ഉമ്മന്‍ചാണ്ടിയും ആന്റണിയും; സൗഹൃദവും രാഷ്ട്രീയവും
ഉമ്മന്‍ചാണ്ടിയും ആന്റണിയും; സൗഹൃദവും രാഷ്ട്രീയവും
രാഷ്ട്രീയത്തില്‍ എക്കാലത്തും എ.കെ ആന്റണിയുടെ തൊട്ടുതാഴെ ഉമ്മന്‍ചാണ്ടി ഉണ്ടായിരുന്നു. ആന്റണി കെ.എസ്.യു പ്രസിഡന്റായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടി ജനറല്‍ സെക്രട്ടറിയായിരുന്നു. ആന്റണി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായപ്പോള്‍ ഉമ്മന്‍ചാണ്ടി കെ.എസ്.യു പ്രസിഡന്റായി. പിന്നീട് കെ.പി.സി.സി പ്രസിഡന്റും മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായി ഉയര്‍ന്നപ്പോഴൊക്കെ ആന്റണിയോടൊപ്പം, എന്നാല്‍ തൊട്ടുതാഴെ ഉമ്മന്‍ചാണ്ടിയും ഉണ്ടായിരുന്നു. ഇന്ദിരാ ഗാന്ധിയോട് പിണങ്ങി കോണ്‍ഗ്രസ് വിടുകയും ആ വിഭാഗം ആന്റണി പക്ഷമായി രൂപപ്പെടുകയും 1980ല്‍ ഇ.കെ നായനാര്‍ നേതൃത്വം കൊടുത്ത ഇടതുമുന്നണി ഗവണ്‍മെന്റില്‍ ചേരുകയും ചെയ്തപ്പോഴും ആന്റണിയോടൊപ്പം ഉമ്മന്‍ചാണ്ടിയും ചേര്‍ന്നുനിന്നു. സി.പി.എമ്മുമായുള്ള കൂട്ടുകെട്ടവസാനിപ്പിച്ച് തിരികെ കെ. കരുണാകരനോടൊപ്പം കൂടിയപ്പോഴും ആന്റണിയും ഉമ്മന്‍ചാണ്ടിയും ഉണ്ടായിരുന്നു. കരുത്തനായിരുന്ന കരുണാകരനെതിരേ അതിരൂക്ഷമായ ആക്രമണം അഴിച്ചുവിട്ടതും ആന്റണിയും ഉമ്മന്‍ചാണ്ടിയും തോളോടു ചേര്‍ന്നുനിന്ന്. അവസാനം കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഇറക്കിവിട്ട് എ.കെ ആന്റണി മുഖ്യമന്ത്രിയായപ്പോഴും ഉമ്മന്‍ചാണ്ടി ഒപ്പംനിന്നു, പൂര്‍ണ പിന്തുണയോടെ.
കേരള രാഷ്ട്രീയത്തിലെ ഒരു വലിയ പ്രതിഭാസം തന്നെയാണ് ആന്റണി ഗ്രൂപ്പ്. എ.കെ ആന്റണിയുടെ പേരിലാണ് ഗ്രൂപ്പ് എങ്കിലും ഗ്രൂപ്പും ഗ്രൂപ്പ് പ്രവര്‍ത്തനവുമെല്ലാം എക്കാലവും ഉമ്മന്‍ചാണ്ടിയുടെ പൂര്‍ണ നിയന്ത്രണത്തില്‍ തന്നെയായിരുന്നു. എപ്പോഴും ആന്റണി തന്നെ മുന്നില്‍ നില്‍ക്കുകയും ചെയ്തു, ഒന്നാമനായി. തൊട്ടുതാഴെ രണ്ടാമനായി ഉമ്മന്‍ചാണ്ടിയും. എക്കാലവും രണ്ടാമനായിരിക്കാന്‍ വിധിക്കപ്പെട്ട നേതാവ്. ഒന്നാമനെ എന്നും ഒന്നാമനായി നിര്‍ത്താന്‍ പടപൊരുതിയ രണ്ടാമന്‍ ഉമ്മന്‍ചാണ്ടി. ഈ രണ്ടു നേതാക്കളും തമ്മില്‍ ഉണ്ടായിരുന്ന ഐക്യവും സൗഹൃദവും തികച്ചും അസാധാരണമായൊരു പ്രതിഭാസവുമായിരുന്നു.
എങ്കിലും ഉമ്മന്‍ചാണ്ടി നിയമസഭയിലെത്തിയതിന്റെ അന്‍പതാം വര്‍ഷം ആഘോഷിക്കാന്‍ തിരുവനന്തപുരത്ത് കെ.പി.സി.സി ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ ആന്റണി 2004ലെ രാജിക്കാര്യം ഊന്നിപ്പറഞ്ഞതെന്തിന്?. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു കേരളത്തില്‍ കനത്ത തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ് ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍തന്നെ രാജിവയ്ക്കാന്‍ തീരുമാനിച്ചതാണെന്നും പക്ഷേ, രാജി ഒന്നര മാസം വൈകിയത് ഹൈക്കമാന്റിന്റെ അനുമതി കിട്ടാത്തതു കൊണ്ടായിരുന്നുവെന്നുമാണ് ഡല്‍ഹിയിലിരുന്ന് ഓണ്‍ലൈനില്‍ പങ്കെടുത്ത ആന്റണി പറഞ്ഞുവച്ചത്.
ഇതിനൊരു പിന്നാമ്പുറമുണ്ട്. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി ഏറ്റതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ആന്റണിയെ ഒഴിവാക്കാന്‍ മുന്നണിക്കുള്ളിലും കോണ്‍ഗ്രസില്‍ തന്നെയും സംഘടിതനീക്കം നടന്നിരുന്നു. ഇതിനൊക്കെയും ഉമ്മന്‍ചാണ്ടിയാണ് നേതൃത്വം നല്‍കിയതെന്ന് റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. പല കേന്ദ്രങ്ങളില്‍നിന്നും ഹൈക്കമാന്റിനു മേല്‍ സമ്മര്‍ദം മുറുകിയതിനെ തുടര്‍ന്നായിരുന്നു ആന്റണിയുടെ രാജി. 2004 ഓഗസ്റ്റ് 28നു കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി എസ്.എന്‍.ഡി.പിയുടെ ചടങ്ങില്‍ പങ്കെടുക്കാന്‍ വന്ന ശേഷം മടങ്ങിപ്പോയപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍വച്ചാണ് ആന്റണി രാജിക്കാര്യം മാധ്യമപ്രവര്‍ത്തകരുടെ മുന്‍പാകെ വെളിപ്പെടുത്തിയത്. ഞാന്‍ രാജിവയ്ക്കുകയാണെന്ന ഒരേയൊരു വാചകം മാത്രമേ ആന്റണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞുള്ളൂ. അങ്ങേയറ്റം വികാരഭരിതനായിരുന്നു അദ്ദേഹം, അപ്പോള്‍. രാജിവയ്ക്കാനുള്ള താല്‍പര്യം നേരത്തെ ഹൈക്കമാന്റിനെ അറിയിച്ചപ്പോള്‍ പിന്‍ഗാമി ആരായിരിക്കണമെന്ന ചോദ്യത്തിന് ഉമ്മന്‍ചാണ്ടി തന്നെയായിരിക്കണമെന്നായിരുന്നു തന്റെ മറുപടിയെന്ന് ആന്റണി ഓണ്‍ലൈന്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. പിറ്റേന്ന് ഉമ്മന്‍ചാണ്ടിയെ ഫോണില്‍ വിളിച്ച് അടുത്ത മുഖ്യമന്ത്രിയായിരിക്കുമെന്നറിയിച്ചുവെന്നും പാര്‍ട്ടി നേതാക്കളെയും എം.എല്‍.എമാരെയും താന്‍ തന്നെ നേരിട്ട് വിളിച്ച് ഇക്കാര്യം പറഞ്ഞെന്നും ആന്റണി വിശദീകരിച്ചു. 2004 ഓഗസ്റ്റ് 28നായിരുന്നു ആന്റണിയുടെ രാജിപ്രഖ്യാപനം. പിറ്റേന്നു തന്നെ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നു. ആന്റണി തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടിയുടെ പേര് നിര്‍ദേശിച്ചത്. ഏകകണ്‌ഠേന തന്നെ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
അങ്ങനെ ഉമ്മന്‍ചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രിയായി. ഒന്നാമനായ ആന്റണിക്കു തൊട്ടുതാഴെ എക്കാലവും രണ്ടാമനായി കഴിഞ്ഞിരുന്ന ഉമ്മന്‍ചാണ്ടിയാണ് ഒന്നാം നമ്പര്‍ കാറിലെത്തി സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരുന്നത്. അതും അതുവരെ ഒന്നാമനായിരുന്ന എ.കെ ആന്റണി രാജിവച്ച ഒഴിവില്‍. ആന്റണിയുടെ രാജി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ചെലുത്തിയ സമ്മര്‍ദത്തിന്റെ ഫലമായിട്ടായിരുന്നുവെന്ന സംസാരം ബലപ്പെട്ടതും പത്രറിപ്പോര്‍ട്ടുകള്‍ വന്നതും ഇതുവരെ നിഷേധിക്കപ്പെട്ടിരുന്നില്ല. ഇപ്പോള്‍ ആന്റണി തന്നെ ഇതിനു വിശദീകരണവുമായി മുന്നോട്ടുവന്നിരിക്കുന്നു. 2004ലെ പരാജയത്തിന്റെ പേരില്‍ രാജിവയ്ക്കാന്‍ താന്‍ സ്വയം തീരുമാനിക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി. അതില്‍ ഉമ്മന്‍ചാണ്ടിക്ക് യാതൊരു പങ്കുമില്ലെന്നു പറയാതെ പറയുകയായിരുന്നു ആന്റണി. ഏതു പ്രതിസന്ധിയിലും വിശ്വസിക്കാവുന്ന അത്താണിയാണ് ഉമ്മന്‍ചാണ്ടിയെന്ന് പറയുകയും ചെയ്തു അദ്ദേഹം.
പാറപോലെ ഉറപ്പുള്ള ഒരു രാഷ്ട്രീയ കൂട്ടായ്മയാണ് ആന്റണിപക്ഷം. എപ്പോഴും ഈ വിഭാഗം ഉമ്മന്‍ചാണ്ടിയുടെ നിയന്ത്രണത്തിലായിരുന്നു. ആന്റണിയുടെ പേരിലുള്ള ഗ്രൂപ്പിന്റെ തലപ്പത്ത് അദ്ദേഹം തന്നെയായിരുന്നുവെങ്കിലും. ഉമ്മന്‍ചാണ്ടിയെപ്പോലെ ആന്റണിയോട് വളരെ ചേര്‍ന്നുനിന്നു പ്രവര്‍ത്തിച്ച നേതാവായിരുന്നു ചെറിയാന്‍ ഫിലിപ്പ്. തികച്ചും ലളിതമായ ജീവിതം നയിച്ച ആന്റണി വിവാഹം പോലും ഒഴിവാക്കി മാറിനിന്നപ്പോള്‍ ചെറിയാന്‍ ഫിലിപ്പും ആ വഴി പിന്തുടര്‍ന്നു. പക്ഷേ, 44ാം വയസില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ഡല്‍ഹിയില്‍ കഴിയവെ ഏകാന്തതയ്ക്കു പരിഹാരമായി കല്യാണം കഴിക്കാന്‍ ആഗ്രഹിച്ചുവെന്നും വിവരം ഉമ്മന്‍ചാണ്ടിയെ അറിയിച്ചുവെന്നും ഇതേ സമ്മേളനത്തില്‍ ആന്റണി വിവരിച്ചു. കനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ തന്നെ ആ ദൗത്യം ഏറ്റെടുത്തു. സഹപ്രവര്‍ത്തകയായിരുന്ന എലിസബത്തിന്റെ കാര്യം മുന്നോട്ടുവച്ചു. കത്തോലിക്കാ സമുദായക്കാരനായ ആന്റണിയുടെ വിവാഹം നടന്നത് പള്ളിയും പട്ടക്കാരനും പ്രാര്‍ഥനയും ശുശ്രൂഷയുമൊന്നുമില്ലാതെ ഉമ്മന്‍ചാണ്ടിയുടെ തിരുവനന്തപുരത്തെ വീട്ടില്‍. വീട്ടിലെത്തിയ രജിസ്ട്രാര്‍ വിവാഹം നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വിരലിലെണ്ണാവുന്നത്ര അതിഥികളും പത്രപ്രവര്‍ത്തകരും മാത്രമേ ചടങ്ങില്‍ പങ്കെടുക്കാനുണ്ടായിരുന്നുള്ളൂ. വിശ്വാസിയായ മറിയാമ്മ ചടങ്ങിനു തൊട്ടുമുന്‍പ് എലിസബത്തിനെയും കൂട്ടി വീടിനു മുകളിലേക്കു പായി. ഒരു ബന്ധുവും ഒപ്പമുണ്ടായിരുന്നു. മൂവരും മുട്ടുകുത്തിയിരുന്ന് പ്രാര്‍ഥിച്ചു. സിവില്‍ നിയമപ്രകാരം നടന്ന വിവാഹം കേരള സമൂഹത്തില്‍ വലിയ വാര്‍ത്തയാവുകയും ചെയ്തു.
കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സംഘര്‍ഷത്തിന്റെ നാളുകളായിരുന്നു അത്. ആന്റണിപക്ഷം കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കരുണാകരനെതിരേ ശക്തമായൊരു പ്രതിരോധനിര കെട്ടിപ്പടുത്തു. കേരളത്തിലെന്നല്ല, ദേശീയതലത്തിലും എ.കെ ആന്റണിയുടെ പ്രതിച്ഛായ ഏറെ വളര്‍ന്നു. സന്തതസഹചാരിയും ആന്റണി പക്ഷത്തെ പ്രമുഖനുമായ ചെറിയാന്‍ ഫിലിപ്പ് ആന്റണിയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചു. പക്ഷേ, അവസാനം ചെറിയാന്‍ ഫിലിപ്പ് ഉമ്മന്‍ചാണ്ടിയില്‍നിന്ന് അകന്നു. അങ്ങനെയൊരു അകല്‍ച്ചയ്ക്ക് ആന്റണി പക്ഷത്ത് സാധ്യതയില്ല. ഒന്നുകില്‍ ആന്റണിയോടും ഉമ്മന്‍ചാണ്ടിയോടും ചേര്‍ന്നുനിന്ന് ഗ്രൂപ്പിന്റെ ഭാഗമായി നില്‍ക്കുക. അല്ലെങ്കില്‍ പുറത്തുപോവുക. ഉമ്മന്‍ചാണ്ടിയെ എതിര്‍ത്ത ചെറിയാന്‍ ഫിലിപ്പ് ആന്റണിപക്ഷം വിട്ട് കരുണാകരനോട് ചേര്‍ന്നു. പിന്നെ കോണ്‍ഗ്രസ് രാഷ്ട്രീയം തന്നെ വിട്ട് സി.പി.എം സഹയാത്രികനായി. പിണറായി വിജയനുമായി അടുത്ത ചങ്ങാത്തത്തിലുമായി. ഉമ്മന്‍ചാണ്ടിയോട് എതിര്‍ത്ത് ആന്റണി പക്ഷത്ത് ആര്‍ക്കും തുടരാനാവില്ല.
മുഖ്യമന്ത്രി പദം രാജിവച്ച് എ.കെ ആന്റണി പിന്നീട് പ്രവര്‍ത്തനരംഗം ഡല്‍ഹിക്ക് മാറ്റി. ആഭ്യന്തര മന്ത്രിയായി തന്നെ എട്ടുവര്‍ഷം സേവനമനുഷ്ഠിച്ചു. ഇക്കാലമത്രയും ഉമ്മന്‍ചാണ്ടിയുമായി ഉണ്ടായിരുന്നത് നാമമാത്രമായ ബന്ധം മാത്രം. 2011ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതോടെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വൈരം വളരെ കുറഞ്ഞു. ഐ ഗ്രൂപ്പുകാരനായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുമായി വളരെ സൗഹൃദത്തിലുമായിരുന്നു, ആഭ്യന്തരമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള നിര്‍ബന്ധം അല്‍പം സംഘര്‍ഷമുണ്ടാക്കിയതൊഴിച്ചാല്‍. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രി സ്ഥാനത്തെത്തിയപ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് സ്പീക്കറായിരുന്ന ജി. കാര്‍ത്തികേയന്റെ പേരാണ് ഉമ്മന്‍ചാണ്ടിയും രമേശും ഒന്നിച്ച് ഹൈക്കമാന്റ് മുന്‍പാകെ വച്ചത്. പക്ഷേ, ഹൈക്കമാന്റ് നിയോഗിച്ചത് വി.എം സുധീരനെ. കേരളത്തിലെ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഹൈക്കമാന്റ് എന്നാല്‍ എ.കെ ആന്റണി തന്നെ. സുധീരന്റെ പേര് തീരുമാനിക്കുന്നതിനു പിന്നില്‍ രാജ്യസഭാംഗം പ്രൊഫ. പി.ജെ കുര്യനുമുണ്ടായിരുന്നു. കെ.പി.സി.സി പ്രസിഡന്റായി വന്ന വി.എം സുധീരന്‍ ആന്റണിപക്ഷത്തെ ശക്തനായിത്തന്നെയാണ് കെ.എസ്.യുവില്‍ തുടങ്ങി രാഷ്ട്രീയത്തില്‍ വളര്‍ന്നത്. പ്രൊഫ. കുര്യനും ആന്റണി പക്ഷത്തുനിന്ന് 1980 മുതല്‍ 1999 വരെ ആറുതവണ ലോക്‌സഭാംഗമായ ആള്‍. 2005ലും 2012ലും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കെ.പി.സി.സി പ്രസിഡന്റായി വന്ന വി.എം സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ അങ്കം കുറിച്ചു. ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റിന്റെ അവസാനവര്‍ഷം കോണ്‍ഗ്രസിനുള്ളിലെ പോര് മൂര്‍ച്ഛിക്കുന്നതാണു കണ്ടത്. ഭരണ വിഷയങ്ങളിലും കെ.പി.സി.സി അധ്യക്ഷന്‍ മുഖ്യമന്ത്രിയെ മുള്‍മുനയില്‍ നിര്‍ത്തി. ഭരണത്തുടര്‍ച്ച കണക്കുകൂട്ടി ഉമ്മന്‍ചാണ്ടി മുന്നോട്ടുപോയെങ്കിലും 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വന്‍ വിജയത്തോടെ ഭരണം പിടിച്ചു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി.
2017 മാര്‍ച്ച് 25ന് എം.എം ഹസ്സന്‍ കെ.പി.സി.സി പ്രസിഡന്റായി. 2018 ജലൈ ഒന്നാം തിയതി രാജ്യസഭാസ്ഥാനം ഒഴിഞ്ഞ പി.ജെ കുര്യനു പിന്നെ സീറ്റ് നിഷേധിക്കപ്പെട്ടു. ഇടഞ്ഞുനിന്ന കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ സാന്ത്വനിപ്പിക്കാന്‍ കെ.എം മാണിയുമായി ചര്‍ച്ച നടത്തിയ ഉമ്മന്‍ചാണ്ടിയും കൂട്ടരും സന്ധിയുടെ ഭാഗമായി കുര്യന്റെ സീറ്റ് ജോസ് കെ. മാണിക്ക് നല്‍കുകയായിരുന്നു. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയോട് അത്രകണ്ട് അടുപ്പം കാണിക്കാതിരുന്ന രാഹുല്‍ ഗാന്ധി പിന്നീട് ഉമ്മന്‍ചാണ്ടിയുമായി വളരെയടുത്തു. കേരളത്തില്‍ ഏറെ ജനസ്വാധീനമുള്ള നേതാവ് ഉമ്മന്‍ചാണ്ടിയാണെന്ന കാര്യം രാഹുല്‍ ഗാന്ധി അംഗീകരിക്കുകയായിരുന്നു.
എ.കെ ആന്റണിയും ഉമ്മന്‍ചാണ്ടിയുമായി ഇപ്പോള്‍ വളരെ അടുത്തിരിക്കുന്നു. 2004ല്‍ ഉമ്മന്‍ചാണ്ടി സമ്മര്‍ദം ചെലുത്തിയാണ് തന്നെ രാജിവപ്പിച്ചതെന്ന വര്‍ത്തമാനം ചരിത്രത്തില്‍നിന്ന് മായ്ച്ചുകളയാന്‍ ഉമ്മന്‍ചാണ്ടിയുടെ അന്‍പതാം വാര്‍ഷികാഘോഷത്തിലെ പ്രസംഗം ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തിരിക്കുന്നു അദ്ദേഹം. എന്തായാലും കോണ്‍ഗ്രസിന്റെ ചരിത്രമെഴുതുന്നവര്‍ക്ക് വളരെ പ്രധാനപ്പെട്ട പേരുകളാണ് എ.കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും. ഒപ്പം അവര്‍ തമ്മിലുണ്ടായിരുന്ന സൗഹൃദവും. അതില്‍ വീണ കറപ്പാടുകള്‍ മായിക്കുകയായിരുന്നു എ.കെ ആന്റണി.
ak-antony-about-oommen-chandy
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."