ബി.ജെ.പി നേതാവ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍; നിയമനം മാനദണ്ഡങ്ങള്‍ ലംഘിച്ച്
കൊച്ചി: വിരമിച്ച ഐ.പി.എസ് ഒഫിസറെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പദവിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. ബി.ജെ.പി നേതാവ് ഫാറൂഖ് ഖാനെയാണ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമിച്ചത്. ഐ.എ.എസ് ഓഫിസര്‍മാരെയാണ് സാധാരണ അഡ്മിനിസ്‌ട്രേറ്റര്‍ പദവിയില്‍ നിയമിക്കുക. ഇതാദ്യമായാണ് ഐ.എ.എസ് പദവിയില്ലാത്ത വിരമിച്ച പൊലിസ് ഉദ്യോഗസ്ഥനെ അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കുന്നത്. ഇത്തരം നിയമനങ്ങള്‍ക്ക് തങ്ങള്‍ക്ക് അധികാരമുണ്ടെന്നാണു കേന്ദ്രസര്‍ക്കാര്‍ ഭാഷ്യം. മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ വിജയകുമാറിനെ ഡല്‍ഹിയിലേക്കു മാറ്റിയ ഒഴിവിലേക്ക് ഡല്‍ഹിയിലെ മിസോറാം ഹൗസിലെ റസിഡന്‍ഷ്യല്‍ കമ്മിഷണറായിരുന്ന ഡോ. റണ്‍ബീര്‍ സിങ്ങിനെ നിയമിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ചുമതലയേല്‍ക്കുന്നതു നീണ്ടതോടെ ദാമന്‍ ദിയു അഡ്മിനിസ്‌ട്രേറ്റര്‍ വിക്രം ദേവ്ദത്തിനാണ് താല്‍ക്കാലിക ചുമതല.
സര്‍ക്കാര്‍ നടപടി രാഷ്ട്രീയലാക്കോടെയാണെന്ന ആരോപണവുമായി ദ്വീപിലെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഫാറൂഖ് ഖാനെ നിയമിച്ചതു ദ്വീപില്‍ ബി.ജെ.പിയെ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഫാറൂഖ് ഖാന്റെ നിയമനം ഭരണനിര്‍വഹണ തലപ്പത്തുനിന്ന് ഐ.എ.എസ് ഉദ്യോഗസ്ഥരെ തുടച്ചുമാറ്റുന്നതിനുള്ള തുടക്കമാണെന്നു രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നു. ഉദ്യോഗസ്ഥര്‍ക്കു പകരം രാഷ്ട്രീയക്കാരെ നിയമിക്കുന്നത് ഏറെ ആശങ്കയോടെയാണ് ദ്വീപ് നിവാസികള്‍ കാണുന്നത്. രാഷ്ട്രീയപ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥതലങ്ങളില്‍ എത്തുന്നതോടെ സ്വജനപക്ഷപാതത്തിനും അഴിമതിക്കും സാധ്യതയേറെയാണ്.
ജമ്മുകാശ്മീരിലെ ഷേര്‍ഇ കാശ്മിര്‍ പൊലിസ് അക്കാദമിയുടെ ചുമതലയിലായിരിക്കെ 2013ലാണ് ഖാന്‍ വിരമിച്ചത്. നിലവില്‍ നാഗാലാന്‍ഡ് അടക്കമുള്ള നോര്‍ത്ത്ഈസ്റ്റ് മേഖലയിലെ ബി.ജെ.പി സെക്രട്ടറി, ന്യൂനപക്ഷ മോര്‍ച്ച എന്നിവയുടെ ചുമതല വഹിക്കുന്നു. ജമ്മു കാശ്മിരിലെ ബി.ജെ.പിയുടെ മുന്‍ ഔദ്യോഗിക വക്താവായിരുന്നു. 2000ല്‍ നടന്ന പത്രിബാല്‍ വ്യാജ ഏറ്റുമുട്ടല്‍ വിവാദത്തില്‍ ആരോപണ വിധേയനായിരുന്നു. അഞ്ച് സാധാരണക്കാരെ ജീവനോടെ ചുട്ടുകൊന്നു എന്നാണ് ആരോപണം. നിരവധി വ്യാജ എറ്റുമുട്ടലുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചയാള്‍ എന്ന ആരോപണവും ഇദ്ദേഹത്തിനെതിരേയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."