ലോകത്തിലെ ശക്തമായ 12-മത്തെ പാസ്പോർട്ടായി യുഎഇ; 179 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പറക്കാം
ലോകത്തിലെ ശക്തമായ 12-മത്തെ പാസ്പോർട്ടായി യുഎഇ; 179 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പറക്കാം
ദുബൈ: പതിനഞ്ചാം സ്ഥാനത്ത് നിന്ന് മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി യുഎഇ പാസ്പോർട്ട്. ഇതോടെ യുഎഇ ലോകത്തിലെ ശക്തമായ പാസ്പോർട്ടുകളുടെ സ്ഥാനത്തിൽ 12-ാം സ്ഥാനത്ത് എത്തി. കഴിഞ്ഞ രണ്ട് വർഷങ്ങളായി തുടരുന്ന കുതിപ്പിന്റെ തുടർച്ചയാണ് നിലവിലെ സ്ഥാനക്കയറ്റം.
ചൊവ്വാഴ്ച വൈകി പുറത്തിറക്കിയ ഏറ്റവും പുതിയ ഹെൻലി പാസ്‌പോർട്ട് സൂചിക അനുസരിച്ചാണ് യുഎഇയുടെ സ്ഥാനം 12 ആയത്. ഇതോടെ യുഎഇ പാസ്‌പോർട്ട് ഉടമകൾക്ക് വിസ ഇല്ലാതെ 179 രാജ്യങ്ങളിലേക്ക് പറക്കാം. കഴിഞ്ഞ വർഷം അവസാനം 178 രാജ്യങ്ങളിലേക്കായിരുന്നു ഇത്തരത്തിൽ പറക്കാമായിരുന്നത്. ഇതാണ് ഒരു രാജ്യത്തെക്കൂടി ലിസ്റ്റിലേക്ക് ചേർത്തത്. കഴിഞ്ഞ ജൂലൈയിൽ 176 രാജ്യങ്ങളിലേക്കായിരുന്നു വിസയില്ലാതെ യാത്രചെയ്യാൻ സാധിച്ചിരുന്നത്. ഒരു വർഷം കൊണ്ട് മൂന്ന് രാജ്യങ്ങളെ കൂടി പട്ടികയിലേക്ക് ചേർക്കാൻ യുഎഇക്ക് കഴിഞ്ഞു.
2013 മുതൽ യുഎഇ വിസ രഹിത യാത്ര സ്കോറിലേക്ക് 107 ലക്ഷ്യസ്ഥാനങ്ങളാണ് ചേർത്തത്. അതിന്റെ ഫലമായി കഴിഞ്ഞ 10 വർഷത്തിനിടെ റാങ്കിംഗിൽ 44 സ്ഥാനങ്ങൾ കുതിച്ചുയർന്നു. 56-ൽ നിന്ന് 12-ാം സ്ഥാനത്തേക്കാണ് പത്ത് വർഷം കൊണ്ട് യുഎഇ മാറിയത്.
റാങ്കിംഗിൽ 28 സ്ഥാനങ്ങൾ മുന്നേറി 37-ാം സ്ഥാനത്തെത്തിയ കൊളംബിയയാണ് യുഎഇക്ക് പിന്നിൽ ഇത്തരം വലിയ ഒരു കുതിച്ച് ചാട്ടം നടത്തിയിട്ടുള്ളത്. എന്നാൽ രണ്ടാം സ്ഥാനത്തുള്ള കൊളംബിയയുടെ ഇരട്ടിയാണ് യുഎഇയുടെ വളർച്ച.
ഹെൻലിയുടെയും പങ്കാളികളുടെയും ഏറ്റവും പുതിയ റാങ്കിംഗ് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ (LATA) ഔദ്യോഗിക ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്.
ആഗോളതലത്തിൽ 52-ാം സ്ഥാനത്തുള്ള ഖത്തർ ജിസിസി മേഖലയിലെ രണ്ടാമത്തെ ശക്തമായ പാസ്‌പോർട്ടാണ്, കുവൈത്ത് (54), ബഹ്‌റൈൻ (59), ഒമാൻ (60), സൗദി അറേബ്യ (61) എന്നിവയാണ് തൊട്ടുപിന്നിൽ.
ആഗോളതലത്തിൽ, അഞ്ച് വർഷത്തിനിടെ ആദ്യമായി ജപ്പാൻ ഒന്നാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇത്തവണ സിംഗപ്പൂരിനെയാണ് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടായി തിരഞ്ഞെടുത്തത്. ലോകമെമ്പാടുമുള്ള 227 യാത്രാ കേന്ദ്രങ്ങളിൽ 192 സ്ഥലങ്ങളും വിസയില്ലാതെ സന്ദർശിക്കാൻ കഴിയുന്നതാണ് ഒന്നാം സ്ഥാനം.
ജർമ്മനി, ഇറ്റലി, സ്പെയിൻ എന്നിവയെല്ലാം 190 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിത പ്രവേശനത്തോടെ രണ്ടാം സ്ഥാനം നേടി. ജപ്പാൻ മറ്റ് ആറ് രാജ്യങ്ങൾക്കൊപ്പമാണ് മൂന്നാം സ്ഥാനത്തെത്തിയത്. ഓസ്ട്രിയ, ഫിൻലാൻഡ്, ഫ്രാൻസ്, ലക്സംബർഗ്, ദക്ഷിണ കൊറിയ, സ്വീഡൻ എന്നിവയാണ് മറ്റു രാജ്യങ്ങൾ. മുൻകൂർ വിസയില്ലാതെ 189 രാജ്യങ്ങളിലേക്ക് ഇവർക്ക് യാത്ര ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."