കോൺഗ്രസുകാരെങ്കിലും പകർത്തുമോ ഈ ജീവിതം
കാലം കാത്തുവച്ചതായിരുന്നു ഇത്രയും ഹൃദയാർദ്രമായ ഒരു യാത്രാമൊഴി, ഉമ്മൻ ചാണ്ടിയെന്ന രാഷ്ട്രീയ നേതാവിന്. സ്വന്തം ജീവിതത്തിലൂടെയും വിയോഗത്തിലൂടെയും ഇൗ പുതുപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞ് വലിയൊരു സന്ദേശമാണ് കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയ്ക്കും പൊതുമണ്ഡലത്തിനും നൽകിയിരിക്കുന്നത്. ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ എത്രത്തോളം വേരൂന്നി എന്നതിന്റെ ദൃഷ്ടാന്തമാണ് തിരുവനന്തപുരം മുതൽ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിലെ കല്ലറവരെ നീണ്ട കണ്ണീരണിഞ്ഞ ജനസഞ്ചയം. അവർ മൂന്നരകോടി മനസിന്റെ മനുഷ്യരൂപങ്ങളായി കരഞ്ഞും വിലപിച്ചും നെടുവീർപ്പിട്ടും ഉമ്മൻ ചാണ്ടിയെന്ന ജനനായകന്റെ ചേതനയറ്റ ശരീരത്തിനൊപ്പം രണ്ടു പകലുകളും രാത്രികളും നടന്നുതീർത്തു. ഇനി ആ ജീവിതത്തിന്റെ ജ്വലിക്കുന്ന ഓർമകൾ നമ്മുടെ പൊതുസമൂഹത്തിന്റെ വികാസ പരിണാമത്തിന് എത്രമേൽ ഊർജം പകരുമെന്നാണ് കണ്ടറിയേണ്ടത്.
നയതന്ത്രത്തിന്റെ രാഷ്ട്രീയമല്ലായിരുന്നു ഉമ്മൻ ചാണ്ടിയുടേത്. ജനങ്ങൾക്കൊപ്പം നിന്ന, ജനങ്ങൾ എന്താഗ്രഹിച്ചോ അതിലേക്കുള്ള ചുവടുവയ്പ്പിന് പരിശ്രമിച്ച നേതാവായിരുന്നു അദ്ദേഹം. അതിന് മതത്തിന്റേയോ രാഷ്ട്രീയത്തിന്റേയോ വേർതിരിവില്ലായിരുന്നുവെന്നതാണ് ആ നേതാവിനെ അജയ്യനാക്കിയത്.
കേരളത്തിലെ ബഹുഭൂരിപക്ഷം സാധാരണക്കാരായ മനുഷ്യരുടെ മനസ് കീഴടക്കാൻ എങ്ങനെ ഉമ്മൻ ചാണ്ടിക്ക് ആയെന്ന് രാഷ്ട്രീയ കേരളം വിലയിരുത്തിയാൽ മാത്രം പോര, ആ പാത പിന്തുടരുകകൂടി വേണം. സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫിസുകളിൽ വരെ കുടുങ്ങിക്കിടന്ന ജീവിതങ്ങളുടെ ഫയൽ അഴിച്ച് അനേകർക്ക് പുതുജീവൻ നൽകിയതുതന്നെയാണ് ഉമ്മൻ ചാണ്ടിയുടെ ജനപ്രിയ ഗ്രാഫ് ഉയർത്തിയത്.
മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ജനസമ്പർക്ക പരിപാടിയിലൂടെ ലക്ഷങ്ങൾക്കാണ് ആശ്വാസം കിട്ടിയത്. പലരും സമാധാന ജീവിതത്തിലേക്ക് തിരിച്ചുവന്നു. വില്ലേജ് ഓഫിസിൽനിന്ന് നൽകാനാകുന്ന ചെറിയ ആശ്വാസമായിരിക്കും ഉമ്മൻ ചാണ്ടിയുടെ കൈയൊപ്പ് പതിഞ്ഞതുകൊണ്ട് കിട്ടിയത്. ഇപ്പോഴും ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന് പോലും ചുവപ്പുനാടയുടെ കുരുക്കഴിച്ച് അശരണർക്ക് ആശ്വാസമെത്തിക്കാൻ കഴിയുന്നില്ല. സർക്കാർ ഓഫിസുകളുടെ പടി ചവിട്ടി മടുത്ത മനുഷ്യരുടെ ദേഷ്യവും ദൈന്യതയും നമ്മുടെ സർക്കാർ ഓഫിസുകളുടെ ഇടനാഴികൾക്ക് പറയാനുണ്ട്.
കോട്ടയം ജില്ലയിലെ പുതുപ്പള്ളിക്കാർക്കു മാത്രമല്ല, കേരളത്തിലെ ഏതൊരാൾക്കും പേരെടുത്തു വിളിക്കാൻ കഴിയുന്നത്ര ജനകീയമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ലാളിത്യം, രാഷ്ട്രീയ പാഠശാലയിലെ അധ്യായമാക്കേണ്ടതാണ്. ജീവിതത്തിലുടനീളം ലാളിത്യം സ്വീകരിച്ച ആ നേതാവ് തന്റെ അന്ത്യസംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതികൾ പാടില്ലെന്ന് േനരത്തെ തന്നെ അറിയിച്ചു. പൊലിസിന്റെ തോക്കിൽ നിന്നുയരുന്ന വെടിമുഴക്കത്തിനേക്കാൾ കരുത്ത് ജനങ്ങളുടെ കണ്ഠങ്ങളിൽ നിന്നുയർന്ന മുദ്രാവാക്യം വിളികൾക്കുണ്ടെന്ന് ആ അന്ത്യാഞ്ജലി ചടങ്ങ് കാട്ടിത്തന്നു.
വൻ പ്രതിസന്ധികളെ അവസരങ്ങളായി മാറ്റാനും ഉമ്മൻ ചാണ്ടിക്ക് സാധിച്ചിട്ടുണ്ട്. പുതുപ്പള്ളി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽ നീലപ്പതാക പിടിച്ച് തുടങ്ങിയ ഏഴു പതിറ്റാണ്ടോളം നീണ്ടുനിന്ന പൊതുപ്രവർത്തനത്തിനിടയിൽ ഉമ്മൻ ചാണ്ടിയുടെ മുന്നിൽ ഏറെയും ഉണ്ടായിരുന്നത് പ്രതിസന്ധികൾതന്നെ. 1967ൽ കേരള വിദ്യാർഥി യൂനിയന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തും രണ്ടു വർഷത്തിനകം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തും എത്തിയ ഉമ്മൻ ചാണ്ടി, 1970ൽ പുതുപ്പള്ളിയിൽ നിയമസഭാ സ്ഥാനാർഥിയാവുമ്പോൾ 27 വയസായിരുന്നു. എതിരാളി സിറ്റിങ് എം.എൽ.എ സി.പി.എമ്മിലെ ഇ.എം ജോർജ്. പതിനായിരത്തിൽ താഴെ വോട്ടിന് വിജയിച്ച ഉമ്മൻ ചാണ്ടിയെ പിന്നീട് പതിനൊന്നു തവണ കൂടി പുതുപ്പള്ളിക്കാർ സ്വീകരിച്ചു. പഞ്ചായത്ത്, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ പലപ്പോഴും ഇടതുപക്ഷത്തിന് ഭൂരിപക്ഷം നൽകിയ പുതുപ്പള്ളി പക്ഷേ ഏത് കാറ്റിനും കോളിനും ഇടയ്ക്കും എതിരാളികൾ മാറി വന്നിട്ടും ഉമ്മൻ ചാണ്ടിക്കൊപ്പം ഉറച്ചുനിന്നു. ഇതിൽ ഏഴു വർഷം മുഖ്യമന്ത്രിക്കസേരയിലായിരുന്നു.
രാഷ്ട്രീയ പ്രതിയോഗികളെ ഏത് ഹീനമാർഗത്തിലൂടെയും ഇല്ലാതാക്കലാണ് അടിയുറച്ച പ്രത്യയശാസ്ത്ര പ്രതിബദ്ധതയെന്ന് ഇനിയും ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതു തിരുത്താൻ തന്നെയാണ് തിരുവനന്തപുരം മുതൽ പുതുപ്പള്ളിവരെ നീണ്ട ഉമ്മൻ ചാണ്ടിയെ അന്ത്യയാത്ര അയക്കാനായി എത്തിയ ജനം ആവശ്യപ്പെടുന്നതെന്ന കാര്യത്തിൽ സംശയമില്ല. സംസ്ഥാന സർക്കാരിന് ചില്ലിക്കാശിന്റെ നഷ്ടമുണ്ടാകാത്ത സോളാർ കേസിൽ ഉമ്മൻ ചാണ്ടിയുടെ രാജിക്കുവേണ്ടിയുള്ള എൽ.ഡി.എഫ് പ്രക്ഷോഭം കേരളം മറക്കാനിടയില്ല.
ജുഡീഷ്യൽ കമ്മിഷനു മുമ്പിൽ ലൈംഗിക ആരോപണ കേസിൽ 53 മണിക്കൂർ ഇരുന്ന് മൊഴി കൊടുത്ത ഉമ്മൻ ചാണ്ടിയേയും മറക്കില്ലാരും. അന്വേഷണവഴികളിലെല്ലാം അഗ്നിശുദ്ധി വരുത്തി തിരിച്ചുവന്ന ഉമ്മൻ ചാണ്ടി, സോളാർ കേസിന്റെ പിന്നിലെ നാടകത്തിന്റെ അവസാന രംഗങ്ങൾ കാണാതെയാണ് ഓർമയായിരിക്കുന്നത്. ഇനിയും ഒരു രാഷ്ട്രീയ നേതാവും ജനസേവനത്തിന്റെ പേരിൽ മനോവ്യഥയിൽ ഉലയാൻ ഇടവരാതിരിക്കാമെന്നെങ്കിലും നമുക്ക് കരുതാം.
ഉമ്മൻ ചാണ്ടി പകർന്നുനൽകിയ പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു സഞ്ചരിക്കാൻ അദ്ദേഹത്തിന്റെ പിൻമുറക്കാരെങ്കിലും ശ്രമിച്ചാൽ അത് കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്കായിരിക്കും ഇടയാക്കുക. വിദ്വേഷത്തിന്റേയും പകയുടേയും രാഷ്ട്രീയം മാറ്റിവച്ച് സഹാനുഭൂതിയും സഹജീവി സ്‌നേഹവും രാഷ്ട്രീയക്കാർ വശമാക്കിയാൽ കേരളം കവി ഭാവനയിലെ സുന്ദര, സുരഭില ഭൂമിയാകും. അതായിരിക്കട്ടെ ഉമ്മൻ ചാണ്ടിക്കുള്ള അന്ത്യാഞ്ജലി.
Content Highlights:Editorial about Ex cm oommen chandy
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."