മാറട്ടെ നൈപുണ്യവികസനവും
മാറുന്ന ലോക തൊഴിൽ സംസ്കാരവും വിനിമയരീതിയും അവസരങ്ങളിൽ പ്രകടമാവുന്ന അതിവേഗതയും നമ്മുടെ ബിരുദതലത്തിലെന്നല്ല സ്കൂൾതലത്തിൽതന്നെ അഭിമുഖീകരിക്കപ്പെടേണ്ടതാണ്. പാഠ്യപദ്ധതികളുടെ പരിഷ്കരണങ്ങൾ കേവലം ചടങ്ങുകളാവാതെ ഇൻ്റേൺഷിപ്പ്, ഇൻഡസ്ട്രി എൻകേജ്മെന്റ് തുടങ്ങിയവ സമഗ്രമായി തന്നെ ഉൾക്കൊള്ളിക്കേണ്ടതാണ്. നിലവിലുള്ള ചിതറിയ ശ്രമങ്ങളെ സമഗ്രവും വ്യവസ്ഥാപിതവുമാക്കി മാറ്റുക എന്ന ശ്രമകരമായ ദൗത്യം അടിയന്തരമായി ഏറ്റെടുക്കണം.
പഠനത്തിന്റെ പ്രായോഗിക പരിശീലനത്തിനു മാത്രം സ്ഥാപനങ്ങളെ ആശ്രയിക്കുന്ന രീതിയിലേക്കാണ് ലോക ക്രമത്തിൽ വിദ്യാർഥികൾ മാറിക്കൊണ്ടിരിക്കുന്നത്. ബാക്കിയെല്ലാം ഓൺലൈൻ വഴിയും! എന്തുകൊണ്ട് ഇത്തരത്തിലുള്ള മുന്നേറ്റം നമുക്കും ആയിക്കൂടാ?സാങ്കേതിക പുരോഗതി കാരണം തൊഴിൽ വ്യവസ്ഥയിൽ മാറുന്ന സ്വഭാവം തിരിച്ചറിഞ്ഞ് ഡിജിറ്റൽ സമ്പദ് വ്യവസ്ഥയ്ക്ക് ആവശ്യമായ കഴിവുകളുടെ വികസനം പ്രോത്സാഹിപ്പിക്കൽ അത്യന്താപേക്ഷിതമാണ്. ആർട്ടിഫിഷൽ ഇന്റലിജൻസ്, ബ്ലോക് ചെയിൽ ഓട്ടോമേഷൻ തുടങ്ങിയ വളർന്നുവരുന്ന സാങ്കേതിക വിദ്യകളിൽ രാഷ്ട്രം മുന്നോട്ട് പോകുമ്പോൾ തൊഴിലവസരങ്ങളിലും നൈപുണ്യവികസനത്തിലുമുള്ള ശ്രമങ്ങൾ അനിവാര്യമാണ്. എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തി എല്ലാവർക്കും ശോഭനമായ ഭാവി സൃഷ്ടിക്കാൻ ഇത് കാരണമായിത്തീരും.
ശരിയായ മനുഷ്യവിഭവശേഷിയുണ്ടെങ്കിൽ, രാജ്യം മത്സരാധിഷ്ഠിതമായ അഭിവൃദ്ധി കൈവരിക്കും. പുതിയ ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും ഉണ്ടായിവരും. ഉൽപ്പാദനക്ഷമമായ സമ്പദ്‌വ്യവസ്ഥയായി നമ്മുടേത് മാറാനും ഇതു വഴിയൊരുക്കും. കഴിവുകൾ പരിപോഷിപ്പിക്കുന്നതിലൂടെയും വികസിപ്പിക്കുന്നതിലൂടെയും നൈപുണ്യവികസനത്തിന് ഒരാളുടെ കാഴ്ചപ്പാടും തൊഴിൽ സാധ്യതകളും വിശാലമാക്കാൻ കഴിയും. ഇത് കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള ഉപകരണമാണ്, കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാൻ സഹായിക്കുന്നു.
നൈപുണ്യവികസന പരിശീലനങ്ങൾ രാജ്യത്തെ തൊഴിൽസാധ്യതയെ എങ്ങനെ ബാധിക്കുന്നു എന്ന് മനസ്സിലാക്കാൻ ഗവേഷകർ ശ്രമിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയോ നൈപുണ്യ വിദ്യാഭ്യാസം പരിഗണിക്കാതെ ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയോ കരിയർ കൗൺസിലിങ്ങിലും നൈപുണ്യത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയോ ചെയ്താൽ മാത്രം മതിയാകില്ല എന്ന നിഗമനത്തിലാണ് ഇതിലൂടെ ഗവേഷകർ എത്തിച്ചേർന്നത്.
സാങ്കേതികവും കൈമാറ്റം ചെയ്യാവുന്നതുമായ കഴിവുകൾ വികസിപ്പിക്കുന്നതിന് ഓരോരുത്തരും പരിശ്രമിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
2026 ആകുമ്പോൾ ഇന്ത്യയുടെ ശരാശരി പ്രായം 29 ആകും, അത് ആഗോള ശരാശരിയിൽ ഏറ്റവും കുറവാണ്. ലോകത്തിൽ ഏറ്റവും അധികം യുവാക്കളുള്ള ഇന്ത്യയുടെ ജനസംഖ്യാപരമായ ലാഭവിഹിതത്തെ ലോകം ഉറ്റുനോക്കുകയാണ്. വിദ്യാഭ്യാസം എന്നത് വ്യക്തിക്ക് കിട്ടുന്ന കേവലം മാർക്കുകളുടെ ആകത്തുകയോ അല്ലെങ്കിൽ അവ മുദ്രണം ചെയ്ത കടലാസ് പത്രമോ ആവാതെ, മാറിവരുന്ന തൊഴിൽ മേഖലകളിലേക്ക് ആവശ്യമായ നിപുണികൾ ആത്മവിശ്വാസത്തോടെ നേടിയെടുക്കാനുള്ള കളരികളായി മാറണം.
ഇത്തരം സ്വാംശീകരണങ്ങൾ വ്യക്തിയുടെയും മാനവരാശിയുടെയും മുന്നോട്ടുള്ള പ്രയാണത്തെ ത്വരിതപ്പെടുത്താൻ ഉതകുന്നതുമാവേണ്ടതുണ്ട്.
(ഡോ. എം.എൻ മുഹമദുണ്ണി അലിയാസ് മുസ്തഫ കേരള കേന്ദ്ര സർവകലാശാല അധ്യാപകനും ജീവിതനിപുണി വിദ്യാഭ്യാസ സെൻ്റർ ഡയരക്ടറുമാണ്. ഷിഫാലി ടി.വി കേരള കേന്ദ്ര സർവകലാശാല ഗവേഷകയാണ്)
Content Highlights:Today's Article About Work Culture
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."