പുതിയ സാധ്യതകളിലേക്ക് വാതിൽ തുറക്കുന്ന കരാർ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദർശനത്തിനിടെ ഉഭയകക്ഷി വ്യാപാരങ്ങളിൽ ഇന്ത്യൻ രൂപയും യു.എ.ഇ ദിർഹവും വിനിമയത്തിന് ഉപയോഗിക്കാനുള്ള സുപ്രധാന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരിക്കുന്നു. ഇടപാടുകളിൽ ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.ഒപ്പം, യു.എ.ഇയിലുള്ളവർക്കും ഇന്ത്യയിലുള്ളവർക്കും തമ്മിൽ യു.പി.ഐ(യൂനിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റർഫേസ്) വഴി പണമിടപാട് നടത്താൻ സഹായിക്കും വിധം ഇന്ത്യയുടെ യു.പി.ഐ - യു.എ.ഇ വികസിപ്പിക്കുന്ന ഇൻസ്റ്റന്റ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോം(ഐ.പി.പി) ബന്ധിപ്പിക്കാനും കരാറിൽ ധാരണയായി.
ഇന്ത്യയുടെ രണ്ടാമത്തെ വിദേശ ഐ.ഐ.ടി കാംപസ് അബുദബിയിൽ തുടങ്ങാനും ധാരണാപത്രം ഒപ്പിട്ടു. ഡൽഹി ഐ.ഐ.ടിയുടെ കാംപസാണ് തുറക്കുന്നത്.
പ്രത്യാശാഭരിതമായ സാധ്യതകളിലേക്കാണ് പുതിയ കരാർ വാതിൽ തുറക്കുന്നത്. ബ്രിട്ടിഷുകാർക്കും ഡച്ചുകാർക്കും പോർച്ചുഗീസുകാർക്കും മുമ്പ് അറബികൾ ഇന്ത്യയിലെ വാണിജ്യ, വ്യാപാര പങ്കാളികളാണ്. ഇന്ത്യയിൽ നിന്നെത്തുന്ന സുഗന്ധവ്യഞ്ജനങ്ങളും അരിയും മറ്റുമായിരുന്നു അറബുദേശത്തെ വാണിജ്യത്തിന്റെ നട്ടെല്ല്. അറേബ്യൻ മുത്തുകളും കല്ലുകളും ഈന്തപ്പഴവും കരുത്തുള്ള അറേബ്യൻ കുതിരകളുമെല്ലാം അവർ ഇന്ത്യയിലേക്കുമെത്തിച്ചു. അറബ് സംസ്‌കാരവും ഭക്ഷണശീലങ്ങളും അവർ നമുക്കും തന്നു.
ഇന്ത്യയുടെ അറേബ്യൻ ബന്ധം ഒരിക്കലും അവഗണിക്കാനോ തിരസ്‌കരിക്കാനോ ആവാത്തവിധം കെട്ടുപിണഞ്ഞു കിടക്കുന്നതാണ്.
ഗൾഫ് നാടുകൾ മുത്തുകൾ വാരിയെടുത്ത് വ്യാപാരം തുടങ്ങിയ കാലത്ത് അറേബ്യൻ മുത്തുകൾ സംസ്‌കരിക്കാൻ എത്തിച്ചിരുന്നത് മുംബൈയിലായിരുന്നു. അന്നത്തെ മുത്തുവ്യാപാരം നടന്നിരുന്നത് ഇന്ത്യൻ രൂപയിലും. സഉൗദി അറേബ്യ ഒഴികെയുള്ള രാജ്യങ്ങളിൽ നാണയം ഇന്ത്യൻ കറൻസിയായിരുന്നു. ബ്രിട്ടിഷുകാരാണ് ഇത് തുടങ്ങിയതെങ്കിലും ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയതിനുശേഷവും ഇതു തുടർന്നു. ബഹ്‌റൈനിൽ ദിനാറിനെ രൂപയെന്ന് വിളിക്കുന്ന പഴയ തലമുറ ഇപ്പോഴുമുണ്ട്. ഗൾഫ് നാടുകൾ എണ്ണ സമ്പന്നമായതിനുശേഷവും ഈ കൊടുക്കൽ വാങ്ങലുകൾ തുടർന്നു. എണ്ണപ്പണംകൊണ്ട് അറേബ്യൻ നഗരങ്ങൾ കണ്ണഞ്ചിക്കുന്നത് ഇന്ത്യൻ തൊഴിലാളികളൊഴുക്കിയ വിയർപ്പിന്റെ ശക്തിയിലാണ്.
സമാന്തരമായി അറബ് പണം കേരളം അടക്കമുള്ള ഇന്ത്യൻ സംസ്ഥാനങ്ങളെ സമ്പന്നമാക്കി. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള പുതിയ കരാറുകളെ ഇതിന്റെ തുടർച്ചയായി കാണണം. കഴിഞ്ഞവർഷം ഇന്ത്യയും യു.എ.ഇയും തമ്മിൽ 2000 കോടി ഡോളറിന്റെ വ്യാപാരമാണ് നടന്നത്. ഈ വർഷം ആദ്യപാദത്തിൽ എണ്ണയിതര വ്യാപാരത്തിൽ 24.7 ശതമാനത്തിന്റെ വർധനയുണ്ടായി. യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതിയും 22 ശതമാനം കൂടി. പുതിയ കരാറിലൂടെ യു.എ.ഇയുമായുള്ള വ്യാപാരത്തിൽ ഡോളറിന്റെ ആവശ്യം കുറയും. അതോടെ രൂപ സ്ഥിരത നേടുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. രൂപയെ ദിർഹമിലേക്കും തിരിച്ചും മാറ്റുന്നതിന് ഇടയിൽ ഡോളർ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതിലൂടെ കറൻസി മാറ്റത്തിൽ പണം നഷ്ടപ്പെടുന്നതിനുള്ള സാധ്യതയും ഇല്ലാതാകും. സമയലാഭവും മറ്റൊരു നേട്ടമാണ്.
പ്രവാസികൾ എക്‌സ്‌ചേഞ്ച് വഴിയും ബാങ്കുകൾ വഴിയും പണം കൈമാറ്റം ചെയ്യുമ്പോൾ ദിർഹം ഡോളറാക്കിയും തുടർന്ന് ഡോളർ രൂപയാക്കിയുമാണ് നാട്ടിലെ അക്കൗണ്ടിലെത്തുന്നത്. ഈ സങ്കീർണത ഇല്ലാതാകും. യു.പി.ഐ ഇടപാടുകൂടി വരുമ്പോൾ രാജ്യത്തേക്ക് പണമയക്കൽ കൂടുതൽ ലളിതമാവും. ഇന്ത്യയിൽ ഒരാൾക്ക് യു.പി.ഐ വഴി പണമയയ്ക്കുന്ന അതേ വേഗത്തിൽ യു.എ.ഇയിലെ ബാങ്ക് അക്കൗണ്ടും ഫോൺ നമ്പറുമുള്ളവർക്കും പണമയക്കാം. ഇതുവരെ ഇന്ത്യൻ ഡെബിറ്റ്, ക്രഡിറ്റ് കാർഡുകൾ യു.എ.ഇയിൽ ഉപയോഗിക്കുമ്പോൾ മറ്റേതെങ്കിലും രാജ്യാന്തര സേവനദാതാവിന്റെ സഹായം വേണ്ടിയിരുന്നു. കരാറോടെ യു.എ.ഇ കാർഡ് ഇന്ത്യയിലും സമാനരീതിയിൽ ഉപയോഗിക്കാം.
യു.എ.ഇയും ഇന്ത്യയുമായുള്ള ഡിജിറ്റൽ കറൻസി ഇടപാടും വൈകാതെ സാധ്യമായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ സഹകരണത്തിന് കഴിഞ്ഞ മാർച്ചിൽ റിസർവ് ബാങ്കും യു.എ.ഇ സെൻട്രൽ ബാങ്കും ധാരണാപത്രം കൈമാറിയിരുന്നു. ഡൽഹി ഐ.ഐ.ടിയുടെ കാംപസ് സ്ഥാപിക്കുന്നതിനുള്ള ചെലവിൽ ഒരു പങ്ക് യു.എ.ഇയാണ് വഹിക്കുന്നത്. 2024 ജനുവരിയിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളും 2024 സെപ്റ്റംബറിൽ ബിരുദ കോഴ്‌സുകളും ആരംഭിക്കാനാണ് തീരുമാനം. അതിവേഗത്തിൽ കാംപസ് സാധ്യമാകുമെന്നാണ് അതിനർഥം. പുതിയ കരാറോടെ ഇന്ത്യൻ വിപണിയുടെ ഭാഗമായി യു.എ.ഇയും യു.എ.ഇ വിപണിയുടെ ഭാഗമായി ഇന്ത്യയും മാറുമെന്നതാണ് ഇതിന്റെ ഒറ്റനോട്ടത്തിലുള്ള നേട്ടം.
കയറ്റുമതിയിലും ഇറക്കുമതിയിലും പണവും സമയവും ലാഭിക്കാൻ ഇതിലൂടെ കഴിയും.സ്വർണം ഇറക്കുമതിയിലും ചണം, കശുവണ്ടി, നാണ്യവിളകൾ ഉൾപ്പെടെയുള്ള സാധനങ്ങളുടെ കയറ്റുമതിയിലും വലിയ മാറ്റങ്ങളാണ് കരാറുണ്ടാക്കാൻ പോകുന്നത്. പ്രാദേശിക കറൻസി ഡോളറിലേക്കു മാറ്റി വീണ്ടും മറ്റൊരു പ്രാദേശിക കറൻസിയിലേക്കു മാറ്റുമ്പോൾ ഉണ്ടാകുന്ന മൂല്യനഷ്ടവും ചാർജുകളും പുതിയ രീതി ഇല്ലാതാക്കും. ഇടപാടുകൾക്കിടയിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറുമായി മാറുന്നതാണ് മൂല്യനഷ്ടമുണ്ടാക്കുന്നത്. ഇന്ത്യയിൻ ഉൽപാദകരിൽനിന്നു രൂപ നൽകി വാങ്ങുന്ന സാധനങ്ങൾ ഡോളറിലൂടെ ഇടപാട് നടത്തിയാണ് യു.എ.ഇയിലേക്ക് കയറ്റുമതി ചെയ്യുന്നത്.
അത് യു.എ.ഇ മാർക്കറ്റിൽ വിൽക്കുമ്പോൾ കിട്ടുന്ന ദിർഹം വീണ്ടും ഡോളറാക്കി ഇന്ത്യയിലേക്ക് എത്തിച്ച് അത് രൂപയാക്കിയാണ് കയറ്റുമതിക്കാർക്ക് കച്ചവടത്തിന്റെ തുക ലഭിക്കുന്നത്. ഈ മാറ്റങ്ങൾക്കെല്ലാം ചാർജുകൾ നൽകണം.
നിലവിൽ ഡോളർ ഉപയോഗിച്ച് ഏതു രാജ്യവുമായും വ്യാപാരം നടത്താം. എന്നാൽ, രൂപ ഉപയോഗിച്ചുള്ള വ്യാപാരം എല്ലാ രാജ്യങ്ങളിലും സാധ്യമല്ല. യു.എ.ഇയുമായുള്ള കരാർ മറ്റു പല രാജ്യങ്ങൾക്കും ഇന്ത്യയുമായി കരാറിലേർപ്പെടാനുള്ള പ്രേരണയാവും. 2022 ജൂലൈയിലാണ് രാജ്യാന്തര വ്യാപാരം ഇന്ത്യൻ രൂപയിൽ നടത്താൻ റിസർവ് ബാങ്ക് അനുമതി നൽകിയത്.
നേപ്പാൾ, ഭൂട്ടാൻ ഒഴികെയുള്ള രാജ്യങ്ങളുമായുള്ള വ്യാപാരം ഡോളർ, പൗണ്ട് സ്റ്റെർലിങ്, യൂറോ, യെൻ തുടങ്ങിയ കറൻസികളിൽ ആയിരിക്കണമെന്ന ചട്ടമാണ് എടുത്തുകളഞ്ഞത്. ഈ പരിഷ്‌കരണത്തിന്റെ ഗുണപരമായ ആദ്യ ചുവടുവയ്പ്പായി മാറുകയാണ് യു.എ.ഇയുമായുള്ള കരാർ.
Content Highlights:Editorial About India Uae Relation
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."