കേരളത്തിന്റെ ഹജ്ജ് ക്രമീകരണങ്ങള്‍ മാതൃകാപരം: കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രതിനിധിസംഘം
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് തീര്‍ഥാടകര്‍ക്ക് വേണ്ടിയുള്ള ക്രമീകരണങ്ങള്‍ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ മികച്ചതും മാതൃകാപരവുമാണെന്ന് കേന്ദ്രഹജ്ജ് കമ്മിറ്റി പ്രതിനിധിസംഘത്തിന്റെ മുഖ്യചുമതലക്കാരന്‍ ശൈഖ് മുഹമ്മദ് സലീം. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സജ്ജമാക്കിയ ഹജ്ജ് ക്യാംപിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും എത്തിയ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ എമ്പാര്‍ക്കേഷന്‍ ഇന്‍ചാര്‍ജായ ശൈഖ് മുഹമ്മദ് സലീം സുപ്രഭാതത്തോട് സംസാരിക്കുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകരുടെ അപേക്ഷയില്‍ വലിയ തോതിലുള്ള വര്‍ധനവാണ് ഉള്ളത്.
ഇവിടെ നിന്ന് കൂടുതല്‍ പേരെ തീര്‍ഥാടനത്തിന് അയക്കുവാന്‍ കഴിയുന്നത് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ മികവാര്‍ന്ന പ്രവര്‍ത്തനം മൂലമാണ്. നാലാംവര്‍ഷ അപേക്ഷകരെയും 70 വയസ് കഴിഞ്ഞ അപേക്ഷകരെയും റിസര്‍വേഷന്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി കൊണ്ടുപോകാനുള്ള തീരുമാനം കേരളം പോലെ അപേക്ഷകര്‍ കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്ക് ഗുണകരമാണ്. ഈ കാറ്റഗറിയില്‍ തീര്‍ഥാടകരുടെ എണ്ണം വരും വര്‍ഷങ്ങളില്‍ വര്‍ധിക്കും. ഹറം നവീകരണം നടക്കുന്നതിനാല്‍ 2020 വരെ കൂടുതല്‍ ക്വാട്ട ലഭിക്കുവാനുള്ള സാധ്യത കുറവാണ്. നിലവില്‍ 20 ശതമാനം കുറവാണ് ഹറം നവീകരണവുമായി ബന്ധപ്പെട്ട് നമ്മുക്ക് വന്നിരിക്കുന്നത്. ഇന്ത്യയില്‍ നിലവില്‍ ജനസംഖ്യാനുപാതികമായ ക്വാട്ട സംവിധാനമാണ് തുടരുന്നത്. അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ചുള്ള ക്വാട്ട സംവിധാനം കേന്ദ്രഹജ്ജ് കമ്മിറ്റിയുടെ ആലോചനയിലില്ല.
സഊദി സര്‍ക്കാരും മുസ്്‌ലിം ജനസംഖ്യാനുപാതികമായിട്ടാണ് ഹജ്ജ് ക്വാട്ട വിതരണം ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ യു.പി യില്‍ നിന്നാണ്. 30000ത്തോളം സീറ്റ് അവര്‍ക്കുണ്ട്. അതിന് പിന്നിലായി കേരളം, കാശ്മീര്‍, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളുണ്ട്്. പശ്ചിമബംഗാള്‍ ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ കഴിഞ്ഞവര്‍ഷം അനുവദിച്ച ക്വാട്ടയില്‍ നിരവധി ക്യാന്‍സലേഷന്‍ ഉണ്ടായി. ഇതിനെ തുടര്‍ന്ന് ആ ക്വാട്ട കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് വീതംവച്ചുനല്‍കി.
ഇവിടങ്ങളില്‍ ഹജ്ജിന് പോകാന്‍ അപേക്ഷകര്‍ ഇല്ലാത്തതുകൊണ്ടല്ല. ആഗ്രഹിച്ച് അപേക്ഷനല്‍കുമെങ്കിലും യാത്ര പുറപ്പെടുന്ന സമയമാകുമ്പോള്‍ പണം കണ്ടെത്താന്‍ കഴിയാതെ വരുന്നതാണ് ക്യാന്‍സലേഷന്‍ കൂടാന്‍ കാരണം. ഇന്ത്യയില്‍ നിന്ന് സര്‍ക്കാര്‍ സംവിധാനം വഴി ഒരു ലക്ഷത്തി ഇരുപതിനായിരവും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍വഴി മുപ്പത്താറായിരവും തീര്‍ഥാടകരാണു പുറപ്പെടുന്നത്. കേരളത്തില്‍ നിന്നുതന്നെ വലിയ തോതിലാണ് അപേക്ഷവരുന്നത്. കേന്ദ്രഹജ്ജ് കമ്മിറ്റിയും സര്‍ക്കാരും കൂടുതല്‍ ക്വാട്ട അനുവദിച്ചുകിട്ടാനുള്ള സമ്മര്‍ദം തുടരും.
കേരളത്തില്‍ താന്‍ ഇതിനു മുന്‍പ് വന്നിട്ടുണ്ടെങ്കിലും കൊച്ചിയില്‍ ആദ്യമായാണെന്ന് ശൈഖ് മുഹമ്മദ് സലീം പറഞ്ഞു. കൊച്ചിയിലെ താല്‍ക്കാലിക സംവിധാനങ്ങള്‍ മികവുറ്റതാണ്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വീണ്ടും ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി വന്നത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനമികവിനുള്ള അംഗീകാരമാണ്. തന്റെ നാടായ മഹാരാഷ്ട്രയില്‍ ഉള്‍പ്പെടെ കേരളത്തിന്റെ പ്രവര്‍ത്തനം മാതൃകയാക്കാന്‍ കഴിയുന്നതാണ്.
കേരളത്തിന്റെ മാതൃകപരായ നിര്‍ദേശങ്ങളെ ഹജ്ജ് കമ്മിറ്റി എപ്പോഴും സ്വാഗതം ചെയ്തിട്ടുണ്ടെന്നും ഹജ്ജിന്റെ കാര്യത്തില്‍ മുസ്‌ലിംസംഘടനകള്‍ കാണിക്കുന്ന സൗഹാര്‍ദപരമായ സഹവര്‍ത്തിത്വം മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ശൈഖ് മുഹമ്മദ് സലീമിനൊപ്പം മസ്താന്‍ ആദില്‍, മന്‍സൂരി മുസമ്മില്‍ എന്നിവരാണ് കൊച്ചിയിലെ താല്‍ക്കാലിക കേന്ദ്രഹജ്ജ് കമ്മിറ്റി ഓഫിസില്‍ പ്രവര്‍ത്തിക്കുന്നത്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."