വിദേശ പഠനം ഇനി നെതര്‍ലാന്‍ഡ്‌സില്‍; ലോകോത്തര കോഴ്‌സുകള്‍ ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പോടെ പഠിക്കാം; കൂടുതലറിയാം
വിദേശ പഠനം ഇനി നെതര്‍ലാന്‍ഡ്‌സില്‍; ലോകോത്തര കോഴ്‌സുകള്‍ ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പോടെ പഠിക്കാം; കൂടുതലറിയാം
വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മികച്ചൊരു ഓപ്ഷനാണ് നെതര്‍ലാന്‍ഡ്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്നതും അന്താരാഷ്ട്ര നിലവാരമുള്ളതുമായ ഒരുപാട് സര്‍വകലാശാലകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വിദേശ വിദ്യാഭ്യാസവും മികച്ച ജീവിത സാഹചര്യങ്ങളും തേടി കടല്‍ കടക്കുന്ന മലയാളി വിദ്യാര്‍ഥികളെ സംബന്ധിച്ച് പറ്റിയ സ്ഥലമാണ് ഇവിടം. 2022ല്‍ ലോകത്തിലെ മികച്ച യൂണിവേഴ്‌സിറ്റികളുടെ പട്ടികയില്‍ നെതര്‍ലാന്‍ഡ്‌സിലെ ഒമ്പത് യൂണിവേഴ്‌സിറ്റികളാണ് ഇടംപിടിച്ചത്. അതില്‍ തന്നെ ആംസ്റ്റര്‍ഡാം യൂണിവേഴ്‌സിറ്റിയും, Delft university of technologyയും ആദ്യ നൂറിലും ഇടംപിടിച്ചിരുന്നു. ഹേളണ്ടില്‍ പഠനാവശ്യത്തിനായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുകളും ഡച്ച് സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇതിലൂടെ കുറഞ്ഞ പണം ചെലവ് ചെയ്ത് മികച്ച യൂണിവേഴ്‌സിറ്റികളില്‍ നമുക്ക് പഠനം പൂര്‍ത്തിയാക്കാനും സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ https://www.studyinholland.nl/എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
സ്റ്റുഡന്റ് വിസ അപേക്ഷിക്കുന്നതെങ്ങനെ?
യൂറോപ്യന്‍ എകണോമിക് ഏരിയയില്‍ ഉള്‍പ്പെടാത്ത സ്വിറ്റ്‌സ്വര്‍ലാന്‍ഡ് ഒഴികെയുള്ള എല്ലാ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും നെതര്‍ലാന്‍ഡില്‍ പഠിക്കുന്നതിന് വിസ ആവശ്യമാണ്. നെതര്‍ലാന്‍ഡിലെ യൂണിവേഴ്‌സിറ്റികളില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാവാന്‍ നാല് മുതല്‍ ആറ് ആഴ്ച്ച വരെ സമയമെടുക്കും.
യൂണിവേഴ്‌സിറ്റി നിങ്ങളുടെ അപേക്ഷ സ്വീകരിച്ച് കഴിഞ്ഞാല്‍ അവര്‍ നിങ്ങളുടെ എല്ലാ ഡോക്യുമെന്റുകളും ഡച്ച് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് അയച്ച് കൊടുക്കും. ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ നിങ്ങള്‍ പ്രൊവിഷണല്‍ റസിഡന്‍സ് (താമസ) പെര്‍മിറ്റിന് അപേക്ഷിക്കണം. ഇത് ലഭിച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് ഹോളണ്ടിലേക്ക് പ്രവേശനം അനുവദിക്കൂ. നിങ്ങളുടെ വിസയുടെ അപേക്ഷ സ്വീകരിച്ച് മൂന്ന് മാസത്തിനുള്ളില്‍ ഡച്ച് എംബസിയില്‍ നിന്നോ, കോണ്‍സുലേറ്റ് ജനറലില്‍ നിന്നോ റെസിഡന്‍സ് പെര്‍മിഷന്‍ എടുത്താല്‍ മതിയാകും. മൂന്ന് മാസത്തിനുള്ളില്‍ എടുത്തില്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ അസാധുവാകാന്‍ സാധ്യതയുണ്ട്.
നിങ്ങള്‍ക്ക് ലഭിച്ച റെസിഡന്‍സ് കാര്‍ഡിന്റെ കാലാവധി എത്ര വര്‍ഷത്തെ കോഴ്‌സാണോ ചെയ്യുന്നത് അത്രയും വര്‍ഷത്തേക്ക് നീട്ടുന്നതാണ് അടുത്ത ഘട്ടം. പഠനകാലയളവിനോടൊപ്പം മൂന്ന് മാസത്തെ അധിക സമയത്തേക്കാണ് പെര്‍മിറ്റ് നീട്ടേണ്ടത്. ഇനി ഏതെങ്കിലും കാരണത്താല്‍ നിങ്ങളുടെ പെര്‍മിറ്റ് കാലഹരണപ്പെടുകയോ, അല്ലെങ്കില്‍ കുറച്ചധികം കാലം നിങ്ങള്‍ക്ക് അവിടെ തങ്ങേണ്ടി വരികയോ ചെയ്താല്‍ നിങ്ങള്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റിയിലെ അതത് ഡിപ്പാര്‍ട്ട്‌മെന്റില്‍ ചെന്ന് അപേക്ഷ പുതുക്കേണ്ടതാണ്.
വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍
നെതര്‍ലാന്‍ഡിലെ യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഡച്ച് ഗവണ്‍മെന്റ് വിവിധ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുകള്‍ നടത്തുന്നുണ്ട്.
അതില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ദി ഹോളണ്ട് സ്‌കോളര്‍ഷിപ്പാണ് അതില്‍ പ്രധാനപ്പെട്ടത്. ഡിഗ്രി, എം.എ കോഴ്‌സുകള്‍ ചെയ്യുന്ന കുട്ടികള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്. ഹോളണ്ടിലെ വിദ്യാഭ്യാസ മന്ത്രാലയവും സാംസ്‌കാരിക മന്ത്രാലയവും മറ്റ് യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്നാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. പഠനത്തിന്റെ ആദ്യ വര്‍ഷം 5000 യൂറോയാണ് സ്‌കോളര്‍ഷിപ്പ് തുക.
ഓറഞ്ച് നോളജ് പ്രോഗ്രാം സ്‌കോളര്‍ഷിപ്പാണ് മറ്റൊന്ന്. യൂണിവേഴ്‌സിറ്റി പുറത്തുള്ള ചെലവുകള്‍ക്കായി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. ട്യൂഷന്‍ ഫീസ്, വിസ, യാത്രാക്കൂലി, ഇന്‍ഷുറന്‍സ്, ജീവിതച്ചെലവുകള്‍ എന്നിവക്കായാണ് സ്‌കോളര്‍ഷിപ്പ് തുക അനുവദിക്കുക.
ഹോളണ്ടിലെ പ്രശസ്തമായ ലൈഡന്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളജുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദി ലൈഡന്‍ യൂണിവേഴ്‌സിറ്റി എക്‌സലന്‍സ് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമാണ് മറ്റൊന്ന്. 10,000 മുതല്‍ 15,000 യൂറോ വരെയാണ് സ്‌കോളര്‍ഷിപ്പ് തുക.
ഹോളണ്ടില്‍ ജീവിതച്ചെലവ് കൂടുതലാണോ?
ശരാശരി 300 യൂറോ മുതല്‍ 600 യൂറോ വരെയാണ് ഹോളണ്ടിലെ വാടക നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് തുക പിന്നെയും കുറയും. മാത്രമല്ല പല യൂണിവേഴ്‌സിറ്റികള്‍ക്ക് കീഴിലും വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രത്യേക ഹൗസിങ് സൗകര്യവും നല്‍കിവരുന്നുണ്ട്.
യാത്രാ ചെലവ് കുറക്കാനാണെങ്കില്‍ പറ്റിയ മാര്‍ഗം സൈക്കിളാണ്. സൈക്കിള്‍ യാത്രക്കാര്‍ക്കായി പ്രത്യേക പാതകളടക്കം നിര്‍മിച്ച് ഹോളണ്ട് സര്‍ക്കാരും ഈയൊരു മാര്‍ഗം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇനി ബസില്‍ യാത്ര ചെയ്യാനാണെങ്കില്‍ ഏകദേശം 2 യൂറോയാണ് ശരാശരി നിരക്ക്. സീസണ്‍ സയങ്ങളല്ലെങ്കില്‍ റെയില്‍ ടിക്കറ്റിന് 40 ശതമാനം വരെ കിഴിവും ലഭിക്കും.
ഭക്ഷണത്തിനാണെങ്കില്‍ മിതമായ നിരക്കില്‍ ആഹാരം കഴിക്കാനുള്ള ഈറ്റ് കഫേകള്‍ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം തന്നെ കാണാനാകും. എങ്കിലും സ്വന്തമായി ഉണ്ടാക്കി കഴിക്കുകയാണെങ്കില്‍ ചെലവ് കുറച്ചുകൂടി ചുരുക്കാം.
വാര്‍ഷിക നികുതി അടക്കേണ്ടി വരുമോ?
ഹോളണ്ടില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും നികുതി അടക്കണമെന്നാണ് ഗവണ്‍മെന്റ് നിര്‍ദേശം. പാര്‍ട്ട് ടൈമായും ഫുള്‍ ടൈമായും ജോലി ചെയ്യുന്ന വിദ്യാര്‍ത്ഥികളെ സംബന്ധിച്ചും നികുതി നല്‍കല്‍ നിര്‍ബന്ധമാണ്.
വ്യത്യസ്ത രീതിയിലാണ് രാജ്യത്ത് നികുതി പിരിക്കുന്നത്. നിങ്ങള്‍ ഏതെങ്കിലും സ്ഥാപനത്തില്‍ ജോലിയെടുക്കുന്നവരാണെങ്കില്‍ നികുതി പിടിച്ച് ബാക്കി തുകയാണ് ശമ്പളമായി കിട്ടുക. വെയ്ജ് ടാക്‌സ് ഇനത്തിലാണ് നികുതി കണക്കാക്കുന്നത്.
ജോലി ചെയ്യാത്തവരാണെങ്കില്‍ വര്‍ഷാവസാനം നിശ്ചിത തുക കണക്കാക്കി ഇന്‍കം ടാക്‌സ് അടക്കണം. ഓരോ വര്‍ഷവും ഏപ്രില്‍ 30 നുള്ളില്‍ ടാക്‌സ് അടക്കണമെന്നാണ് നിയമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."