ശ്രദ്ധിക്കുക! ഈ ഏഴ് കാരണങ്ങള്‍ക്കൊണ്ട് നിങ്ങള്‍ക്കും യു.എ.ഇയില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയേക്കാം
ശ്രദ്ധിക്കുക! ഈ ഏഴ് കാരണങ്ങള്‍ക്കൊണ്ട് നിങ്ങള്‍ക്കും യു.എ.ഇയില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയേക്കാം
കൃത്യമായി ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടക്കാത്തവരാണോ നിങ്ങള്‍? അതോ യു.എ.ഇയിലെ ഏതെങ്കിലും ബാങ്കില്‍ നിന്ന് ലോണെടുത്ത് തിരിച്ചടക്കാന്‍ വൈകിയവരാണോ, എങ്കില്‍ സൂക്ഷിക്കുക, നിങ്ങള്‍ക്ക് ചിലപ്പോള്‍ ഇനി ഒരിക്കലും യു.എ.ഇയിലേക്ക് കടക്കാന്‍ പോലും സാധിക്കാതെ വരാം. സംഗതി സത്യമാണ്.
യു.എ.ഇയിലെ ഫെഡറല്‍ അതോറിറ്റി പുറത്തിക്കിയ നിര്‍ദേശ പ്രകാരം ഏഴ് കാരണങ്ങളാല്‍ നിങ്ങളുടെ മേലൊരു യാത്രാ നിരോധനം വരാനുള്ള സാധ്യതയുണ്ട്. ചില കേസില്‍ യു.എ.ഇയില്‍ നിന്ന് പുറത്ത് കടക്കാന്‍ വരെ സാധിക്കാതെ വരുമെന്നാണ് പറയപ്പെടുന്നത്. വിലക്ക് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ രാജ്യത്തെ എല്ലാ ബോര്‍ഡറുകളിലും നിങ്ങളെ തടഞ്ഞുവെക്കും. പാസ്‌പോര്‍ട്ട് നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ പോലും നിങ്ങള്‍ക്ക് രാജ്യം വിടാന്‍ സാധിച്ചെന്ന് വരില്ല. കാരണം നിങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും യു.എ.ഇ സര്‍ക്കാരിന്റെ കയ്യില്‍ നേരത്തെ തന്നെ ഉണ്ടാവും.
യാത്രാവിലക്ക് കിട്ടാവുന്ന ഏഴ് കാരണങ്ങള്‍
- വിസ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി രാജ്യത്ത് തുടരുന്നവര്‍ക്കെതിരെ യു.എ.ഇ ഭരണകൂടം യാത്രാനിരോധനം ഏര്‍പ്പെടുത്തുന്നതാണ്. പിടിക്കപ്പെട്ടാല്‍ നിങ്ങളെ നാടുകടത്തുകയും പിന്നീട് തിരിച്ച് യു.എ.ഇയിലേക്ക് വരാന്‍ സാധിക്കാത്ത വിധം യാത്ര നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്യും.
- കാരണം ബോധിപ്പിക്കാതെ പണിക്ക് പോവാത്ത ജോലിക്കാര്‍ക്കാണ് അടുത്തതായി പണി കിട്ടാന്‍ പോവുന്നത്. യു.എ.ഇ തൊഴില്‍ നിയമപ്രകാരം കാരണമില്ലാതെ തുടര്‍ച്ചയായി ഏഴ് ദിവസം ജോലിക്ക് ഹാജരായില്ലെങ്കില്‍ മുതലാളിക്ക് നിങ്ങളുടെ മേല്‍ കേസ് ഫയല്‍ ചെയ്യാന്‍ സാധിക്കും. ഇങ്ങനെ വന്നാലും നിങ്ങളെ യു.എ.ഇയില്‍ കടക്കുന്നതില്‍ നിന്ന് വിലക്കാന്‍ സര്‍ക്കാരിനാവും. പിന്നീട് നിങ്ങളുടെ കമ്പനി മുതലാളി വിചാരിച്ചാല്‍ മാത്രമേ നിങ്ങളുടെ മേലുള്ള യാത്രാ നിരോധനം നീക്കാന്‍ സാധിക്കൂ. അല്ലെങ്കില്‍ നിങ്ങള്‍ നിരപരാധിയാണെന്ന് യു.എ.ഇയിലെ മാനവ വിഭവ വകുപ്പ് മന്ത്രാലയത്തില്‍ കേസ് നടത്തി തെളിയിക്കേണ്ടി വരും. അങ്ങനെ തെളിയിക്കാന്‍ സാധിച്ചാല്‍ നിങ്ങളുടെ മേലുള്ള യാത്രാ നിരോധനം മന്ത്രാലയം നേരിട്ട് എടുത്ത് കളയും.
- ബാങ്ക് വായ്പയില്‍ വീഴ്ച്ച വരുത്തിയവരാണ് മൂന്നാമത്. യു.എ.ഇയിലെ ഏതെങ്കിലും ബാങ്കില്‍ നിന്ന് ലോണെടുത്ത് തിരിച്ചടക്കാത്തവരോ അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളില്‍ കുടിശ്ശിക വരുത്തിയാലും നിങ്ങള്‍ക്ക് യാത്രാ വിലക്ക് കിട്ടാം. ഉദാഹരണത്തിന് നിങ്ങളെടെ ക്രെഡിറ്റ് കാര്‍ഡിന് 10,000 ദിര്‍ഹത്തിന്റെ സെക്യൂരിറ്റി ചെക്കാണ് നല്‍കിയതെന്ന് കരുതുക. പക്ഷെ പിന്നീട് നിങ്ങള്‍ തന്നെ അത് 50,000 ദിര്‍ഹമായി ഉയര്‍ത്തുകയും ചെയ്താല്‍ ക്രെഡിറ്റ് കാര്‍ഡ് ലിമിറ്റ് അവസാനിക്കുമ്പോള്‍ ബാങ്ക് നിങ്ങള്‍ക്ക് മേല്‍ കേസ് ഫയല്‍ ചെയ്യും. അങ്ങനെ വന്നാലും നിങ്ങളുടെ മേല്‍ ഉടനടി യാത്രാ വിലക്ക് ഏര്‍പ്പെടുത്തും. പിന്നീട് തുക മുഴുവന്‍ കൃത്യമായി തിരിച്ചടച്ചാല്‍ മാത്രമേ കേസില്‍ നിന്ന് ഊരിപ്പോരാന്‍ സാധിക്കൂ.
- വീട്ട് വാടക കൃത്യമായി കൊടുക്കാത്തവര്‍ക്കാണ് അടുത്ത പണി കിട്ടുന്നത്. വീടിന്റെ അറ്റകുറ്റ പണികള്‍ സമയത്ത് നടത്താതിരിക്കുകയോ, വാടക കോണ്‍ട്രാക്ട് പുതുക്കാതിരിക്കുകയോ ചെയ്താലും ഇതുതന്നെയാണ് അവസ്ഥ. വീട്ടുടമസ്ഥന്‍ നിങ്ങള്‍ക്കെതിരെ റെന്റല്‍ ഡിസ്പ്യൂട്ട് സെന്ററില്‍ പരാതിപ്പെട്ടാല്‍ മുഴുവന്‍ തുകയും അടച്ച് തീര്‍ക്കാതെ നിങ്ങള്‍ക്ക് യു.എ.ഇയില്‍ നിന്ന് പുറത്ത് പോകാന്‍ സാധിക്കില്ലെന്നര്‍ത്ഥം. മാത്രമല്ല പൊലിസ് കേസ് വേറെയും.
5. ക്രിമിനല്‍ കേസില്‍ പ്രതികളാവുന്നവരാണ് യാത്രാ നിരോധനം കിട്ടുന്ന മറ്റൊരു കൂട്ടര്‍. യു.എ.ഇയിലെ ഏതെങ്കിലും പൊലിസ് സ്റ്റേഷനില്‍ നിങ്ങള്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ടെങ്കില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ നിങ്ങള്‍ക്ക് രാജ്യം വിടാന്‍ സാധിക്കില്ല. മയക്ക് മരുന്ന് ഉപയോഗം, മറ്റൊരാള്‍ക്കെതിരെയുള്ള ആക്രമണം പോലുള്ള കേസുകളില്‍ പെട്ട് നാടുകടത്തിയവരാണെങ്കില്‍ പിന്നീടൊരിക്കലും യു.എ.ഇയില്‍ കാല്‍കുത്താന്‍ സാധിക്കില്ലെന്ന് ചുരുക്കം.
- മേല്‍ പറഞ്ഞ കുറ്റകൃത്യങ്ങള്‍ക്ക് പുറമെ മറ്റേതെങ്കിലും തരത്തിലുള്ള സിവില്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടാലും യാത്രാ വിലക്ക് വരാനുള്ള സാധ്യത കൂടുതലാണ്. ഉദാഹരണത്തിന് നിങ്ങള്‍ എതെങ്കിലും കമ്പനിയുടെ മാനേജരായി നില്‍ക്കുന്ന വ്യക്തിയാണെങ്കില്‍ കമ്പനിക്കെതിരെ ചുമത്തിയ കേസില്‍ സ്വാഭാവികമായും നിങ്ങളും പ്രതിചേര്‍ക്കപ്പെടാം. അല്ലെങ്കില്‍ കുടുംബ കോടതികളിലടക്കം ഉണ്ടായേക്കാവുന്ന കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടാലും നിങ്ങള്‍ക്കെതിരെ ആവശ്യാനുസരണം യാത്രാവിലക്ക് ചുമത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
7. പുതിയ നിയമപ്രകാരം കുടുംബക്കാര്‍ക്ക് വേണ്ടിയോ സുഹൃത്തുക്കള്‍ക്ക് വേണ്ടിയോ കോടതികളില്‍ ജാമ്യം നില്‍ക്കുന്നവരും കുടുങ്ങാനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ എത്ര കാലം ജാമ്യക്കാരനായി തുടരുന്നുവോ അത്രയും കാലം നിങ്ങള്‍ക്ക് പുറം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കില്ല. നിങ്ങളുടെ പാസ്‌പോര്‍ട്ടടക്കം പൊലിസ് പിടിച്ചെടുത്ത് സൂക്ഷിക്കുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."