ഉമ്മന്‍ ചാണ്ടിയുടെ സംസ്കാര ചടങ്ങുകള്‍ക്കായി രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്
ഉമ്മന്‍ ചാണ്ടിയുടെ സംസ്കാര ചടങ്ങുകള്‍ക്കായി രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്കാരം ചടങ്ങുകളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കും. നാളെ ജന്മ സ്ഥലമായ കോട്ടയം പുതുപ്പള്ളിയിലെ സെന്റ് ജോര്‍ജ് വലിയ പള്ളിയില്‍ വെച്ചാണ് ഉമ്മന്‍ ചാണ്ടിയുടെ സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്. നേരത്തെ ബംഗളുരുവില്‍ പൊതുദര്‍ശനത്തിന് വെച്ച ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്കാര ചടങ്ങുകളിലും കൂടി പങ്കെടുക്കാനായി രാഹുല്‍ കേരളത്തിലേക്കെത്തുന്നത്.
അതേസമയം ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ച് കൊണ്ടുള്ള വിലാപയാത്ര തിരുവന്തപുരത്ത് നിന്ന് മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അന്തിമോപചാരമര്‍പ്പിക്കാനായി വഴിയോരങ്ങളില്‍ കാത്ത് നില്‍ക്കുന്നത്. ജനത്തിരക്ക് കാരണം വളരെ സാവധാനമാണ് വിലാപ യാത്ര സഞ്ചരിക്കുന്നത്.
കോട്ടയത്തെത്തുന്ന ഭൗതിക ശരീരം കോട്ടയം ഡി.സി.സിയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് വൈകീട്ട് ആറിന് ഡി.സി.സി ഓഫീസിന് മുന്നില്‍ അന്തിപോമചാരമര്പ്പിക്കാന് അവസരം ഒരുക്കും. ശേഷം തിരുനക്കര മൈതാനിയില്‍ പൊതു ദര്‍ശനത്തിന് വെക്കും. രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബ വീട്ടില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് നാളെ ഉച്ചയോടെ മൃതദേഹം സെന്റ് ജോര്‍ജ് പള്ളിയില്‍ അടക്കം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."