കെ.എസ്.ആര്‍.ടി.സി സര്‍വീസ് തുടങ്ങി
തൃപ്രയാര്‍: 'ഒരു അയ്യന്തോള്‍' സിനിമാതാരം മഞ്ജുവാര്യര്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ മുന്‍ സീറ്റിലിരുന്ന് കണ്ടക്ടറോട് ആവശ്യപ്പെട്ടു. പുഞ്ചിരിച്ചു കൊണ്ട് വനിതാ കണ്ടക്ടര്‍ പണവും വാങ്ങി ടിക്കറ്റും നല്‍കി. അങ്ങനെ പുള്ളില്‍ നിന്ന് മനക്കൊടി വഴി അയ്യന്തോളിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസിന്റെ കന്നി സര്‍വീസിനു തുടക്കമായി. താരത്തിനൊപ്പം ഗീതാ ഗോപി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ വിജയകുമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും നാട്ടുകാരും. മഞ്ജു വാര്യരുടെ സ്വന്തം ഗ്രാമമായ പുള്ളില്‍ നിന്ന് സര്‍വീസ് ആരംഭിച്ച കെ.എസ്.ആര്‍.ടി.സി ബസിലാണ് സിനിമയിലല്ലാത്ത രംഗം.
ഇന്നലെ പുള്ള് സെന്ററില്‍ നിന്നായിരുന്നു ബസിന്റെ കന്നിയാത്ര ആരംഭിച്ചത്. കര്‍ഷക ഗ്രാമമായ പുള്ളിലെ മിക്കവരും ഉദ്ഘാടന ചടങ്ങില്‍ പങ്കാളികളായി. സ്ഥലം എം.എല്‍.എ ഗീതാ ഗോപിയുടെ ശ്രമഫലമായാണ് ഈ റൂട്ടില്‍ ബസ് സര്‍വീസ് ആരംഭിച്ചത്. പുള്ള് ഗ്രാമത്തിന്റെ മനസിന്റെ ഭംഗിയും വൃത്തിയും നൈര്‍മല്യവും വികസന പ്രവര്‍ത്തനങ്ങള്‍ക്കു പ്രചോദനമാകട്ടെയെന്ന് ആശംസിച്ച് മഞ്ജു വാര്യര്‍ കെ.എസ്.ആര്‍.ടി.സി ബസിനു പച്ചക്കൊടി വീശി. തൃശൂര്‍ മെഡിക്കല്‍ കോളജ് അയ്യന്തോള്‍ മനക്കൊടി പുള്ള് പെരിങ്ങോട്ടുകര, തൃപ്രയാര്‍ വഴി കഴിമ്പ്രം ബീച്ചിലേക്കാണ് ഈ ബസ് സര്‍വീസ് നടത്തുക. ദിവസേന രാവിലെ 9.30ന് കഴിമ്പ്രത്തു നിന്ന് സര്‍വീസ് ആരംഭിക്കും. തൃശൂരില്‍ നിന്ന് പുള്ള് മനക്കൊടി വഴി കാട്ടൂരിലേക്ക് ഒരു സ്വകാര്യ ബസും ഇന്നലെ മുതല്‍ സര്‍വീസ് തുടങ്ങി. ഉദ്ഘാടന യോഗത്തില്‍ ചാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത അരവിന്ദാക്ഷന്‍ അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ശ്രീദേവി, അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ദാസ്, ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, സഹകരണ സംഘം പ്രസിഡന്റുമാര്‍, തൃശൂര്‍ ഡി.ടി.ഒ വാസുദേവന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."