'രാഷ്ട്രീയ പരീക്ഷണങ്ങളില്‍ അടിപതറാത്ത നേതാവ്; അധികാരത്തിന്റെ ഉയരങ്ങളില്‍ ഒറ്റക്കിരിക്കാന്‍ ആഗ്രഹിക്കാത്ത ജനനായകന്‍': വി.ഡി. സതീശന്‍
രാഷ്ട്രീയ പരീക്ഷണങ്ങളില്‍ അടിപതറാത്ത നേതാവ്; അധികാരത്തിന്റെ ഉയരങ്ങളില്‍ ഒറ്റക്കിരിക്കാന്‍ ആഗ്രഹിക്കാത്ത ജനനായകന്‍: ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് വി.ഡി. സതീശന്‍
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിക്ക് ആദരമര്‍പ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളികള്‍ക്കും ആശ്വാസത്തിന്റെ പ്രതീകമായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് വി.ഡി സതീശന്‍ അനുസ്മരിച്ചു. തീക്ഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളില്‍ അടിപതറാതെ നിന്ന വ്യക്തിയായിയിരുന്നു അദ്ദേഹമെന്നും കേരളക്കാര്‍ക്ക് പ്രതീക്ഷയുടെയും സാന്ത്വനത്തിന്റെയും പ്രതീകമായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നും പ്രതിപക്ഷ നേതാവ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു. കീറല്‍ വീണ ഖദര്‍ ഷര്‍ട്ടിന്റെ ആര്‍ഭാട രാഹിത്യമാണ് പുതുപ്പള്ളിക്കാരനായ രാഷ്ട്രീയ നേതാവിനെ ജനങ്ങളുടെ ആരാധനാ പാത്രമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം.
ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു ആ പേര്… സാന്ത്വനവും പ്രതീക്ഷയുമായിരുന്നു…
പോകാത്ത സ്ഥലവും കാണാത്ത ജനവുമുണ്ടാകില്ല… തീഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളില്‍ അടിപതറാതെ ആ പുതുപ്പള്ളിക്കാരന്‍ ജ്വലിച്ച് നിന്നു. കീറല്‍ വീണ ഖദര്‍ ഷര്‍ട്ടിന്റെ ആര്‍ഭാടരാഹിത്യമാണ് ഉമ്മന്‍ ചാണ്ടിയെ ആള്‍ക്കൂട്ടത്തിന്റെ ആരാധനാപാത്രമാക്കിയത്. കയറിപ്പോകാനുള്ള ഏണിപ്പടികളായി ഉമ്മന്‍ ചാണ്ടി ഒരിക്കലും ജനത്തെ കണ്ടില്ല. അധികാരത്തിന്റെ ഉയരങ്ങളില്‍ ഒറ്റയ്ക്കിരിക്കാന്‍ ആഗ്രഹിച്ചതുമില്ല. അക്ഷരാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്ക് സ്വന്തമായിരുന്നു. ഉമ്മന്‍ ചാണ്ടിയെ പോലെ മറ്റൊരാളില്ല. കേരളത്തിന്റെ ജനനായകന്‍ യാത്രയായി. എന്റെ പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സാറിന് വിട.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."