണ് ഡല്‍ഹിയില്‍ എന്‍.ഡി.എ. യോഗം നടത്തുന്നത്. നിലവിലെ സഖ്യകക്ഷികള്‍ക്ക് പുറമേ പുതിയ ഏതാനും കക്ഷികളേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. യോഗത്തില്‍ 30 കക്ഷികള്‍ പങ്കെടുക്കുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. ബെംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യയോഗത്തില്‍ 26 പാര്‍ട്ടികളാണ് പങ്കെടുക്കുന്നത്.
ജെ.പി. നഡ്ഡയുടേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അധ്യക്ഷതയിലാണ് എന്‍.ഡി.എ. യോഗം. ഡല്‍ഹിയിലെ അശോക് ഹോട്ടലില്‍ ചൊവ്വാഴ്ച വൈകീട്ട് നടക്കുന്ന യോഗത്തിലേക്ക് പാര്‍ലമെന്റില്‍ പ്രാതിനിധ്യമില്ലാത്ത പാര്‍ട്ടികള്‍ക്കും ക്ഷണമുണ്ട്. പരമ്പരാഗത സഖ്യകക്ഷികളായ ജനതാദള്‍ യുണൈറ്റഡ്, ശിവസേന ഉദ്ദവ് താക്കറെ വിഭാഗങ്ങളെ നഷ്ടമായിരുന്നെങ്കിലും ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള ശിവസേനയേയും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയേയും സഖ്യത്തില്‍ എത്തിക്കാന്‍ കഴിഞ്ഞത് ബി.ജെ.പിക്ക് ആത്മവിശ്വാസം പകരുന്നതാണ്.
ഒ.പി. രാജ്ഭറിന്റെ നേതൃത്വത്തിലുള്ള എസ്.ബി.എസ്.പി, ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച (സെക്കുലര്‍), ഉപേന്ദ്ര കുശ്വാഹയുടെ ആര്‍.എല്‍.എസ്.പി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി, മുകേഷ് സാഹ്നിയുടെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്നിവരും യോഗത്തിനെത്തും. അജിത് പവാര്‍ പക്ഷത്തെ പ്രതിനിധീകരിച്ച് അജിത് പവാറിന് പുറമേ പ്രഫുല്‍ പട്ടേലും പങ്കെടുക്കും. യോഗത്തിന് മുന്നോടിയായി തിങ്കളാഴ്ച, ഡല്‍ഹിയിലെത്തിയ ചിരാഗ് പാസ്വാന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."