തെരുവു നായ്ക്കളെ കൊന്ന ദുരിതപൂര്‍ണമായ ഓര്‍മകളുമായി മാള സ്വദേശി പുരുഷോത്തമന്‍
മാള: തെരുവ് നായ്ക്കള്‍ മനുഷ്യ ജീവന് ഭീഷണിയായപ്പോള്‍ ലക്ഷക്കണക്കിന് നായ്ക്കളെ കൊന്നൊടുക്കുന്നതിനായി ദുര്‍ഘട വഴികളിലൂടെ നടത്തിയ യാത്രകളുടെ ദുരിതപൂര്‍ണ്ണമായ ഓര്‍മകളുമായി മാള സ്വദേശി പുരുഷോത്തമന്‍.
1960 മുതല്‍ 45 വര്‍ഷത്തോളം തെരുവ് നായ്ക്കളെ പിടിച്ചു കൊല്ലലായിരുന്നു പുരുഷോത്തമന്റെ ജോലി. പതിനഞ്ചാം വയസില്‍ തെരുവ് നായയുടെ കടിയേറ്റ വേദന അനുഭവിച്ചയാളാണ് പുരുഷോത്തമന്‍. അതുകൊണ്ടു തന്നെ ഇന്നും കടിയേറ്റ് പിടയുന്നയാളുടെ വേദന പുരുഷോത്തമന്റെ മനസിനെ നൊമ്പരപ്പെടുത്തുന്നുണ്ട്.
1960 കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നായ്ക്കളെ പിടിക്കാനും കൊല്ലാനും നേതൃത്വം നല്‍കിയത് പുരുഷോത്തമനായിരുന്നു.
നായ്ക്കളെ കൊല്ലാന്‍ സയനൈഡ് ഉപയോഗിക്കാനുള്ള ലൈസന്‍സ് അക്കാലത്ത് കേരളത്തില്‍ രണ്ട് പേര്‍ക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാളയില്‍ നായ്ക്കളെ പിടിക്കാനെത്തിയ പൊന്നന്‍ എന്നയാളുടെ കൂടെ നിന്നാണ് പരിശീലിച്ചത്. 1960 കാലഘട്ടത്തില്‍ നായ ഒന്നിന് അന്‍പത് പൈസ വീതമായിരുന്നു കൂലിയായി ലഭിച്ചിരുന്നത്.
നായ്ക്കളെ പിടിച്ച് കുത്തിവെച്ച് കൊന്ന ശേഷം കുഴിച്ചുമൂടുന്നത് വരെയുള്ള ജോലിക്കാണ് അന്‍പത് പൈസ ലഭിച്ചിരുന്നത്. പിന്നീട് ഘട്ടംഘട്ടമായി ഏഴ് രൂപ അന്‍പത് പൈസ വരെ ലഭിച്ചിരുന്നു. ഈ കാലഘട്ടത്തില്‍ അന്യ സംസ്ഥാനങ്ങളില്‍ 75 മുതല്‍ നൂറ് രൂപ വരെയായിരുന്നു കൂലി.
1970 മുതല്‍ കര്‍ണ്ണാടകം, തമിഴ്‌നാട്, മഹാരാഷ്ട്ര, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ തെരുവ് നായ്ക്കളെ പിടിക്കാന്‍ പുരുഷോത്തമന്‍ പോയിരുന്നു. നായ പിടിത്തം തൊഴിലാക്കിയ കാലഘട്ടത്തില്‍ നിരവധി പേര്‍ക്ക് പുരുഷോത്തമന്‍ പരിശീലനം നല്‍കിയിട്ടുണ്ട്.
72 കാരനായ പുരുഷോത്തമന്‍ കഴിഞ്ഞ എട്ട് വര്‍ഷമായി തെരുവ് നായ്ക്കളെ കൊല്ലുന്ന തൊഴില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഡി.കെ.ടി.എഫിന്റെ ജില്ലാ സെക്രട്ടറിയാണ് പുരുഷോത്തമന്‍. സംസ്ഥാനത്ത് ഈ തൊഴില്‍ ചെയ്തിരുന്നവരോട് നേരത്തെ തികഞ്ഞ അവഗണനയായിരുന്നുവെന്നാണ് പുരുഷോത്തമന്റെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."