സിഗ്നല്‍ പിഴവില്‍ കുതിച്ചെത്തിയ ഒഡീഷ ട്രെയിന്‍ ദുരന്തം; ഇനി തിരിച്ചറിയാനുള്ളത് 41 പേരുടെ മൃതദേഹം
സിഗ്നല്‍ പിഴവില്‍ കുതിച്ചെത്തിയ ഒഡീഷ ട്രെയിന്‍ ദുരന്തം; ഇനി തിരിച്ചറിയാനുള്ളത് 41 പേരുടെ മൃതദേഹം
ന്യൂഡല്‍ഹി: ഒഡിഷയിലെ ബാലസോര്‍ തീവണ്ടി ദുരന്തത്തിന്റെ കാരണം സിഗ്നല്‍ പാളിച്ചയെന്ന് വിശദമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. രാജ്യസഭയില്‍ എം.പിമാരുടെ ചോദ്യത്തിന് മറുപടിയായാണ് റെയില്‍വേ മന്ത്രാലയം റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കോണ്‍ഗ്രസ് എം.പി. മുകുള്‍ വാസ്‌നിക്, സി.പി.എം. എം.പി. ജോണ്‍ ബ്രിട്ടാസ്, ആം ആദ്മി പാര്‍ട്ടി എം.പി. സഞ്ജയ് സിങ് എന്നിവരുടെ ചോദ്യത്തിനാണ് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് മറുപടി നല്‍കിയത്. നോര്‍ത്ത് സിഗ്‌നല്‍ ഗൂംട്ടി സ്‌റ്റേഷനില്‍ മുമ്പ് നടത്തിയ സിഗ്‌നലിങ് സര്‍ക്ക്യൂട്ട് മാറ്റത്തിലെ പിഴവും 94ാം ലെവല്‍ ക്രോസിങ് ഗേറ്റിലെ ഇലക്ട്രിക് ലിഫ്റ്റിങ് ബാരിയര്‍ മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സിഗ്‌നലിങ് ജോലിയിലെ പാളിച്ചയും അപകടകാരണമായി. ഇത് കോറമാണ്ഡല്‍ എക്‌സ്പ്രസിന് തെറ്റായ ലൈനില്‍ ഗ്രീന്‍ സിഗ്‌നല്‍ ലഭിക്കാന്‍ കാരണമായെന്നും അശ്വനി വൈഷ്ണവ് രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു.
ദുരന്തത്തില്‍ 295 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും 176 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റതായും മുകുള്‍ വാസ്‌നിക്കിന്റെ ചോദ്യത്തിന് റെയില്‍വേ മന്ത്രാലയം മറുപടി നല്‍കി. 451 പേര്‍ക്ക് നിസാരപരുക്കുകളേറ്റതായും 180 പേര്‍ക്ക് പ്രഥമശ്രുശൂഷ നല്‍കി വിട്ടയച്ചതായും മന്ത്രാലയം വ്യക്തമാക്കി. ദുരന്തത്തില്‍ മരിച്ച 41 പേരെ ഇനിയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സമാനമായി ഉണ്ടായ സിഗ്‌നലിങ്ങിലെ പാളിച്ചകളെക്കുറിച്ചുള്ള വിവരങ്ങള്‍ ജോണ്‍ ബ്രിട്ടാസ് എം.പി. ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ റെയില്‍വേ മന്ത്രാലയം തയ്യാറായില്ല. പിഴവുകളുണ്ടായിട്ടുണ്ടെങ്കിലും ബാലസോറിന് സമാനമായ അപകടത്തിന് കാരണമായിട്ടില്ലെന്നാണ് ചോദ്യത്തിന് മറുപടി നല്‍കിയത്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനത്തിനായി 258 അപേക്ഷകള്‍ ലഭിച്ചതായും ഇതില്‍ 51 പേര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി. ജൂലായ് 16 വരെ 29.49 കോടി രൂപയുടെ നഷ്ടപരിഹാരമാണ് നല്‍കിയത്. തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങള്‍ ഭുവനേശ്വര്‍ എയിംസില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഡി.എന്‍.എ. പരിശോധനയ്ക്കുള്ള സാംപിള്‍ ന്യൂഡല്‍ഹി സി.എഫ്.എസ്.എല്ലിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."